='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍

Sunday, 1 February 2015

വിവാഹ വാര്‍ഷികം

             

      ഇന്ന്‍  അവരുടെ രണ്ടാം വിവാഹവാര്‍ഷിക ദിവസമാണ്... രാജേഷും സുചിത്രയും... കോളേജ് കാലം മുതല്‍
തുടങ്ങിയ ആത്മാര്‍ത്ഥ സ്നേഹം വിവാഹത്തില്‍ ചെന്നവസാനിച്ചു. ഏത് ബന്ധത്തേയും പോലെ  ആദ്യ
കുറച്ചുമാസങ്ങള്‍ അവര്‍ക്കും ആഹ്ലാദത്തിന്റേത് മാത്രമായിരുന്നു.. പിന്നീട് കാര്യങ്ങള്‍ ചെറുതായി
മാറിത്തുടങ്ങി.. സുചിത്ര ചെറിയ ചെറിയ കാര്യങ്ങള്‍ക്കുപോലും രാജേഷിനുമേല്‍ കുറ്റങ്ങള്‍ കണ്ടെത്തി
വഴക്കടിക്കാന്‍ തുടങ്ങി. തന്നാല്‍ കഴിയുംവിധം സഹകരിച്ച് വഴക്കൊഴിവാക്കാന്‍  രാജേഷ് പരമാവധി
ശ്രമിച്ചുകൊണ്ടേയിരുന്നു ..

    എന്നാല്‍ ഇന്ന്, സുചിത്ര തന്റെ കുറവുകള്‍ മനസ്സിലാക്കി, തെറ്റുകള്‍ മനസ്സിലാക്കി, വീണ്ടും രാജേഷിനെ
അവരുടെ പഴയ നാളുകളിലേക്ക് മടക്കികൊണ്ടുപോകാന്‍ അവന്‍റെ വരവിനായ് കാത്തിരിക്കയാണ്..
അവരുടെ ആ ചെറിയ ഫ്ലാറ്റിലെ കുഞ്ഞു മുറികള്‍ മുഴുവന്‍ അവള്‍ ഭംഗിയായി അലങ്കരിച്ചിടുണ്ട്..
രാജേഷിന്‍റെ  ഇഷ്ടവിഭവങ്ങള്‍ അത്രയും മേശമേല്‍ വിശ്രമിക്കുന്നുണ്ട്.. പനിനീര്‍പ്പൂവുകള്‍ കൊണ്ടുമാത്രം
തയാറാക്കിയതാണ് അവളുടെ കയ്യിലിരിക്കുന്ന ആ ബൊക്ക; അതും അവള്‍ പ്രത്യേകം പറഞ്ഞ്
തയ്യാറാക്കിയത്..  ജോലിയുടെ അമിത ടെന്‍ഷനും അവളോടുള്ള രസചേര്‍ച്ചക്കുറവും ഇന്നത്തെ

ദിവസത്തിന്‍റെ
പ്രത്യേകത രാജേഷിന്‍റെ മനസ്സില്‍നിന്നും മായ്ച്ചുകളയുമോ എന്ന ചിന്ത സുചിത്രയെ വല്ലാതെ അലട്ടുന്നുണ്ട്..
ചുണ്ടില്‍ ഒരു ചെറുചിരിയോടെ കയ്യില്‍ ബൊക്കയുമേന്തി ബെഡില്‍ എന്തോ ആലോചിച്ചിരിക്കുമ്പോഴാണ്
 കോളിങ്ങ്ബെല്‍ ശബ്ദം മുഴക്കിയത്..

     ഒരു സ്വപ്നത്തില്‍നിന്ന് ഉണര്‍ന്നെന്നപോലെ അവള്‍ വാതില്‍ തുറക്കാന്‍ ഓടി.. താഴ് മെല്ലെ നീക്കി പതിയെ
വാതില്‍ തുറന്ന സുചിത്ര, രാജേഷിനെ അകത്തേക്ക് കയറാന്പോലും സമ്മതിക്കാതെ ബൊക്ക അവന്‍റെ
നെഞ്ചോടുചേര്‍ത്ത് അവനെ കെട്ടിപ്പിടിച്ചു. അവളുടെ ചുടുചുബനമേറ്റ് ഒരു നിമിഷനേരമെങ്കിലും രാജേഷ്
സ്തബ്ധനായി നിന്നുപോയി..

