ഇന്ന് അവരുടെ രണ്ടാം വിവാഹവാര്‍ഷിക ദിവസമാണ്... രാജേഷും സുചിത്രയും... കോളേജ് കാലം മുതല്‍
തുടങ്ങിയ ആത്മാര്‍ത്ഥ സ്നേഹം വിവാഹത്തില്‍ ചെന്നവസാനിച്ചു. ഏത് ബന്ധത്തേയും പോലെ ആദ്യ
കുറച്ചുമാസങ്ങള്‍ അവര്‍ക്കും ആഹ്ലാദത്തിന്റേത് മാത്രമായിരുന്നു.. പിന്നീട് കാര്യങ്ങള്‍ ചെറുതായി
മാറിത്തുടങ്ങി.. സുചിത്ര ചെറിയ ചെറിയ കാര്യങ്ങള്‍ക്കുപോലും രാജേഷിനുമേല്‍ കുറ്റങ്ങള്‍ കണ്ടെത്തി
വഴക്കടിക്കാന്‍ തുടങ്ങി. തന്നാല്‍ കഴിയുംവിധം സഹകരിച്ച് വഴക്കൊഴിവാക്കാന്‍ രാജേഷ് പരമാവധി
ശ്രമിച്ചുകൊണ്ടേയിരുന്നു ..
എന്നാല്‍ ഇന്ന്, സുചിത്ര തന്റെ കുറവുകള്‍ മനസ്സിലാക്കി, തെറ്റുകള്‍ മനസ്സിലാക്കി, വീണ്ടും രാജേഷിനെ
അവരുടെ പഴയ നാളുകളിലേക്ക് മടക്കികൊണ്ടുപോകാന്‍ അവന്‍റെ വരവിനായ് കാത്തിരിക്കയാണ്..
അവരുടെ ആ ചെറിയ ഫ്ലാറ്റിലെ കുഞ്ഞു മുറികള്‍ മുഴുവന്‍ അവള്‍ ഭംഗിയായി അലങ്കരിച്ചിടുണ്ട്..
രാജേഷിന്‍റെ ഇഷ്ടവിഭവങ്ങള്‍ അത്രയും മേശമേല്‍ വിശ്രമിക്കുന്നുണ്ട്.. പനിനീര്‍പ്പൂവുകള്‍ കൊണ്ടുമാത്രം
തയാറാക്കിയതാണ് അവളുടെ കയ്യിലിരിക്കുന്ന ആ ബൊക്ക; അതും അവള്‍ പ്രത്യേകം പറഞ്ഞ്
തയ്യാറാക്കിയത്.. ജോലിയുടെ അമിത ടെന്‍ഷനും അവളോടുള്ള രസചേര്‍ച്ചക്കുറവും ഇന്നത്തെ
ദിവസത്തിന്‍റെ
പ്രത്യേകത രാജേഷിന്‍റെ മനസ്സില്‍നിന്നും മായ്ച്ചുകളയുമോ എന്ന ചിന്ത സുചിത്രയെ വല്ലാതെ അലട്ടുന്നുണ്ട്..
ചുണ്ടില്‍ ഒരു ചെറുചിരിയോടെ കയ്യില്‍ ബൊക്കയുമേന്തി ബെഡില്‍ എന്തോ ആലോചിച്ചിരിക്കുമ്പോഴാണ്
കോളിങ്ങ്ബെല്‍ ശബ്ദം മുഴക്കിയത്..
ഒരു സ്വപ്നത്തില്‍നിന്ന് ഉണര്‍ന്നെന്നപോലെ അവള്‍ വാതില്‍ തുറക്കാന്‍ ഓടി.. താഴ് മെല്ലെ നീക്കി പതിയെ
വാതില്‍ തുറന്ന സുചിത്ര, രാജേഷിനെ അകത്തേക്ക് കയറാന്പോലും സമ്മതിക്കാതെ ബൊക്ക അവന്‍റെ
നെഞ്ചോടുചേര്‍ത്ത് അവനെ കെട്ടിപ്പിടിച്ചു. അവളുടെ ചുടുചുബനമേറ്റ് ഒരു നിമിഷനേരമെങ്കിലും രാജേഷ്
സ്തബ്ധനായി നിന്നുപോയി..
പിന്നീടുള്ള നിമിഷങ്ങളില്‍ അവര്‍ അവരുടെ പഴയ നിമിഷങ്ങളെ അനുസ്മരിപ്പിക്കും വിധം
ജീവിക്കുവായിരുന്നു... മങ്ങിയ മഞ്ഞ വെളിച്ചവും മുറിയില്‍ നിന്നുയര്‍ന്നുകേള്‍ക്കുന്ന പതിഞ്ഞ
ശബ്ദത്തിലുള്ള
സംഗീതവും അവരുടെ നിമിഷങ്ങള്‍ക്ക് കൂടുതല്‍ റൊമാന്റിക് പരിവേഷം നല്‍കി. അവര്‍ തമ്മില്‍
കണ്ടുമുട്ടിയതും പ്രണയം ആരംഭിച്ചതും പിന്നീടുള്ള സുന്ദര നിമിഷങ്ങളും അവര്‍ അന്യോന്യം
ഓര്‍ത്തെടുത്ത്
പങ്കുവച്ചു... രാജേഷിന്‍റെ നിര്‍ബന്ധപ്രകാരം അവള്‍ അവനോടൊന്നിച്ച് സംഗീതത്തിനൊപ്പം ചുവടുവയ്ക്കാന്‍
തുടങ്ങി.. ഇഴുകിച്ചേര്‍ന്ന ആ നിമിഷങ്ങള്‍ക്ക് ഭംഗം വരുത്തിക്കൊണ്ട് ഇടയ്യ്കെപ്പോഴോ അടുത്ത
മുറിയില്‍നിന്ന്
ഫോണ്‍ ചിലയ്ക്കാന്‍ തുടങ്ങി.... "ക്രിണീം...ക്രിണീം..."..
രാജേഷിന്‍റെ കരവലയത്തില്‍നിന്നും ഒരു കുസൃതിച്ചിരിയോടെ അവള്‍ ഫോണെടുക്കാന്‍ കുതറിയോടി..
"ഹലോ... ഇത് മിസ്റ്റര്‍ രാജേഷ് നായരുടെ വീടല്ലേ??!!!"..
"അതെ.. ആരാണ്..?..."..
" ഇത് സിറ്റി പോലീസ് സ്റ്റേഷനില്‍നിന്നാണ് വിളിക്കുന്നത്.. നിങ്ങള്‍ അദ്ദേഹത്തിന്‍റെ മിസ്സിസ് ആണോ??"...
"അതെല്ലോ.."..
"മാഡം.. സോറി ടു സേ.. അല്പം മുന്പ് ടൌണ്‍ മെയിന്‍ ജങ്ങ്ഷനില്‍ ഒരു ബസ് ആക്സിഡന്റ് നടന്നിരുന്നു..
നിങ്ങളുടെ ഭര്‍ത്താവിനെ ഗുരുതരമായ പരിക്കുകളോടെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല..
ഇത്തിരിമുന്പ് അദ്ദേഹം മരണത്തിന് കീഴടങ്ങി... "...
"ഏ..... എന്ത്..???!!!".. അമ്പരപ്പോടെ സുചിത്ര തുടര്‍ന്നു..
"നിങ്ങള്‍ എന്ത് അസംബന്ധമാണ് പറയുന്നത്.. അദ്ദേഹം ഇപ്പോഴും എന്റെയൊപ്പമുണ്ട്....!!"..
"മാഡം .. ഡോണ്ട് ബി നേര്‍വസ്... രണ്ടു മണിക്കൂര്‍ മുന്‍പായിരുന്നു സംഭവം... നിങ്ങള്‍ എത്രയും വേഗം
സിറ്റി ഹോസ്പിറ്റലിലെത്തി ബോഡി ഐഡന്റിഫൈ ചെയ്യണം..."... ഫോണ്‍ നിശ്ചലമായി...
സുചിത്രയുടെ കൈകളില്‍ നിന്നും റസീവര്‍ വഴുതി താഴെ വീണു.....
നിരഞ്ഞുതുളുമ്പിയ കണ്ണുകളും അതിനേക്കാളുപരി അമ്പരപ്പുമായി അവള്‍ ബെഡ്റൂമിലേക്ക് ഓടി...
കിടക്ക കാലിയായി കിടക്കുന്നു.... മുറി നിശബ്ദം...
"അപ്പോ.. അപ്പോ തന്നോടൊപ്പം ഇത്രയും നേരം ഉണ്ടായിരുന്നത്..!!!!!",.... വിങ്ങിപ്പൊട്ടിക്കൊണ്ട് അവള്‍
കിടക്കയില്‍ വീണു.. ആത്മാക്കള്‍ മരിച്ചാല്‍ തിരികെ പോകുംമുന്‍പേ അവര്‍ക്ക് പ്രിയപ്പെട്ടവരുടെ അരികില്‍
വരാറുണ്ട് എന്ന്‍ അവളും കേട്ടിട്ടുണ്ട്....
തനിക്കൊപ്പം മുറി ഇതത്രയും നേരം പങ്കിട്ടത് തന്‍റെ ഏട്ടന്‍റെ ആത്മാവായിരുന്നുവെന്ന് സത്യം അവള്‍ക്ക്
സഹിക്കാവുന്നതിനുമപ്പുറത്തായിരുന്നു.. സുചിത്ര ഏങ്ങി ഏങ്ങി കരഞ്ഞു....
വെറും നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി തന്‍റെ ഏട്ടനുമായി വഴക്കിട്ടതും ഏട്ടനെ കുറ്റപ്പെടുത്തിയതും
ഓര്‍ത്തോര്‍ത്ത്
അവള്‍ വിങ്ങിപ്പൊട്ടി.. പ്രായശ്ചിത്തം ചെയ്യാന്‍ പറ്റാത്തതിന്റെ വിഷമം അവളെ വല്ലാതെ കുത്തിനോവിച്ചു..
ഏട്ടന്‍റെ വിയോഗത്തില്‍ മനംനൊന്ത് എന്തോ തീരുമാനിച്ചുറപ്പിച്ചെന്നപോലെ തളര്‍ന്നു കിടക്കുന്ന സുചിത്ര
പെട്ടെന്നാണ്
ബാത്‌റൂമില്‍നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്..... കലങ്ങിയ കണ്ണുകളും അമ്പരപ്പുമോടെ അവള്‍
തലയുയര്‍ത്തിയപ്പോള്‍ വാതിലും തുറന്ന്‍ തലതോര്‍ത്തിക്കൊണ്ട് നടന്നുവരുന്ന രാജേഷിനെയാണ് കണ്ടത്...
വിട്ടുമാറാത്ത നടുക്കം അവളുടെ വാ തുറപ്പിച്ചു; കണ്ണ് മിഴിപ്പിച്ചു....
ഒന്നുമറിയാതെ കണ്ണാടിക്ക് മുന്നില്‍നിന്ന്‍ മുടിചീകുന്ന തിരക്കില്‍ രാജേഷ് സുചിത്രയോടായ് പറഞ്ഞു..
"സുചീ... ഇന്നൊരു സംഭവണ്ടായി.. വരുന്ന വഴിക്ക് ബസ്സില്‍ വച്ച് എന്‍റെ പേഴ്സ് ആരോ പോക്കറ്റടിച്ചു.... ഗേറ്റിന്
മുന്നിലെത്തി ഓട്ടോകാരന് പൈസ കൊടുക്കാന്‍ കീശ തപ്പിയപ്പോഴാ സംഭവം ഞാനുമറിയുന്നത്.. എന്‍റെ
ഭാഗ്യത്തിന് ബാഗില്‍ വേറെ കാശുണ്ടായിരുന്നു.. അല്ലെങ്കില്‍ നാണക്കേടായേനേ..... ഹി .. ഹി.. "...
നിഷ്കളങ്കമായ രാജേഷിന്‍റെ വാക്കുകള്‍ സുചിത്രയുടെ കണ്ണുകള്‍ പിന്നെയും നനയിപ്പിച്ചു...
"നിനക്കിതെന്തുപറ്റി.. നല്ലൊരു ദിവസായിട്ട് നീയെന്തിനാ കരഞ്ഞുപിടിച്ചിരിക്കുന്നത്..???...."..
രാജേഷ് കൂടുതലെന്തെങ്കിലും പറയാന്‍ തുടങ്ങുന്നതിനുമുന്‍പ് സുചിത്ര അവന്‍റെ വായ കൈകൊണ്ട്
പൊത്തി.. .. അവന്‍റെ നെഞ്ചിലേക്ക് തലചായ്ച്ച് ഇടറിയ ശബ്ദത്തില്‍ അവള്‍ മന്ത്രിച്ചു....
"ലവ് യൂ... ലവ് യൂ ഏട്ടാ... ലവ് യൂ സോ മച്ച്...."....
"ലവ് യൂ റ്റൂ ഡിയര്‍..".. രാജേഷ് അവളുടെ മുടിയിഴകള്‍ തലോടി തലചുംബിച്ചുകൊണ്ട് പറഞ്ഞു...
പിന്നീട് അത്താഴം കഴിക്കാന്‍ കൈകോര്‍ത്ത് നടന്നുപോകുമ്പോഴും മേശയ്ക്കഇരുവശവുമിരുന്ന്‍
തൊട്ടുരുമ്മി
ഭക്ഷണം കഴിക്കുമ്പോഴും സുചിത്ര രാജേഷിനെ തന്നെ ഇമവെട്ടാതെ നോക്കുന്നുണ്ടായിരുന്നു; ആദ്യമായി
കാണുന്നതെന്നപോലെ....
**************
ഈ ത്രെഡ് എനിക്ക് നിര്‍ദേശിച്ച എലാവര്‍ക്കും ഞാനെന്‍റെ കടപ്പാട് അറിയിച്ചുകൊള്ളട്ടെ...
മിഥുന്‍...

No comments:
Post a Comment