='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: സീരിയല്‍ വരുത്തിയ വിന

Saturday, 29 March 2014

സീരിയല്‍ വരുത്തിയ വിന



    ഓഫീസ് കഴിഞ്ഞു വീട്ടിലേക്കുള്ള മടക്കയാത്ര. സന്ധ്യാസമയം... ഗേറ്റ് തുറന്ന് വീട്ടുമുറ്റത്ത്‌ കാലെടുത്തുവച്ചപ്പോ തന്നെ എനിക്ക് ഹാലിളകി.. ഉമ്മറത്ത് നിലവിളക്ക് പോയിട്ട് ലൈറ്റ് പോലും ഇട്ടിട്ടില്ല.. വാതിലാണേല്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.. സുചിത്രയോടു (എന്റെ പ്രിയ പത്നി, എന്റെ വാമഭാഗം.)  നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഞാന്‍ പറഞ്ഞതാണ് സന്ധ്യാസമയത്ത് നിലവിളക്ക് വയ്ക്കാന്‍ മറക്കരുത്, വാതില്‍ ഇങ്ങനെ തുറന്നിട്ട്‌ അകത്ത്പോയി കുത്തിയിരിക്കരുത് എന്നൊക്കെ... ആര് കേള്‍ക്കാന്‍..!!! "ഫാര്യ"യാണത്രേ ഫാര്യ... ഇവള്‍ക്കിവിടെ ഇതല്ലാതെ വേറെന്താ പണി?? ഇന്നിവള്‍ക്ക് രണ്ടു കൊടുത്തിട്ടുതന്നെ ബാക്കി കാര്യം" എന്നൊക്കെ മനസ്സില്‍ കരുതിയുറപ്പിച്ചു അകത്തേക്ക് കയറിയ ഞാന്‍ കണ്ട കാഴ്ച്ച നേരത്തെ പ്രതീക്ഷിച്ചത് തന്നെ.. ചെവിക്കല്ല് പൊട്ടുന്ന വോള്യത്തില്‍ ടിവി തുറന്നു വച്ച് അതിന്റെ മുന്നില്‍ കുത്തിയിരിക്കയാണ് എന്റെ പ്രിയതമ.. കയ്യില്‍ ഒരു കത്തിയുമുണ്ട്.. പച്ചക്കറി നുറുക്കയാണ്..  കണ്ണില്‍ വെള്ളം നിറഞ്ഞിരിക്കുന്നു.. പച്ചക്കറിക്കൂട്ടത്തിലെ ഉള്ളിയുടെ ഇഫക്റ്റ് ആണ് ഈ കണ്ണീര്‍ എന്ന് നിങ്ങള്‍ കരുതിപ്പോയെങ്കില്‍ തെറ്റി.. കണ്ടുകൊണ്ടിരിക്കുന്ന സീരിയല്‍ തലയ്ക്കു കേറിപ്പിടിച്ചപ്പോ കണ്ണീരിന്റെ രൂപത്തില്‍ സങ്കടം ധാര ധാരയായി ഒഴുകുകയാണ്... സന്ധ്യയായാല്‍ ഇവള്‍ക്കിപ്പൊ ഇതാണ് പണി.. "സീരിയല്‍ യജ്ഞം".. ഇനി രാത്രി 10 മണി കഴിയാതെ ഇവിടെ ഭൂകമ്പം ഉണ്ടായാല്‍പ്പോലും ഇവള്‍ ഇതിന്‍റെ മുന്‍പീന്നു എണീക്കത്തില്ല.. അവള്‍ടെ കയ്യിലെ കത്തി കണ്ടതോടെ അടിമുടി ഇരച്ചുകയറിയ എന്റെ ദേഷ്യം പകുതി ആവിയായിപ്പോയി.. ബാക്കി പകുതിയുടെ ബലത്തില്‍ അവളെ ഞാന്‍ അലറിവിളിച്ചു..
"എടീ..............!!!...".... കേട്ടഭാവമില്ല..... ആഹാ.. അത്രയ്ക്കായോ... "എടീ സുചിത്രേ.......!!!..."......