   പിന്നീടുള്ള നിമിഷങ്ങളില്‍ അവര്‍ അവരുടെ പഴയ നിമിഷങ്ങളെ അനുസ്മരിപ്പിക്കും വിധം
ജീവിക്കുവായിരുന്നു... മങ്ങിയ മഞ്ഞ വെളിച്ചവും മുറിയില്‍ നിന്നുയര്‍ന്നുകേള്‍ക്കുന്ന പതിഞ്ഞ

ശബ്ദത്തിലുള്ള
സംഗീതവും അവരുടെ നിമിഷങ്ങള്‍ക്ക് കൂടുതല്‍ റൊമാന്റിക് പരിവേഷം നല്‍കി. അവര്‍ തമ്മില്‍
കണ്ടുമുട്ടിയതും  പ്രണയം ആരംഭിച്ചതും പിന്നീടുള്ള സുന്ദര നിമിഷങ്ങളും അവര്‍ അന്യോന്യം

ഓര്‍ത്തെടുത്ത്
പങ്കുവച്ചു... രാജേഷിന്‍റെ നിര്‍ബന്ധപ്രകാരം അവള്‍ അവനോടൊന്നിച്ച് സംഗീതത്തിനൊപ്പം ചുവടുവയ്ക്കാന്‍
തുടങ്ങി.. ഇഴുകിച്ചേര്‍ന്ന ആ നിമിഷങ്ങള്‍ക്ക് ഭംഗം വരുത്തിക്കൊണ്ട് ഇടയ്യ്കെപ്പോഴോ അടുത്ത

മുറിയില്‍നിന്ന്
ഫോണ്‍ ചിലയ്ക്കാന്‍ തുടങ്ങി.... "ക്രിണീം...ക്രിണീം..."..

രാജേഷിന്‍റെ കരവലയത്തില്‍നിന്നും ഒരു കുസൃതിച്ചിരിയോടെ അവള്‍ ഫോണെടുക്കാന്‍ കുതറിയോടി..

"ഹലോ... ഇത് മിസ്റ്റര്‍ രാജേഷ് നായരുടെ വീടല്ലേ??!!!"..

"അതെ.. ആരാണ്..?..."..

" ഇത് സിറ്റി പോലീസ് സ്റ്റേഷനില്‍നിന്നാണ് വിളിക്കുന്നത്..  നിങ്ങള്‍ അദ്ദേഹത്തിന്‍റെ മിസ്സിസ് ആണോ??"...

"അതെല്ലോ.."..

"മാഡം.. സോറി ടു സേ.. അല്പം മുന്പ് ടൌണ്‍ മെയിന്‍ ജങ്ങ്ഷനില്‍ ഒരു ബസ്‌ ആക്സിഡന്റ് നടന്നിരുന്നു..
നിങ്ങളുടെ ഭര്‍ത്താവിനെ ഗുരുതരമായ പരിക്കുകളോടെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല..
ഇത്തിരിമുന്പ് അദ്ദേഹം മരണത്തിന് കീഴടങ്ങി... "...

"ഏ..... എന്ത്..???!!!"..  അമ്പരപ്പോടെ സുചിത്ര തുടര്‍ന്നു..
"നിങ്ങള്‍ എന്ത് അസംബന്ധമാണ് പറയുന്നത്.. അദ്ദേഹം ഇപ്പോഴും എന്റെയൊപ്പമുണ്ട്....!!"..


"മാഡം .. ഡോണ്ട് ബി നേര്‍വസ്... രണ്ടു മണിക്കൂര്‍ മുന്‍പായിരുന്നു സംഭവം... നിങ്ങള്‍ എത്രയും വേഗം
സിറ്റി ഹോസ്പിറ്റലിലെത്തി ബോഡി ഐഡന്റിഫൈ ചെയ്യണം..."... ഫോണ്‍ നിശ്ചലമായി...

