='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍

Sunday, 2 March 2014

നിയോഗം

                            നിയോഗം

     നെല്‍വയലുകളാല്‍ ചുറ്റപെട്ട നാട്ടിന്‍പുറത്തുകൂടെയുള്ള  കല്ലും കുണ്ടും നിറഞ്ഞ റോഡിലൂടെ ഓട്ടോ ഓടിക്കൊണ്ടിരുന്നു. അകത്തു ഞാനും ശശിയേട്ടനും. ശശിയേട്ടന്‍ ഒരു കല്യാണ ബ്രോക്കര്‍ ആണ്. ഇത് എന്റെ ആദ്യത്തെ പെണ്ണുകാണല്‍ യാത്രയും. പെണ്ണിനേയും പെണ്‍വീട്ടുകാരെയും കുറിച്ച് ശശിയേട്ടന്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. റോഡിന്‍റെ മഹത്വം മൂലമുള്ള ഓട്ടോയുടെ കുലുക്കത്തോടൊപ്പം ശശിയേട്ടന്റെ ഈ "വാക്പയറ്റ്" കൂടെ സഹിക്കുക എന്നത് ഇത്തിരി ദുസ്സഹമായി അനുഭവപെട്ടു എനിക്ക്.

     ഇതുവരെ മുണ്ടുടുത്ത് ശീലമില്ലാത്ത ഞാന്‍ ഇന്ന് വേഷം മുണ്ടും ഷര്‍ട്ടും ആക്കി.. കാണുമ്പോള്‍ ഒരു മതിപ്പ് തോന്നികോട്ടെ പെണ്‍വീട്ടുകാര്‍ക്ക്... ഫെയര്‍ & ലാവലി മുഖത്ത് വാരിപ്പൂശിയിട്ടുണ്ട്. ഒരു കൂളിംഗ്‌ ഗ്ലാസ്‌ കൂടെ കിട്ടിയിരുന്നേല്‍ സംഗതി ഗംഭീരമായേനെ. പറ്റിയ ഒരെണ്ണം സമയത്തിന് സംഘടിപ്പിക്കാന്‍ കഴിയാത്തത് പെണ്‍വീട്ടുകാരുടെ ഭാഗ്യം..

     ഒരു പ്രശ്നമുണ്ട്, പെണ്‍വീടിലേക്കുള്ള വഴി ശശിയേട്ടന് അറിയില്ല. അതുകൊണ്ട് തന്നെ "അയാള്‍ കഥയെഴുതുകയാണ്" എന്ന സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗ്‌ അനുസ്മരിപ്പിക്കും വിധമായിരുന്നു ഇതുവരെ ഞങ്ങളുടെ യാത്ര.. " നമുക്ക് ചോയിച്ചു ചോയിച്ചു പോകാം.... " മറ്റൊരു ബ്രോക്കര്‍ വഴിയാണ് ശശിയേട്ടന് ഈ പെണ്ണിനെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടുന്നത്. അതുകൊണ്ടാണ് പുള്ളിക്കാരന് വീട് അറിയാതെ പോയത്.. പെണ്ണിന്റെ അച്ഛനെ ശശിയേട്ടന്‍ ഇടയ്ക്കിടെ വിളിക്കുന്നുണ്ടായിരുന്നു.. " ഞങ്ങളിതാ അമ്പലത്തിന്റെ മുന്‍പിലെത്തി. ഇനിയെങ്ങോട്ടാ??? ".. തോട്ടടുത്ത വലതുവശത്തേക്കുള്ള റോഡിലേക്ക് കയറിക്കോളാന്‍ നിര്‍ദേശം കിട്ടി.. ആ റോഡില്‍ മൂന്നാമത്തെ വീട്..

