='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: ജന്മവും ഞാനും

Thursday, 10 April 2014

ജന്മവും ഞാനും



     ജന്മം.... അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജീവന്‍റെ ഒരു സ്പന്ദനമായി ഞാന്‍ തുടിച്ചുതുടങ്ങിയ

കാലം മുതല്‍ എനിക്ക് കൈവന്ന സുഹൃത്ത്.. അവനിലൂടെയായിരുന്നു ഞാന്‍ അന്ന്

പുറംലോകത്തെ അറിഞ്ഞിരുന്നത്... ഒടുവില്‍ ഭൂമിയിലേക്ക്‌ പിറന്നുവീണപ്പോഴും എന്‍റെ

കയ്യുംപിടിച്ചു അവനുമുണ്ടായിരുന്നു ഒപ്പം.. പിന്നീടങ്ങോട്ടുള്ള യാത്രയില്‍ അവന്‍ എനിക്ക്

കൂട്ടായി.. പലതും അവനെന്നെ പഠിപ്പിച്ചു.. അമ്മയുടെ ലാളനയും അച്ഛന്റെ വാത്സല്യവും

ആദ്യമായി എനിക്ക് കാട്ടി തന്നത് അവനായിരുന്നു.. നന്മയും തിന്മയും ഞാന്‍

വേര്‍തിരിച്ചറിഞ്ഞത് അവനിലൂടെയായിരുന്നു... ഞങ്ങളുടെ കണ്ണുകള്‍ പലതിനും സാക്ഷിയായി..

സഹതാപവും സന്തോഷവും നിസ്സഹായതയും നിറഞ്ഞ ഒത്തിരി മുഖങ്ങള്‍ ഞങ്ങള്‍ക്ക്

മുന്നിലൂടെ കടന്നു പോയി.... ഇളം പേടമാനുകളെ പിച്ചിച്ചീന്തി ചോരകുടിക്കുന്ന

ചെന്നായക്കൂട്ടങ്ങള്‍ വഴിയരികില്‍ സ്ഥിരം കാഴ്ചകളായി.... ഇതൊക്കെ കാണുമ്പോള്‍

പലപ്പോഴായി ഞാന്‍ അവനോടു ചോദിച്ചിട്ടുണ്ട് "എന്തിന് എന്നെ ഇവിടേയ്ക്ക് കൊണ്ടുവന്നു

നീ??".... മറുപടി ഒരു പുഞ്ചിരിയിലൊതുക്കും അവനപ്പോള്‍.....

     എനിക്ക് തികച്ചും അപരിചിതമായ വഴികളിലൂടെയായിരുന്നു ജന്മം എന്നെ

കൊണ്ടുപോയ്ക്കൊണ്ടിരുന്നത്.. കൂര്‍ത്തകല്ലുകളും, വഴുവഴുത്ത പാറകെട്ടുകളും പലപ്പോഴും

എന്റെ വഴി മുടക്കിയപ്പോള്‍ ജന്മം എനിക്ക് സഹായമായെത്തി... കൊച്ചുകുട്ടിയെ എന്നോണം

അവനെന്നെ പരിചരിച്ചു... കാലുകളില്‍ മുള്‍മുനയേറ്റു പലപ്പോഴും വഴിയരികില്‍ ഞാന്‍

തളര്‍ന്നിരുന്നപ്പോഴൊക്കെ  അവന്‍റെ വാക്കുകള്‍ എനിക്ക് മുന്നോട്ടേക്കുള്ള യാത്രയ്ക്ക്

പ്രജോദനമായി...

      യാത്രയ്ക്കിടയില്‍ എവിടെയോവച്ച്, വഴിയോരങ്ങളില്‍ മനോഹരങ്ങളായി അലങ്കരിച്ച

പന്തലുകളിലിരുന്നു "മരണം" എന്ന മാദകസുന്ദരി എനിക്കായി ഭക്ഷണമൊരുക്കി എന്നെ

വിളിക്കാന്‍ തുടങ്ങി.... ആദ്യമൊക്കെ ഞാന്‍ ആ വിളി കേട്ടില്ലെന്നു നടിച്ചെങ്കിലും

പിന്നീടെപ്പോഴേ ഞാന്‍ അവളില്‍ ആകൃഷ്ടനായി.. അവള്‍ക്കരികിലെക്കായി ഞാന്‍ പോകാന്‍

തുടങ്ങിയപ്പോഴൊക്കെയും ജന്മം എന്നെ തടഞ്ഞു.. അവള്‍ എനിക്ക് ഭക്ഷണം വച്ചുനീട്ടിയപ്പോള്‍

അവന്‍ എന്റെ കണ്ണുകള്‍ കൈകള്‍ കൊണ്ട് മൂടി എന്നോടായ് പറഞ്ഞു....