സുചിത്രയുടെ കൈകളില്‍ നിന്നും റസീവര്‍ വഴുതി താഴെ വീണു.....

നിരഞ്ഞുതുളുമ്പിയ കണ്ണുകളും അതിനേക്കാളുപരി അമ്പരപ്പുമായി അവള്‍ ബെഡ്റൂമിലേക്ക് ഓടി...
കിടക്ക കാലിയായി കിടക്കുന്നു.... മുറി നിശബ്ദം...

"അപ്പോ.. അപ്പോ തന്നോടൊപ്പം ഇത്രയും നേരം ഉണ്ടായിരുന്നത്..!!!!!",.... വിങ്ങിപ്പൊട്ടിക്കൊണ്ട് അവള്‍
കിടക്കയില്‍ വീണു.. ആത്മാക്കള്‍ മരിച്ചാല്‍ തിരികെ പോകുംമുന്‍പേ അവര്‍ക്ക് പ്രിയപ്പെട്ടവരുടെ അരികില്‍
വരാറുണ്ട് എന്ന്‍  അവളും കേട്ടിട്ടുണ്ട്....
തനിക്കൊപ്പം മുറി ഇതത്രയും നേരം പങ്കിട്ടത് തന്‍റെ ഏട്ടന്‍റെ ആത്മാവായിരുന്നുവെന്ന് സത്യം അവള്‍ക്ക്
സഹിക്കാവുന്നതിനുമപ്പുറത്തായിരുന്നു.. സുചിത്ര ഏങ്ങി ഏങ്ങി കരഞ്ഞു....

       വെറും നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി തന്‍റെ ഏട്ടനുമായി വഴക്കിട്ടതും ഏട്ടനെ കുറ്റപ്പെടുത്തിയതും

ഓര്‍ത്തോര്‍ത്ത്
അവള്‍ വിങ്ങിപ്പൊട്ടി.. പ്രായശ്ചിത്തം ചെയ്യാന്‍ പറ്റാത്തതിന്റെ വിഷമം അവളെ വല്ലാതെ കുത്തിനോവിച്ചു..

  ഏട്ടന്‍റെ വിയോഗത്തില്‍ മനംനൊന്ത് എന്തോ തീരുമാനിച്ചുറപ്പിച്ചെന്നപോലെ തളര്‍ന്നു കിടക്കുന്ന സുചിത്ര

പെട്ടെന്നാണ്
ബാത്‌റൂമില്‍നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്..... കലങ്ങിയ കണ്ണുകളും അമ്പരപ്പുമോടെ അവള്‍
തലയുയര്‍ത്തിയപ്പോള്‍ വാതിലും തുറന്ന്‍ തലതോര്‍ത്തിക്കൊണ്ട് നടന്നുവരുന്ന രാജേഷിനെയാണ് കണ്ടത്...
വിട്ടുമാറാത്ത നടുക്കം അവളുടെ വാ തുറപ്പിച്ചു; കണ്ണ് മിഴിപ്പിച്ചു....

     ഒന്നുമറിയാതെ കണ്ണാടിക്ക് മുന്നില്‍നിന്ന്‍ മുടിചീകുന്ന തിരക്കില്‍ രാജേഷ് സുചിത്രയോടായ് പറഞ്ഞു..

"സുചീ... ഇന്നൊരു സംഭവണ്ടായി.. വരുന്ന വഴിക്ക് ബസ്സില്‍ വച്ച് എന്‍റെ പേഴ്സ് ആരോ പോക്കറ്റടിച്ചു.... ഗേറ്റിന്
മുന്നിലെത്തി ഓട്ടോകാരന് പൈസ കൊടുക്കാന്‍ കീശ തപ്പിയപ്പോഴാ സംഭവം ഞാനുമറിയുന്നത്.. എന്‍റെ
ഭാഗ്യത്തിന് ബാഗില്‍ വേറെ കാശുണ്ടായിരുന്നു.. അല്ലെങ്കില്‍ നാണക്കേടായേനേ..... ഹി .. ഹി.. "...