     ഒരു ഞരക്കത്തോടെ ഓട്ടോ വീടിന്റെ ഗേറ്റിനു മുന്നില്‍ ചെന്നു നിന്നു... ഞങ്ങളെ പ്രതീക്ഷിചെന്നോണം  ഗേറ്റില്‍ നില്‍ക്കുവായിരുന്ന ഒരു തടിയന്‍ കൊമ്പന്‍ മീശക്കാരന്‍ ഞങ്ങള്‍ക്ക് ഗേറ്റ് തുറന്നു തന്നു... എന്റെ നാട്ടിലെ ബഡായി വീരന്‍ കേണല്‍ അമ്മാവനെയാണ് ഇയാളെ കണ്ടപ്പോള്‍ എനിക്ക് ഓര്മ വന്നത്.. "അല്ല, ഇനി ഇതെങ്ങാനായിരിക്കുമോ പെണ്ണിന്റെ അച്ഛന്‍???? എന്റെ ഭാവി അമ്മായിയച്ചന്‍???" ഹേയ്..  ആവാന്‍ വഴിയില്ല.. ഞാന്‍ എന്നെ തന്നെ സമാധാനിപ്പിച്ചു. മൃഗശാലയിലെ സിഹംകൂട്ടിലേക്ക് നോക്കുന്ന കാഴ്ച്ചകാരന്റെ കൌതുകത്തോടെ അയാള്‍ ഓട്ടോയ്ക്ക് അകത്തേക്ക് തുറിച്ചു നോക്കി.. എന്റെ മുഖം കണ്ടതും അങ്ങേര്‍ക്കു ഒരു പുച്ഛഭാവം.. " ഓ,, ഇവനാണോ ചെക്കന്‍!!!!" അയാളുടെ മനസ്സ് ഞാന്‍ മുഖത്ത് വായിച്ചു.. "പണ്ടാരം.. എന്റെ ആത്മവിശ്വാസം ചോര്‍ത്താനായാണോ ഇയാളെ ഇവിടെ നിര്‍ത്തിയത്?? ആദ്യ പെണ്ണുകാണല്‍ തന്നെ കൊളമാകുമോ??" വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ശ്രീനിവാസന്റെ പെണ്ണുകാണല്‍ ചടങ്ങ് എന്റെ മനസ്സിലേക്ക് ഓടിയെത്തി... " ഓ.. ഇതിനിപ്പോ എന്തായിത്ര പേടിക്കാന്‍..!! ഇത് വെറും പെണ്ണുകാണല്‍ മാത്രമല്ലേ!!! ധൈര്യമായിരിക്കെടാ മോനെ.." എന്നെ ഞാന്‍ തന്നെ സമാധാനിപ്പിച്ചു. വേറെയാരുമില്ലല്ലോ സമാധാനിപ്പിക്കാന്‍....

     ഇതിനിടയില്‍ ഓട്ടോ ഗേറ്റ് കടന്നു മുറ്റത്തെത്തിയിരുന്നു. "ഇറങ്ങുന്നില്ലേ??". നോക്കെത്താദൂരത്ത് കണ്ണുംനട്ട് ചിന്താമാഗ്നനായിരിക്കുന്ന എന്‍റെ തോളില്‍ തട്ടി ശശിയേട്ടന്‍ ചോദിച്ചു. "പെണ്ണിന്റെ വീടെത്തി."  നാണം നിറഞ്ഞ ഒരു ചെറുചിരിയോടെ ഞാന്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ മനസ്സില്‍ പുതിയൊരു ശങ്ക.. "ഇടത്‌ ഓര്‍ വലത് ??" ഏതു കാലുവച്ചിറങ്ങണം??
ഹാ.. ഒരു നല്ലകാര്യത്തിനല്ലേ, വലതുകാല്‍ തന്നെ ആയികൊട്ടെ.. ഇടതുപക്ഷ ചിന്താഗതിക്കാരനായ ഞാന്‍ വലതുകാല്‍ വച്ചിറങ്ങുന്നത് പാര്‍ട്ടി തത്വങ്ങള്‍ക്ക് എതിരാണോ??
"ഇറങ്ങു മോനെ.. ".. ഒരു കാലും ഓട്ടോയ്ക്ക് വെളിയിലെക്കിട്ടു ശങ്കിച്ച് നില്‍ക്കുന്ന എന്നെ തെല്ലൊന്നു പുറത്തേക്കു തള്ളിക്കൊണ്ട് ശശിയേട്ടന്‍ പറഞ്ഞു. അങ്ങനെ ആദ്യമായി വലതു കാല്‍ വച്ച് ഞാന്‍ ആ വീട്ടുമുറ്റത്ത്‌ കാലുകുത്തി. ആംസ്ട്രോന്ഗ് ചന്ദ്രനില്‍ കാലുകുത്തിയെന്നപോലെ...

     ഉടുത്തു പരിചയമില്ലാത്തതിനാല്‍ അഴിഞ്ഞുതുടങ്ങിയ മുണ്ട് ഒരുവിധം മുറുക്കിയുടുത്തു ഞാന്‍ വീടിനു ചുറ്റും ഷൂട്ടിംഗ് തുടങ്ങി, എന്റെ കണ്ണുകള്‍കൊണ്ട്. ഹം.... വീട് വല്ല്യ കുഴപ്പമില്ല..  അത്യാവശ്യം വല്ല്യ വീടാണ്.. ചുറ്റിനും നിരന്നു കിടക്കുന്ന വിശാലമായ തൊടിയിലേക്ക്‌ എന്റെ ക്യാമറ ഞാന്‍ തിരിച്ചു... "ഇതൊക്കെ അമ്മായിയച്ചന്റെതു തന്നെയാണോ ആവോ!!! ആയിരിക്കണേ ഗുരുവായുരപ്പാ....".. പ്രാര്‍ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍... 
    