"എന്നതാ മനുഷ്യനെ കെടന്നു കാറുന്നെ?? ഞാനങ്ങ് ആഫ്രിക്കയിലൊ മറ്റോ ആണോ ഉള്ളേ?? നിങ്ങടെ മുന്‍പില്‍ ഇരിക്കയല്ലേ?? പിന്നെ എന്നാത്തിനാ ഇത്രേം ശബ്ദം????".. തല ചെറുതായൊന്നു തിരിച്ചെന്നു വരുത്തി അവള്‍ പറഞ്ഞു...

അത് ഞാന്‍ നിനക്ക് മനസ്സിലാക്കിത്തരമെടീ എന്ന് മനസ്സില്‍ പിറുപിറുത്തു ഞാന്‍ അവളോട്‌ ചോദിച്ചു..
"എടീ നിന്നോട് എത്ര തവണ ഞാന്‍ പറഞ്ഞിട്ടുണ്ട് ഉമ്മറത്തെ വാതില്‍ ഇങ്ങനെ മലര്‍ക്കെ തുറനന്നിട്ട് ഈ കുന്ത്രാണ്ടത്തിന്റെ മുന്നില്‍ വന്നു തപസ്സിരിക്കരുതെന്ന്‍???? അല്ലെങ്കില്‍ തന്നെ കള്ളന്‍മാരെക്കൊണ്ട്  നിക്കപൊറുതിയില്ലാത്ത കാലമാ..!!"..

"ഹം........ പിന്നേ... തുറന്നിട്ടാല്‍ വാരിക്കൊണ്ടുപോകാന്‍ മാത്രം ഉണ്ടാക്കി വച്ചേക്കുവല്ലേ ഇതിനകത്ത്..!!"...... പുച്ഛം കലര്‍ന്ന അവളുടെ മറുപടി കേട്ടപ്പോ ഒരെണ്ണം കൊടുത്താലോ എന്ന് തോന്നിയതാ.. പിന്നെ കത്തിയെക്കുറിച്ച് ആലോചിച്ചപ്പോ വേണ്ടാന്നു വച്ചു...

"നിന്നോടോന്നും പറഞ്ഞിട്ട് കാര്യല്ലെടീ... അതെങ്ങനാ, നയിച്ചു കൊണ്ടുവരുന്നോനല്ലേ അതിന്റെ വിലയറിയൂ...!!... ഉള്ളതും തിന്നു ടിവിം കണ്ടിരിക്കുന്ന നിനക്ക് ഈ വീട് അപ്പാടെ കൊണ്ടോയാലും ഒരു ചുക്കുമില്ലല്ലോ....!! സന്ധ്യാസമയത്ത് കുളിച്ചു നിലവിളക്ക് വയ്ക്കുക.. ഓഫീസില്‍നിന്നും തളര്‍ന്നു വരുന്ന ഭര്‍ത്താവിനു ഒരു കപ്പ് ചായ.. ഇങ്ങനെയോക്കെയാടീ ഐശ്വര്യമുള്ള ഭാര്യമാര്‍.. അല്ലാതെ നിന്നെപ്പോലെ.... ഞാന്‍ പറഞ്ഞാലേ കൂടിപ്പോകും".......

"ആ.. എന്നാല്‍ പറയണ്ട. നിങ്ങളൊന്നു മിണ്ടാണ്ടിരിക്കുന്നുണ്ടോ മനുഷ്യാ.. ഇവിടെ ചിന്നു (ഏതോ സീരിയല്‍ കഥാപാത്രം) അമ്മയെ കണ്ടെത്ത്വോ'ന്നുള്ള ടെന്‍ഷനില്‍ ഇരിക്കുമ്പോഴാ നിങ്ങള്‍ടെ ഒരു നിലവിളക്ക്.."... അവളുടെ മറുപടി കേട്ടപ്പോ എനിക്കൊരു കാര്യം മനസിലായി.. ഞാനിപോ പറഞ്ഞതൊന്നും അവള്‍ടെ ചെവിക്കടുത്തൂടെപ്പോലും പോയിട്ടില്ല...ഇനീം ഞാന്‍ ശണ്ട തുടര്‍ന്നാല്‍ അടുക്കളയിലെ ചട്ടുകത്തിനും ദോശക്കല്ലിനുമൊക്കെ പണിയാവും.. അപ്പൊ പിന്നെ വര്‍ത്താനം നിര്‍ത്തുന്നതാണ് നല്ലത് എന്ന് തിരിച്ചറിവുണ്ടായ ഞാന്‍ അവളോട്‌ ഉള്ള ദേഷ്യം മുന്നിലുള്ള മേശയോടു തീര്‍ത്തു.. രണ്ടു ചവിട്ടു മേശയ്ക്കിട്ടു.. കാലിന്റെ ഊപ്പാടിളകിപ്പോയി...."എന്റെ അമ്മച്ചിയേ..!!" വിളി കേട്ട് അവള്‍ എന്നെയൊന്നു നോക്കി... ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ വേദനയും ദേഷ്യവും കടിച്ചമര്‍ത്തി ഞാന്‍ മുകളിലേക്ക് കേറിപ്പോയി... ബാക്കി "അമ്മച്ചിയേ" വിളികള്‍ മുകളില്‍ ചെന്ന്തീര്‍ത്തു....

      
      ഇങ്ങനെയുമുണ്ടോ ഭാര്യമാര്‍?!! കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവള്‍ക്കീ സീരിയല്‍ഭ്രാന്ത് തുടങ്ങീട്ട്.. വൈകുന്നേരം അവശനായി കേറിവരുന്ന എനിക്ക് സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന ചായപോലും ഇപ്പൊ കിട്ടാതായി.. ചോദിച്ചാല്‍ മറുപടി ഇങ്ങനെ..
"പഞ്ചസാരേം ചായപ്പോടീം അടുക്കളയിലുണ്ട്..".. അതായത് വേണോങ്കില്‍ എന്നോട് തന്നെ ഉണ്ടാക്കികുടിച്ചോളാന്‍.... എന്റെ മാത്രമല്ല.. സീരിയല്‍ ഭ്രാന്ത് തലയ്ക്ക് കേറിപ്പിടിച്ച പെണ്ണുങ്ങളുള്ള എല്ലാ വീട്ടിലേം സ്ഥിതി മറിച്ചായിരിക്കത്തില്ല.. ഈ സീരിയല്‍ എന്നുതുടങ്ങിയോ അന്നുമുതല്‍ തുടങ്ങീതാ ആണുങ്ങളുടെ കഷ്ടപ്പാട്......"ആണുങ്ങള്‍" എന്ന് അപ്പാടെ പറയാനും പറ്റത്തില്ല ഇപ്പൊ... കാരണം കുറെ "അവന്‍"മാരുണ്ട് പുരുഷകേസരികളെ പറയിപ്പിക്കാനായി  സീരിയല്‍ തലയ്ക്ക് പിടിച്ചു നടക്കുന്നവര്‍... കുളിക്കാന്‍ ഷവറിന്റെ ചോട്ടില്‍ നിന്ന നേരമത്രയും എന്റെ ചിന്ത ഇതൊക്കെയായിരുന്നു.. എന്ത് ചെയ്യാനാ.. അനുഭവിക്കുക തന്നെ....