നിഷ്കളങ്കമായ രാജേഷിന്‍റെ വാക്കുകള്‍ സുചിത്രയുടെ കണ്ണുകള്‍ പിന്നെയും നനയിപ്പിച്ചു...


   "നിനക്കിതെന്തുപറ്റി.. നല്ലൊരു ദിവസായിട്ട് നീയെന്തിനാ കരഞ്ഞുപിടിച്ചിരിക്കുന്നത്..???...."..

 രാജേഷ് കൂടുതലെന്തെങ്കിലും പറയാന്‍ തുടങ്ങുന്നതിനുമുന്‍പ് സുചിത്ര അവന്‍റെ വായ കൈകൊണ്ട്
പൊത്തി.. .. അവന്‍റെ നെഞ്ചിലേക്ക് തലചായ്ച്ച് ഇടറിയ ശബ്ദത്തില്‍ അവള്‍ മന്ത്രിച്ചു....

              "ലവ് യൂ... ലവ് യൂ ഏട്ടാ... ലവ് യൂ സോ മച്ച്...."....

     "ലവ് യൂ റ്റൂ ഡിയര്‍..".. രാജേഷ് അവളുടെ മുടിയിഴകള്‍ തലോടി തലചുംബിച്ചുകൊണ്ട് പറഞ്ഞു...

    പിന്നീട് അത്താഴം കഴിക്കാന്‍ കൈകോര്‍ത്ത് നടന്നുപോകുമ്പോഴും മേശയ്ക്കഇരുവശവുമിരുന്ന്‍

തൊട്ടുരുമ്മി
ഭക്ഷണം കഴിക്കുമ്പോഴും സുചിത്ര രാജേഷിനെ തന്നെ ഇമവെട്ടാതെ നോക്കുന്നുണ്ടായിരുന്നു; ആദ്യമായി

കാണുന്നതെന്നപോലെ....

                           **************

ഈ ത്രെഡ് എനിക്ക് നിര്‍ദേശിച്ച എലാവര്‍ക്കും ഞാനെന്‍റെ കടപ്പാട് അറിയിച്ചുകൊള്ളട്ടെ...

                                                                                                                                                                              മിഥുന്‍...      
   


 

Thursday, 6 November 2014

യാത്ര

***************യാത്ര*****************

കഴിഞ്ഞ ദിവസം ഞാനൊരു യാത്ര പോയി... മറ്റെവിടേക്കുമല്ല.. എന്റെ മനസ്സിനകത്തേക്ക്‌ തന്നെ.. അധികം ദൂരമൊന്നുമില്ലെങ്കിലും ഇതുവരെ മനസ്സെന്ന ലോകം കാണണമെന്ന നേരിയ ഒരു ആശ പോലും എന്നിലില്ലായിരുന്നു.. ഇതിപ്പൊ ഹൃദയം തന്നെ മുൻകൈ എടുത്ത്‌ ഇങ്ങനൊരു കാര്യം അവതരിപ്പിച്ചപ്പൊ ഞാൻ പിന്നെ മറിച്ചൊന്ന് ചിന്തിച്ചില്ല; പോയെക്കാമെന്ന് വച്ചു.... മൂപ്പർ തന്നായിരുന്നു എന്റെ ഈ യാത്രയിലെ ഗൈഡും.....:-).. സ്വപ്നം എന്ന ട്രാവൽ ഏജൻസിയിലാണ്‌ യാത്രയ്ക്കുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരിക്കുന്നത്‌.. കൃത്യം 10 മണിക്ക്‌ തന്നെ ഉറക്കമെന്ന സ്റ്റോപ്പിൽ നിന്നും ബസ്സ്‌ പുറപ്പെടുമെന്ന് ഏജൻസിക്കാരൻ അറിയിച്ചു.