"ഇതൊന്നും നീ കാണരുത്.. നമുക്ക് ഇനിയും ഏറെ ദൂരം താണ്ടാനുണ്ട്.. നിനക്ക് നേര്‍ക്ക്‌ വച്ച്

നീട്ടിയ ഈ ഭക്ഷണത്തിനും ഇവള്‍ക്കും മുന്നില്‍ നീ  മയങ്ങിപ്പോയാല്‍ ഒന്നോര്‍ക്കുക...

ഇനിയങ്ങോട്ടുള്ള കഠിനമായ യാത്രകളില്‍ ഇനിയും നീ ക്ഷീണിച്ചെന്നു വരാം.. ഒരു തുള്ളി

വെള്ളത്തിനായി നീ പിടയുമ്പോഴും ഇപ്പൊ ഭക്ഷണം വച്ച് നീട്ടിയ ഈ കൈകള്‍ അന്നു നിനക്കു

നേര്‍ക്ക്‌ നീളില്ല... അപരിചിതമായ വഴികളില്‍ നരകിക്കുന്ന നിന്നെ നിസ്സഹായനായി

നോക്കിനില്‍ക്കാന്‍ മാത്രമേ അന്ന് എനിക്കും കഴിയുള്ളൂ.. അതിനാല്‍ വരിക ചങ്ങാതീ..

നിനക്കുള്ള ഭക്ഷണസ്ഥലവും സമയവും ഇതല്ല എന്ന് മനസ്സിലാക്കിയാലും.. നിന്നെ

ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്ന എന്റെ കടമ നിര്‍വഹിക്കാന്‍ എന്നെ അനുവദിച്ചാലും

സുഹൃത്തേ....  ദയവായി എന്നോടൊപ്പം പോന്നാലും..."....
  
ഉറ്റചങ്ങാതിയുടെ വാക്കുകളെ തള്ളിക്കളയാന്‍ എനിക്കാകുമായിരുന്നില്ല.. അതിനാല്‍

അവനോടൊപ്പം ഞാന്‍  യാത്ര തുടര്‍ന്നു..  പിന്നെയും പലതവണ പല രൂപത്തില്‍ എന്നെ

വിളിച്ച അവള്‍ക്കു നേരെ ഞാന്‍ സുഹൃത്തിനെയോര്‍ത്തു  മുഖം തിരിച്ചുനടന്നു... പക്ഷെ

അപ്പോഴും അവളെന്റെ മനസ്സിന്റെ ഏതോ കോണില്‍ സ്ഥാനം പിടിച്ചിരുന്നു....

     മരണത്തിന്റെ മാദകഗന്ധം എന്നെ മത്തു പിടിപ്പിച്ചുകൊണ്ടേയിരുന്നു.. എങ്ങനെയും

അവള്‍ക്കരികില്‍ എത്തണം എന്ന ചിന്ത എന്റെ മനസ്സില്‍ കലശലായി.. ഒരിക്കല്‍ ഞാന്‍

അതിനൊരു ശ്രമം നടത്തി.. ജന്മത്തിന്റെ കണ്ണുവെട്ടിച്ചു "ആത്മഹത്യ" എന്ന പുല്‍പരവതാനി

വിരിച്ച കുറുക്കുവഴിയിലൂടെ ഞാന്‍ മരണത്തിനടുത്തേക്ക് ഓടി.. പാതിദൂരം ഓടിയപ്പോഴേക്കും

എന്റെ കാലുകള്‍ വേദനിക്കാന്‍ തുടങ്ങി.. പരവതാനിയുടെ സ്ഥാനത്ത് കല്ലുകളും മുള്ളുകളും..