      10 മണികഴിയാതെ പച്ചവെള്ളം അവള്‍ടെ കൈകൊണ്ടു എനിക്ക് കിട്ടത്തില്ല.. ലോകത്തുള്ള സകല പൂക്കളുടെയും പേരുകള്‍ വച്ചുള്ള സീരിയല്‍ മാമാങ്കം അപ്പോഴേ കൊടിയിറങ്ങത്തുള്ളൂ.. ഒരു ചായയിട്ടു കുടിക്കാനായി കുളി കഴിഞ്ഞു മുകളില്‍ നിന്ന് കൊണിപ്പടികളിറങ്ങുമ്പോള്‍ "ജിതന്റെ"യും "ജയന്തി"യുടെയും കരച്ചിലുകള്‍ എനിക്ക് കേള്‍ക്കാമായിരുന്നു.. സീരിയല്‍ കാണാത്ത ഞാന്‍ എങ്ങനെ ഈ പേരുകളൊക്കെ പഠിച്ചു എന്നാവും നിങ്ങളിപ്പോ ചിന്തിക്കുന്നുണ്ടാവുക..!! ഗത്യന്തരമില്ലാതെ പലപ്പോഴും എനിക്കും ഇതിന്‍റെ മുന്നില്‍ ഇരിക്കെണ്ടിവന്നിട്ടുണ്ട്.. "ഇടവേള" എന്ന കുറച്ചു നിമിഷങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.. അപ്പോഴേ റിമോട്ട് എന്റെ കയ്യില്‍ കിട്ടുള്ളൂ... അങ്ങനെ പരിചയപ്പെട്ടതാണ് ഈ "ജയന്തി"യെയും "ജിതനെ"യുമൊക്കെ.. അടുക്കളയില്‍ കേറി ചായ ഇടുന്ന അത്രേം  നേരം ഞാന്‍ ചിന്തിച്ചത് ഇവള്‍ടെ സീരിയല്‍ ഭ്രമം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചായിരുന്നു.. അങ്ങനെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... ഇതിനൊരു പരിഹാരം കണ്ടില്ലേല്‍ ഞാനെന്തിനാ "ഭര്‍ത്താവ്" എന്ന ലേബലും തൂക്കി നടക്കുന്നത്...!!.. അവസാനം അതുതന്നെ തീരുമാനിച്ചു.. അറ്റകൈപ്രയോഗം..വേരോടെ അറുത്തുമാറ്റുക....!!..കാടുകയറി ചിന്തികേണ്ട നിങ്ങള്‍... അവളെയല്ല, കേബിള്‍ കണക്ഷന്‍ അറുത്തുമാറ്റുന്ന കാര്യമാണ് പറഞ്ഞത്..

       പിറ്റേന്ന് രാവിലെ ഓഫീസില്‍ ഹാഫ്-ഡേ ലീവ് വിളിച്ചുപറഞ്ഞ്‌ നേരെ കേബിള്‍ ഓഫീസിലേക്ക് വിട്ടു.. അവിടെയെത്തി കാര്യങ്ങള്‍ അവരെ ധരിപ്പിച്ചു.. ഇന്നുതന്നെ അറുത്തുമാറ്റാന്‍ ആവശ്യപെട്ടു.. അപ്പോഴാണ്‌ അവര്‍ എന്റെ "കുടിശ്ശിക"യുടെ കണക്കുകള്‍ നിരത്തിയത്.. ഒടുവില്‍ അതും അടക്കേണ്ടി വന്നു.. "രാവിലെ തന്നെ എട്ടിന്റെ പണി കിട്ടിക്കൊണ്ടിരിക്കുവാനല്ലോ ഈശ്വരാ"... എന്തേലുമാവട്ടെ ഒരു നല്ലകാര്യത്തിനു വേണ്ടിയല്ലേ..".. എന്റെ പ്രിയതമ "കേബിള്‍ പോയി" എന്നും പറഞ്ഞു ഇങ്ങോട്ട് വിളിച്ചാല്‍ ഞാന്‍ വന്നു കട്ട്‌ ചെയ്യിപ്പിച്ചതാണ് എന്ന് പറയരുത് എന്ന കര്‍ശന നിര്‍ദേശവും ഞാന്‍ അവര്‍ക്ക് കൊടുത്തു..  ഇതിന്‍റെ പിന്നില്‍ ഞാനാണ് എന്നെങ്ങാന്‍ അവളറിഞ്ഞാല്‍ !!!... ഈശ്വരാ.. അവിടെത്തീരും  സകലതും.....