        അങ്ങനെ യാത്ര തുടങ്ങി. ഭാഗ്യം തുണച്ച്‌ എനിക്ക്‌ ജനലരികിൽ തന്നെ ഒരു സീറ്റ്‌ ഒത്തുകിട്ടി.. ഒരുപാട്‌ ഊടുവഴികളിലൂടെ സഞ്ചരിച്ച്‌ രാത്രി ഏകദേശം 11 മണിയായപ്പോഴേക്കും ഞങ്ങൾ മനസ്സിനടുത്തുള്ള "സങ്കൽപ്പം" എന്ന സ്ഥലത്തെത്തി.. "ബസ്സ്‌ സർവ്വീസ്‌ ഇവിടെവരെയേ  ഉള്ളൂ.. എനി ഒരു അഞ്ച്‌ മിനിട്ട്‌ നടക്കാനുണ്ട്‌.."... ഹൃദയം അറിയിച്ചു.... അങ്ങനെ ഞങ്ങൾ അവിടെ ഇറങ്ങി നടത്തം തുടങ്ങി.. ഞങ്ങൾ വന്നത്‌ മനസ്സിലേക്കുള്ള ഏറ്റവും കുറുക്കു വഴിയിലൂടെ ആണത്രേ... റോഡ്‌ മോശമാവാൻ കാരണവും ഇതുതന്നെ... നേർക്കുനേരെയുള്ള വഴി തലച്ചോറിനകം വഴി ഒത്തിരി വളഞ്ഞതാണ്‌ പോലും... നടത്തത്തിനിടയിൽ മൂപ്പർ ഇങ്ങനെ ഒരോരോ വിവരങ്ങൾ എനിക്കായ്‌ പകർന്നു തന്നുകൊണ്ടിരുന്നു.. കുറുക്കു വഴി ആയതോണ്ടാണോ എന്നറിയില്ല വന്ന വഴിയിലെ കാഴ്ച്ചകളൊന്നും കണ്ണിന്‌ ഇമ്പമുള്ളതായിരുന്നില്ല....

     5-10 മിനിറ്റ്‌ നടന്നപ്പോഴേക്കും   മനസ്സെന്ന ആ മാന്ത്രിക ലോകത്തിന്റെ വലിയ കവാടത്തിന്‌ മുന്നിൽ ഞങ്ങളെത്തി.. :-).. തൊട്ടടുത്തു തന്നെയുള്ള ടിക്കറ്റ്‌ കൗണ്ടറിൽ നിന്നും ടിക്കറ്റെടുക്കാൻ ഹൃദയം നിർദ്ദേശം നൽകിയ പ്രകാരം ഞാൻ ടിക്കറ്റെടുത്തു.. ഹൃദയത്തിന്‌ ടിക്കറ്റ്‌ വേണ്ട..  മൂപ്പർ ഇടയ്ക്കിടെ ഇങ്ങോട്ട്‌ വരാറുള്ളത്‌ കാരണം സ്പെഷ്യൽ പാസ്സുണ്ടത്രേ... "ഇടയ്ക്കിടെ ഇങ്ങോട്ടൊക്കെ ഒന്നു വന്നിരുന്നെങ്കിൽ നിനക്കും കിട്ടിയേനെ ഈ കൺസഷൻ..". ആക്കി ചിരിച്ചുകൊണ്ട്‌ ഹൃദയം പറഞ്ഞു... ഒരു കണക്കിന്‌ അവൻ പറഞ്ഞതിലും കാര്യമുണ്ട്‌... ഇടയ്ക്കൊക്കെ എനിക്ക്‌ ഈവഴി പോകാമായിരുന്നു..

     പുറത്തേ കാഴ്ച്ചകൾ അധികം പറഞ്ഞ്‌ മുഷിപ്പിക്കുന്നില്ല... ടിക്കറ്റ്‌ പരിശോധനകൾക്കൊടുവിൽ എന്നെയും കൂട്ടി ഹൃദയം അകത്തു കടന്നു.. ബ്ലാക്‌&വൈറ്റ്‌ സിനിമയിൽ നിന്നും പെട്ടെന്ന് കളർ സിനിമ്‌ കാണുന്ന പ്രതീതി.. ആദ്യ കാൽവെപ്പിൽത്തന്നെ എനിക്കുണ്ടായ അനുഭവത്തെ ഏറ്റവും ലളിതമായി ഇങ്ങനെ ഉപമിക്കാം..:-) പുറത്തെ അരോചക കാഴ്ച്ചകൾക്കുപരി അത്രയ്ക്ക്‌ മനോഹരമായിരുന്നു മനസ്സിനകം...അന്ന് സ്വർഗത്തിൽ കണ്ട കാഴ്ച്ചകളാണ്‌ പെട്ടെന്ന് എനിക്ക്‌ ഓർമ്മയിൽ തെളിഞ്ഞത്‌.. ഇരുവശവും പൂക്കളാൽ മനോഹരമായ നടപ്പാതയിലൂടെ ഞങ്ങൾ മറ്റ്‌ സഞ്ചാരികൾക്കൊപ്പം (എന്റെ മനസ്സിൽ ഞാനറിയാതെ സഞ്ചാരം നടത്തുന്നതാരൊക്കെ എന്നത്‌ എനിക്ക്‌ തന്നെ ഇന്നും ചുരുളഴിയാത്ത രഹസ്യം) നടത്തം തുടങ്ങി....

     ഒത്തിരി ദൂരം പോയില്ല, അതിനുമുൻപേ തന്നെ വലത്‌ വശത്ത്‌ വലിയൊരു കെട്ടിട സമുച്ചയം കാണാമെന്നായി.... ഒരു പത്തിരുപത്തിയഞ്ച്‌ നിലയുള്ള വലിയൊരു കെട്ടിടം..
" സംഭവം എന്താ പിടികിട്ടിയോ നിനക്ക്‌..??.." വാപൊളിച്ച്‌ അന്തംവിട്ട്‌ നിൽക്കുന്ന എന്നോട്‌ ഹൃദയം ചോദിച്ചു.... "ഇല്ല"എന്ന മട്ടിൽ തലയാട്ടിയ എന്നോടായ്‌ ഗൈഡ്‌ വിവരണം ആരംഭിച്ചു..... :-)
"ഇതാണ്‌ ചിന്താ ഫാക്ടറി... നിനക്കാവശ്യമായതും ആവശ്യമില്ലാത്തതുമായ സകല ചിന്തകളും ഉൽപ്പാദിപ്പിക്കുന്നത്‌ ഇവിടെ വച്ചാണ്‌.. ആയിരക്കണക്കിന്‌ ജോലിക്കാർ നിത്യേനെ ഇവിടെ എല്ലുമുറിയെ പണിയെടുക്കുന്നു... ".... ഹൃദയം വിവരണം നിർത്തിയപ്പോൾ ഞാൻ ഫാക്റ്ററിയുടെ മുറ്റത്തേക്കൊന്നു കണ്ണോടിച്ചു.. ശരിയാണ്‌.. അനേകായിരം ജോലിക്കാർ അങ്ങോട്ടുമിങ്ങോട്ടും നെട്ടോട്ടമോടുന്നുണ്ട്‌... മുറ്റത്ത്‌ ഒരു കോണിലായി ഒരു പത്തിരുന്നൂറ്റൻപത്‌ വലിയ ടിപ്പർ ലോറികൾ നിരനിരയായ്‌ നിർത്തിയിട്ടത്‌ അന്നേരമാണ്‌ എന്റെ കണ്ണിൽപ്പെട്ടത്‌... ഹൃദയത്തോട്‌ ഞാൻ കാര്യം തിരക്കി....
" അതോ...  അത്‌ ഫാക്ടറിയിലേക്ക്‌ അസംസ്കൃത വസ്തുക്കൾ എത്തിക്കുന്ന ലോറികളാണെടോ... കണ്ണ്‌, ചെവി, മൂക്ക്‌ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ്‌ ഇവിടുത്തേക്കാവശ്യമായ ലോഡ്‌ വരുന്നത്‌.... കുറച്ചു ദിവസായി ഒരു വിഭാഗം ജോലിക്കാർ മാനേജ്മെന്റിനെതിരെ സമരത്തിലാണ്‌.. ജോലിഭാരം കുറയ്ക്കണം; ശമ്പളം കൂട്ടണം.. ആവശ്യം ഇതുതന്നെ... അതോണ്ടാണ്‌ ഇത്രേം ലോറികൾ ഒരു പണിയുമില്ലാതെ ഇവിടെ വിശ്രമിക്കുന്നത്‌.."....
"ആഹാ... അപ്പൊ സമരമുറകളും യൂണിയനുമൊക്കെ ഇവിടെയുമുണ്ടല്ലേ..?".. തെല്ലൊരതിശയത്തോടെ ഞാൻ ചോദിച്ചു...
"ഇല്ലാതെ പിന്നെ..!!.."... മിഴിച്ചു നിൽക്കാതെ നീ നടക്കാൻ നോക്ക്‌ കാഴ്ച്ചകൾ എനീം കൊറേ ഉണ്ട്‌ മോനെ.... നടക്ക്‌ നടക്ക്‌.."..ഗൈഡ്‌ മൂപ്പർ എന്നെ പിടിച്ചുവലിച്ചു..  അങ്ങനെ ചിന്താഫാക്റ്ററിയും പിന്നിട്ട്‌ ഞങ്ങൾ നടത്തം തുടർന്നു.....
    