കാലുകളില്‍നിന്നു രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങി.. അപ്പോഴും അവള്‍ അകലെ നിന്നും എന്നെ

മാടി വിളിച്ചുകൊണ്ടേയിരുന്നു.. അവളുടെ വിളിയുടെ ശക്തിയില്‍  ശരീരത്തിന്റെ നിസ്സഹായത

മറന്ന്‍ ഞാന്‍ വീണ്ടും മുന്നോട്ടേക്കോടി... പക്ഷെ കാലുകള്‍ വയ്യെന്നായപ്പോള്‍, ശരീരം തളര്‍ന്നു

ഞാന്‍ വഴിയരികില്‍ വീണു.... എന്റെ കണ്ണുകള്‍ മങ്ങിത്തുടങ്ങിയിരുന്നു.. അവള്‍ എന്റെ

കണ്ണുകള്‍ക്ക്‌ മുന്നില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.. ജന്മത്തിന്റെ കൂട്ടും മരണത്തിന്റെ

സാമീപ്യവും നഷ്ടപെട്ട  കുറച്ചു നിമിഷങ്ങളായിരുന്നു പിന്നീട്... ഒടുവില്‍

അബോധാവസ്ഥയിലേക്ക് ഞാന്‍ കൂപ്പുകുത്തുമ്പോള്‍ ജന്മത്തിന്റെ വിളികള്‍ ചെറുതായി എന്റെ

ചെവികളില്‍ വന്നലയ്ക്കുന്നുണ്ടായിരുന്നു....

      കണ്ണുകള്‍ പതിയെ തുറന്നപ്പോള്‍ എനിക്കു മുന്നില്‍ തെളിഞ്ഞുവന്നത്‌ ജന്മത്തിന്റെ

മുഖമായിരുന്നു.. അവന്റെ മടിയില്‍ തലവച്ചു കിടക്കുവായിരുന്നു ഞാനപ്പോള്‍.... എന്റെ

കാലുകളിലെ മുറിവില്‍ അവന്‍ മരുന്ന് വച്ച് തന്നു... വേദനയാല്‍ ഉറങ്ങാന്‍ കഴിയാത്ത

എനിക്ക് അവന്‍ വീശി തന്നു.... പതിയെ, മുന്നോട്ടേക്കുള്ള യാത്രയ്ക്ക് അവന്‍ വീണ്ടുമെന്നെ 

പ്രാപ്തനാക്കി..  അവന്റെ വാക്കുകളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള എന്റെ പ്രവൃത്തിയില്‍ ജന്മം

ആകെ അസ്വസ്ഥനായിരുന്നു.. നിറകണ്ണുകളോടെ അവന്‍ അന്ന് എനിക്ക് മുന്നില്‍ ചൊരിഞ്ഞ

വാക്കുകള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു... ഇനിയും തന്നെ വിഡ്ഢി'യാക്കിക്കൊണ്ട്

അവള്‍ക്കരികിലെത്താന്‍ ശ്രമിക്കുകയാണെങ്കില്‍ എന്നെന്നേക്കുമായി എന്റെ കൂട്ട് വിട്ടുപോവും

എന്ന അവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ സ്ഥബ്ധനായി.. 

"അവനില്ലാത്ത ഞാന്‍" എനിക്ക് ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു... അപരിചിതമായ

അനന്തമായി പരന്നുകിടകുന്ന ജീവിതമാകുന്ന ഈ വഴിയില്‍ മറ്റാരാണ്‌ എനിക്ക്

കൂട്ടയുള്ളത്????.. ഈ യാത്രയുടെ ലക്‌ഷ്യം സഫലമാവണമെങ്കില്‍ അവനും എന്നോടൊപ്പം

കൂടിയേ തീരൂ....  ആയതിനാല്‍ ഇനിയെങ്കിലും ഞാന്‍ ജന്മത്തെ അനുസരിക്കേണ്ടിയിരിക്കുന്നു...

നല്ലൊരു സാരഥിയായി, നല്ലൊരു ചങ്ങാതിയായി അവനോടൊപ്പം യാത്ര തുടരേണ്ടിയിരിക്കുന്നു...

ലക്ഷ്യസ്ഥാനം എത്തുന്നതുവരേയും... എനിക്ക് വിളമ്പിവച്ചിരിക്കുന്ന അര്‍ഹതപെട്ട ഭക്ഷണം

ഒരുപിടി കഴിക്കുന്നതുവരെയും......
           

4 comments: