='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: സ്വപ്നം

Thursday, 13 March 2014

സ്വപ്നം

                    
    വേദി ഗുരുവായൂര്‍ അമ്പലത്തിലെ കതിര്‍മണ്ഡപങ്ങളില്‍ ഒന്ന്.. ചുറ്റും നിറഞ്ഞു നില്‍കുന്ന ബന്ധുക്കളും സുഹൃത്തുക്കളും. കതിര്‍മണ്ഡപത്തില്‍ തെളിഞ്ഞു കത്തുന്ന നിലവിളക്കിനു മുന്‍പില്‍ കസവുമുണ്ടും ഷര്‍ട്ടും ധരിച്ചു ഞാന്‍ ഇരിക്കുന്നു... തൊട്ടടുത്ത്‌ അവളും.. നാദസ്വര മേളങ്ങള്‍ മുഴങ്ങാന്‍ തുടങ്ങി..അങ്ങനെ ഞാന്‍ അവളുടെ കഴുത്തില്‍ താലി ചാര്‍ത്തി.. ചുറ്റും കൂടിനിന്നവര്‍ പൂക്കള്‍ വിതറി ഞങ്ങളെ ആശിര്‍വദിച്ചു.. അവളുടെ കയ്യുംപിടിച്ച് കതിര്‍മണ്ഡപത്തെ വലംവയ്ക്കാന്‍ ഞാന്‍ എണീറ്റു നടന്നു.... ദേ കിടക്കുന്നു കട്ടിലില്‍ നിന്ന് നടുവുംകുത്തി താഴെ...

    ഹൊ....!! ഇതും വെറും സ്വപ്നമായിരുന്നോ?? ഇന്നേക്ക് എനിക്കിത് നാലാമത്തെ കല്യാണമാണ്.. വധു ഒന്നുതന്നെ.. സന്ദര്‍ഭങ്ങള്‍ മാത്രം മാറും.. ഒപ്പം വീഴ്ചയുടെ കാഠിന്യവും..ഇന്നിപ്പോ നടുവിന് നന്നായി പറ്റിയിട്ടുണ്ട് തോന്നുന്നു.. അയ്യോ... എണീക്കാന്‍ മേല... ഒരു ജോലി കിട്ടിയ അന്നുമുതല്‍ തുടങ്ങിയതാണ്‌ കല്യാണം കഴിക്കാനുള്ള പൂതി..പക്ഷെ വീട്ടുകാര്‍ക്ക് ഞാനിപ്പോഴും "മുട്ടയില്‍ നിന്ന് വിരിഞ്ഞിട്ടില്ല" പോലും.. എന്ത് ചെയ്യാനാ..!! അധികം നിര്‍ബന്ധിക്കാന്‍ പറ്റുവോ..!!! നാണക്കേടല്ലേ... കണ്ണാടിക്കു മുന്നില്‍ ചെന്നുനിന്നു പതിവ് ശൈലി തുടര്‍ന്നു... "ഓ.. മീശ ഒന്നൂടെ കട്ടി വച്ചിട്ടുണ്ട്..".. ഇപ്പൊ കണ്ടാല്‍ ഇത്തിരി മച്യുരിറ്റി ഒക്കെ തോന്നും...ഇതൊന്നും എനിക്ക് മാത്രം തോന്നിയിട്ട് ഒരു കാര്യവുമില്ലല്ലോ... "പോയി കെട്ടെടാ ചെറുക്കാ.,,,,..". കണ്ണാടിയിലെ എന്റെ രൂപം എന്നോടായി പറയുന്നു....

    എന്നോടൊപ്പം പഠിച്ച എത്രയോ ചെക്കന്‍മാര്‍ പെണ്ണുകെട്ടിയിരിക്കുന്നു ഇതിനകം.. അതും "തെരാപാര" നടക്കുന്നവര്‍.. അങ്ങനെ വച്ച് നോക്കുമ്പോ ഞാന്‍ എന്തുകൊണ്ടും പരംയോഗ്യനല്ലേ..!!! ജോലിക്ക് ജോലി, അത്യാവശ്യത്തിനു സൌന്ദര്യം.... "ഹൊ.. എനിക്ക് വയ്യ എന്നെക്കൊണ്ട്...."....  പക്ഷെ പറഞ്ഞിട്ടെന്തു കാര്യം... 27 വയസ്സ് കഴിയാതെ "ക" എന്നൊരക്ഷരം മിണ്ടിപ്പോകരുതെന്നാ അച്ഛന്റെ ആജ്ഞ.. അച്ഛനറിയില്ലല്ലോ, കല്യാണം കഴിക്കാന്‍ മുട്ടി നില്‍ക്കുന്ന ഒരു യുവാവിന്‍റെ വേദന....

    പെണ്ണുകെട്ടിയാലും ഇല്ലെങ്കിലും ഈ സ്വപ്നം കാണല്‍ ഇനി ശരിയാവില്ല... ഈ പോക്ക് പോകുവാണേല്‍ എന്റെ ശരീരം ഉടയാന്‍ അധികം ദിവസം വേണ്ടി വരില്ല... അല്ലെങ്കില്‍ "കിടപ്പ്" നിലത്തേക്ക് മാറേണ്ടി വരും... അതാവുമ്പോ കതിര്‍മണ്ഡപത്തെ വലംവയ്ക്കാന്‍ "എണീറ്റു" നടന്നാലും ശരീരത്തിന് ചതവൊന്നും പറ്റത്തില്ലല്ലോ.. "ഉയ്യോ.. നടുവിന് ശരിക്കും പണി കിട്ടീന്നാ തോന്നുന്നെ..".. ഒരു കല്യാണം വരുത്തിവച്ച വിനയേ.....!!

    ഇന്നിപ്പോ ഗുരുവായൂരമ്പലമല്ലേ.. രണ്ടു ദിവസം മുന്‍പ് "വധൂഗൃഹം" ആയിരുന്നു വിവാഹവേദി. അതിനുമുന്‍പ്‌ നാട്ടിലെ "കുന്നുമ്മല്‍" ഭഗവതി ക്ഷേത്രം, പിന്നെ രജിസ്റ്റര്‍ ഓഫീസില്‍ രജിസ്റ്റര്‍ മാരേജ്.. ഇതൊക്കെയായിരുന്നു പലപല വിവാഹവേദികള്‍... കട്ടിലില്‍ നിന്നുള്ള വീഴ്ച ഒഴിവായത് രജിസ്റ്റര്‍ മാരെജിനു മാത്രം.. "ഒളിച്ചോട്ടത്തിന്" നന്ദി...  വധു എല്ലായ്പ്പോഴും അവള് തന്നെ.. എന്റെ പ്രിയപ്പെട്ട "അവള്‍"....അവള്‍ടെ പേര് ഞാന്‍ പറയാതെ പറഞ്ഞരിക്കുന്നു.. പിടികിട്ടുന്നവര്‍ക്ക് പിടികിട്ടട്ടെ.... ചിലപ്പോ ഈ കല്യാണം നേര്‍വഴിക്കു നടക്കില്ല (വല്ലതും നടക്കുവാണേല്‍ ഉള്ള കാര്യമാണ് ട്ടോ).. അതുകൊണ്ടാവാം സ്വപ്നഭഗവാന്‍ "ഒളിച്ചോട്ടവും രജിസ്റ്റര്‍ മാരേജും" കൂടെ എന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം തുന്നിചേര്‍ത്തത്..

    താഴെ നിലത്താണ് കിടന്നിരുന്നതെങ്കില്‍ കതിര്‍മണ്ഡപം ചുറ്റലും, പപ്പടം പഴം പായസം കൂട്ടി ഊണും കൂടെ കഴിക്കാമായിരുന്നു.. ഇതിപ്പോ ഒന്നും നടന്നതുമില്ല, നടുവ് ഉളുക്കിയത് മിച്ചവും.. ഹാ.. സ്വപ്നത്തിലെങ്കിലും താലി കെട്ടാനുള്ള ഭാഗ്യം നീയെനിക്ക് തന്നല്ലോ ഭഗവാനേ... നീണ്ട നാലഞ്ചു വര്‍ഷം കൂടെ തള്ളിനീക്കിയേ മതിയാവൂ ഇവരുടെ മനസ്സലിയാന്‍... ഹം.... ദേ. സമയം 5.30 ആകാന്‍ പോകുന്നു,.. നിങ്ങളോട് വര്‍ത്താനം പറഞ്ഞോണ്ടിരുന്നാല്‍ ഓഫീസിലെത്താന്‍ വൈകും.. മാഷിന്റെ വായിലുള്ളത് മുഴുവന്‍ ഞാന്‍ കേള്‍ക്കേണ്ടിവരും... പോയി റെഡിയാവട്ടെ.. വീണ്ടും കാണാം.. :)
                                                   

                                                                                   

No comments:

Post a Comment