        പോകുന്ന വഴിക്ക്‌ ഇരുവശവും ഇടയ്ക്കിടെ തെരുവു വിളക്ക്‌ കണക്കെ പ്രകാശം പരത്തി അലങ്കൃതമായ വിളക്കുകാലുകൾ നിൽക്കുന്നുണ്ട്‌... ഒരിക്കലും അണയാൻ പാടില്ലാത്ത വിളക്കുകളാണിവ... എന്നിരുന്നാലും ഇടയ്ക്കിടെ അപ്പ്രതീക്ഷിതമായി ഉണ്ടാവുന്ന പവർക്കട്ടുകളിൽ ഈ വിളക്കുകൾ കണ്ണടയ്ക്കാറുണ്ട്‌... അപ്പൊ മനസ്സിനകം മുഴുവൻ അന്തകാരമായിരിക്കുമത്രേ... വായടക്കാതെ മ്മളെ ഗൈഡ്‌ ഇങ്ങനെ ഒരുപാട്‌ കാര്യങ്ങൾ എന്റെ അറിവിലേക്ക്‌ കുത്തിനിറയ്ക്കുന്നുണ്ട്‌...

    ഇരുട്ട്‌ മൂടിയ ഒരു ഇടുങ്ങിയ പാതയിലൂടെ നടന്ന് എന്നെയവൻ കൊണ്ടുപോയത്‌ ഒരു പാർക്കിലേക്കായിരുന്നു.... "പാർക്ക്‌" എന്നുവച്ചാൽ അത്ര സാധാരണമായതല്ല... പുറത്തുനിന്നുള്ള സഞ്ചാരികൾക്ക്‌ അകത്തോട്ട്‌ പ്രവേശനമില്ല... ഇങ്ങനെ നോക്കിക്കാണാം... അത്രതന്നെ... അപ്പൊപ്പിന്നെ അകത്തുകിടന്ന് ഉല്ലസിക്കുന്നതാരാണെന്ന എന്റെ സംശയത്തിന്‌ ഹൃദയം മറുപടി പറഞ്ഞത്‌ ഇങ്ങനെ.....
"നീ ഒന്നൂടെ സൂക്ഷിച്ചുനോക്ക്‌.. പാർക്കിനകത്തുള്ള എല്ലാരേയും നീയറിയും നല്ലോണം..."...