       ഉച്ചയ്ക്ക് "കേബിളില്ല" എന്നും പറഞ്ഞുകൊണ്ടുള്ള പ്രിയതമയുടെ ഫോണ്‍ കാള്‍ വന്നപ്പോ ഏല്‍പ്പിച്ച ദൗത്യം അവര്‍ നിര്‍വഹിച്ചു കഴിഞ്ഞു എന്ന് ഞാന്‍ ഉറപ്പിച്ചു...
" മഴക്കാലമല്ലെടീ.. വല്ല മരമോ മറ്റോ വീണുകാണും ലൈനിന്റെ മേളില്‍. അവര് ശരിയാക്കിക്കോളും...".. ഉള്ളില്‍ ഊറിച്ചിരിച്ചുകൊണ്ട് ഞാന്‍ അവളെ സമാധാനിപ്പിച്ചു.. "എന്നോടാണോ നിന്റെ കളി!!!!!.. ഇന്ന് നീ സീരിയല്‍ കാണുന്നതെങ്ങനായെന്ന്‍ എനിക്കൊന്നു കാണണം..!!"...മനസ്സില്‍ അവളെ ഞാന്‍ വെല്ലുവിളിച്ചു..

       വൈകുന്നേരം പതിവിലധികം സന്തോഷത്തോടെ വീട്ടിലെത്തിയ എന്‍റെ സകല പ്രതീക്ഷകളും തകിടം മറിഞ്ഞു... ഇന്നിപ്പോ "ഉമ്മറത്തെ" ലൈറ്റ് പോയിട്ട് വീട് മൊത്തം കൂരിരുട്ടില്‍... വാതിലാണേല്‍ പൂട്ടിയിരിക്കുന്നു.. "ദൈവമേ.. കേബിള്‍ ഇല്ലാത്തതിന്റെ പിന്നില്‍ ഞാനാണ്‌ എന്നറിഞ്ഞു പെട്ടീം കിടക്കേം എടുത്തു സ്വന്തം വീട്ടിലേക്കു സ്ഥലംവിട്ടതാവുമോ??".. അങ്ങനെയൊരു സൂക്കേട്‌ ഇവള്‍ക്ക് പണ്ടേ ഉള്ളതാ.. എന്തേലും ഇത്തിരി കയര്‍ത്തു പറഞ്ഞുപോയാല്‍ അപ്പൊ പെട്ടിയെടുക്കും.. അതിനായി തന്നെ സാധനങ്ങള്‍ പാക്ക് ചെയ്തു റെഡിയാക്കിയ ഒരു പെട്ടി അവള്‍ടെ അടുത്ത് സ്റ്റോക്കുണ്ട്.. എല്ലാം സഹിക്കുക തന്നെ... "ഭര്‍ത്താക്കന്മാരുടെ ഓരോ ഗതികേട് നോക്കണേ... എന്തായാലും വിവരങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ അവള്‍ടെ മൊബയിലിലേക്ക് കുത്തിവിളിച്ചു...

" ഹലോ.. നീയിതെവിടെയാടി സന്ധ്യക്ക്‌ വീടുംപൂട്ടി പോയികിടക്കുന്നത്??."... ഇത്തിരി കര്‍ശനമായി തന്നെ ഞാന്‍ ചോദിച്ചു..

"ഏട്ടാ.. ഞാനിതാ ശാരദേച്ചിയുടെ വീട്ടിലുണ്ട്... അവിടെ കേബിള്‍ വന്നിട്ടില്ല.. ഞാനേയ് "അമ്മേം"  "സ്ത്രീധനോം" കഴിഞ്ഞയുടന്‍ അങ്ങോട്ട്‌ വന്നേക്കാം... ആ പിന്നെ, താക്കോല്‍  ഞാന്‍ പുറകുവശത്തെ വേസ്റ്റ് ബാസ്കെറ്റിന്റെ അടിയില്‍ വച്ചിട്ടുണ്ട്...".. ഇത്രേം പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു.. അതുതന്നെ പറഞ്ഞത് തിരക്കിട്ടാണ്.... ശാരദേച്ചി ഞങ്ങള്‍ടെ അയല്‍വാസിയാണ് ട്ടോ.. "ചക്കിനുവച്ചത് കൊക്കിനുകൊണ്ടല്ലോ എന്റെ ഗുരുവായുരപ്പാ"....പാപി ചെന്നിടം പാതാളം എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ... "ഹം,... നീയും അവള്‍ടെ സൈഡാണല്ലോ ദൈവമേ..".. 