"ഞാനോ..  അ.. അതെങ്ങനെ.??.."...
"എടോ മണ്ടാ.. അത്‌ നിന്റെ ഓർമ്മകളാണെടോ.... പണ്ടുമുതൽ ഈ നിമിഷം വരെയുള്ള നിന്റെ എല്ലാ ഓർമ്മകളും ഇവിടെ കളിച്ച്‌ രസിച്ച്‌ നടക്കുന്നുണ്ട്‌...:-)... ആ ചുണക്കുട്ടന്മാരെ ഒന്നു നോക്കിക്കേ നീ.... അവരെ നിനക്ക്‌ ഓർമ്മ കാണും.. കാരണം അവർ നിന്റെ സമീപകാല ഓർമ്മകളാണ്‌.."..
നേരാണല്ലോ... പലരെയും ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി.. ചിലരൊക്കെ എന്നെ നോക്കി കൈവീശി കാണിക്കുന്നുണ്ട്‌.... തിരിച്ചങ്ങോട്ട്‌ ഞാനും റ്റാറ്റ പറഞ്ഞു... വേലിക്കിപ്പുറം നിന്നുകൊണ്ട്‌ എന്റെ ഓർമ്മകളെ കണ്ടുകൊണ്ട്‌ ഞാനും ഹൃദയവും പതിയെ നടന്നു.... നടത്തം പാർക്കും കഴിഞ്ഞ്‌ പിന്നെയും നീണ്ടു...

      "എനിയിപ്പൊ എന്താ കാണാനുള്ളത്‌?? ".. ഞാൻ ഹൃദയത്തോട്‌ ചോദിച്ചു.....
"ദാ.. അതുകൂടെയുണ്ട്‌.".. അങ്ങകലെ കൈ ചൂണ്ടിക്കൊണ്ട്‌ ഹൃദയം പറഞ്ഞു....
"അതെന്താണത്‌..?? ബസ്സ്റ്റാന്റ്‌ ആണോ??."...
"അതെ.. ബസ്സ്റ്റാന്റ്‌ തന്നെ.. അതുംകൂടെ കണ്ട്‌ ആ വഴി നമുക്ക്‌ തിരിച്ചുപോകാം... നമ്മുടെ ബസ്സിന്റെ സമയം ഏതാണ്ട്‌ ആയി....
നിനക്ക്‌ ഈ സ്റ്റാന്റ്‌ എതാണെന്ന് മനസ്സിലായോ..?? നമ്മൾ ഇങ്ങോട്ട്‌ വന്ന "സ്വപ്നം ട്രാവൽസ്‌" ഓർമ്മയില്ലേ..?? അതിന്റെ ആസ്ഥാനവും മെയിൻ ബസ്സ്റ്റാന്റും ആണിത്‌... ഇങ്ങോട്ടേക്ക്‌ ആകെ സെർവ്വീസ്‌ നടത്തുന്നത്‌ ഇവർ മാത്രാണ്‌.."..
ഒരുപാട്‌ ബസ്സുകൾ നിരനിരയായ്‌ നിർത്തിയിട്ടിരിക്കുന്നു... ഈ പ്രപഞ്ചത്തിന്റെ ഏത്‌ മുക്കിലും മൂലയിലേക്കും ഇവിടുന്ന് ബസ്സുണ്ടത്രേ... ചില വണ്ടികളൊക്കെ എനിക്കും നല്ല കണ്ട്‌ പരിചയം തോന്നുന്നുണ്ട്‌..

     ബസ്സുകൾക്കിടയിലൂടെ ഹൃദയം ധൃതിയിൽ എന്റെ കയ്യുംപിടിച്ച്‌ നടന്നു... ഞങ്ങളെത്തുമ്പോഴേക്കും ഞങ്ങടെ വണ്ടി നിരങ്ങിത്തുടങ്ങിയിരുന്നു.. "ഫീ..ഫീ.." എന്നുള്ള ഹൃദയത്തിന്റെ ചെവിതുളയ്ക്കുന്ന വിസ്സിൽ കേട്ട്‌ ഡ്രൈവർ വണ്ടി ചവിട്ടി.. ഒരുവിധം ബസ്സിൽ ഓടിച്ചാടിക്കേറി... ഏറ്റവും പുറകിലത്തെ സീറ്റിൽ ഞെങ്ങി ഞെരുങ്ങി മടക്കയാത്ര ആരംഭിച്ചപ്പോൾ എന്റെ മനസ്സിലത്രയും "മനസ്സി"നകത്ത്‌ ഞാൻ കണ്ട മനോഹരവും അത്ഭുതവും നിറഞ്ഞ കാഴ്ച്ചകളായിരുന്നു....