     പുറകുവശത്ത്പോയി താക്കോല്‍ എടുത്തു വാതില്‍ തുറന്നു വീട്ടില്‍ കയറുമ്പോള്‍ ഒരുകാര്യം ഞാന്‍ തീരുമാനിച്ചിരുന്നു.. "ഇനിയൊരു പരീക്ഷണത്തിന്‌ ഞാനില്ല" എന്ന കാര്യം.... പിറ്റേന്ന് തന്നെ കട്ട്‌ ചെയ്യിപ്പിച്ചതിനെക്കാള്‍ വേഗം ഞാന്‍ കേബിള്‍ ശരിയാക്കിച്ചു.. "കേബിള്‍ വന്നു" എന്ന് അവളെ ഒന്നുരണ്ടു വട്ടം വിളിച്ചു ഉറപ്പിച്ചപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്‌.. ഇങ്ങനൊരു "പുത്തി" ഇനിയെന്റെ മനസ്സില്‍ തോന്നത്തില്ല.. എന്റെ "സീരിയല്‍ പരമ്പര ദൈവങ്ങളേ".. മാപ്പ്...... ഞാനിതാ നിങ്ങള്‍ക്കുമുന്നില്‍ ആയുധംവച്ചു കീഴടങ്ങിയിരിക്കുന്നു......
 

5 comments:

  1. ha ha ...rasakaramaayi avatharappichchu tto......

    ReplyDelete
    Replies
    1. നന്ദി. thudakkakaaran enna nilayil nigaldeyokke ella sahakaanangalum pratheekshikkunnu

      Delete
  2. ബോറടിപ്പിച്ചില്ല.
    സീരിയലിനു മുമ്പിലിരിക്കുമ്പോൾ സാമാന്യമര്യാദയും ഔചിത്യബോധവുമെല്ലാം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടി വരികയാണ്.

    അതല്ല പ്രധാന പ്രശ്നം. ദിവസങ്ങളോളം ഇങ്ങനെ ഇരുന്നും കിടന്നും ചിന്തിച്ച് അതിനു കണ്ടെത്തിയ മറുമരുന്നുകൾ ഇങ്ങനെ പുഷ്പം പോലെ അവർ മറികടക്കുന്നതു കാണുമ്പോഴാണ് നമ്മുടെ കണ്ട്രോൾ പോവുക. :)

    ഇനി ഒരു പത്തൊമ്പതാമത്തെ അടവുണ്ട്. നല്ല പോലെ പിമ്പിരിയായതായി അഭിനയിച്ച് ( അഭിനയം മതി. മണത്തിന് വേണമെങ്കിൽ ഒറിജിനിലാറ്റിക്ക് വേണമെങ്കിലൊന്ന് വായിലൊഴിച്ച് തുപ്പിക്കോ ;) ) രാത്രി കയറി ചെല്ലുക. ചിലപ്പോ ഫലം കണ്ടേക്കും. അതിനു മുമ്പ് ബ്ലോഗർ തുമ്പി എഴുതിയ ഈ കഥ (http://nazeemanazeer.blogspot.in/2014/03/blog-post_13.html#comment-form ) ശ്രീമതി വായിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ പണി പാളും :)

    ReplyDelete
  3. കഥയില്‍ പുതുമയൊന്നും തോന്നിയില്ല...പലരും പലവിധത്തില്‍ പറഞ്ഞത് ഒന്ന് തേച്ചുമിനുക്കി അത്രമാത്രം!...rr

    ReplyDelete
    Replies
    1. Puthumakal varuthaan sramikam.. Thuranna abhiprayathinu nandhi

      Delete