     ഒരുപാടു കഥാപാത്രങ്ങള്‍ വീടിനുമുന്നിലും കൊലായിലുമായി നിരന്നുനില്‍പ്പുണ്ട്. എല്ലാവരുടെയും കന്നുകാന്‍ എന്നിലേക്ക്‌ തന്നെ. "ഒരു പെണ്ണുകാണലിനു ഇത്രയും ആള്‍കാരൊക്കെ ഉണ്ടാവ്വോ??. ആര്‍ക്കറിയാം!!.". ഇതിപ്പോ എന്റെ ആദ്യത്തെ അല്ലേ!!..സസിയെട്ടനോട് ചോദിക്കാമെന്നു വച്ചാല്‍ നാണക്കേടല്ലേ!!!".. സിനിമയില്‍ കണ്ടിട്ടുള്ള പെണ്ണുകാണല്‍ രങ്ങള്‍ മാത്രമാണ് എനിക്ക് ആകെ ഈ രംഗത്തുള്ള അനുഭവപരിചയം..മനസ്സിലൂടെ ഇത്തരം ചിന്തകള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ ആരോ എന്റെ കൈക്കു കേറിപ്പിടിച്ചു. "ഓ., കേറി പിടിച്ചതല്ല.. shake-hand തന്നതാണ്."..ഇതാണ് പെണ്ണിന്റെ അച്ഛന്‍ എന്ന് ശശിയേട്ടന്‍ അയാളെ പരിചയപ്പെടുത്തി. "close-upന്‍റെ പരസ്യത്തിലെന്നോണം ചിരിച്ചു നില്‍കുന്ന അയാളുടെ മുഖത്തേക്കു നോക്കി ഞാനും ചിരിച്ചെന്നു വരുത്തി.. "വരുത്താ"നേ കഴിയൂ.. കാരണം ടെന്‍ഷന്‍ ഉള്ളില്‍ കിടന്നു പണിതുടങ്ങിയിരിക്കുന്നു..

     തുറിച്ചു നോക്കുന്ന കണ്ണുകള്‍ക്കിടയിലൂടെ ഒരു നായക പരിവേഷത്തില്‍ ഞാന്‍ വീടിനകത്തേക്ക് കയറാന്‍ തുടങ്ങി. slow motion നടത്തവും ഒരു entry music കൂടെയുണ്ടെങ്കില്‍ സംഗതി ഒന്നൂടെ ഉഷാറായേനെ..ചുറ്റും ക്യാമറകണ്ണുകളും ആരാധകവൃന്ദവും നിറഞ്ഞ red-carpet നടത്തമാണ്എനിക്കപ്പോള്‍ ഓര്‍മ്മ വന്നത്.

     അങ്ങനെ "പെണ്ണുകാണല്‍" എന്ന reality showയുടെ ഒന്നാം ഘട്ടം ഞാന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. ബാക്കി ഭാഗം വീടിനകത്ത് വച്ചാണ്, ഗ്രാന്‍ഡ്‌ ഫിനാലെ.... നിറയെ പലഹാരങ്ങള്‍ നിറച്ച ഒരു മേശയ്ക്കു ചുറ്റും ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. എന്റെ പ്രിയപ്പെട്ട "ജിലേബി"യും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.. എന്നെ നോക്കി കണ്ണിറുക്കുന്ന അവനെ കണ്ടില്ലെന്നു നടിക്കയെ ഇപ്പൊ രക്ഷയുള്ളൂ. കാരണം "ചായ കൊണ്ടുവരല്‍" എന്ന ചടങ്ങ്കൂടെ കഴിഞ്ഞെങ്കില്‍ മാത്രമേ എനിക്ക് അവനെ ഒന്ന് സ്നേഹിക്കാന്‍ പറ്റൂ.... നായക കഥാപാത്രത്തെ പരിചയപ്പെടാന്‍ നായികയുടെ ബന്ധുക്കള്‍ ഓരോരുത്തരായി വന്നു തുടങ്ങി.. പെണ്ണിന്റെ അച്ഛന്‍,.. അല്ല.. എന്റെ അമ്മായിയച്ചന്‍, അവരെ വിസ്തരിച്ചു എനിക്കു പരിചയപ്പെടുത്തി.. പരിചയപ്പെടല്‍ കഴിഞ്ഞപോഴേക്കും ഓരോരുത്തരോടും ചിര്ച്ചു എന്റെ വാ വേദനിച്ചു തുടങ്ങിയിരുന്നു. "പണ്ടാരം.. ഇത് വല്ലാത്തൊരു ഏര്‍പ്പാട് തന്നെ..".. എത്രയുംവേഗം ഇതിന്റെയുള്ളില്‍ നിന്നും ഒന്നു പുറത്തിറങ്ങിയാല്‍മതിയായിരുന്നു എന്നു മാത്രമായിരുന്നു അപ്പോഴെന്റെ ചിന്ത.

      "സൌഭാഗ്യവതീ.... എന്നാല്‍പ്പിന്നെ പെണ്ണിനെ വിളിച്ചോളൂ."..... ഒരു dts സൗണ്ടില്‍ അമ്മായിയച്ചന്‍ എന്റെ അമ്മായിയമ്മയോടു പറഞ്ഞു. ഹും... പെണ്ണു വരട്ടെ.... അതിനാണല്ലോ ഞാനും കാത്തിരിക്കുന്നത്... "കാര്യങ്ങളൊക്കെ ശശീന്ദ്രന്‍ വീട്ടുകാരോട് പറഞ്ഞിട്ടുണ്ടല്ലോ അല്ലേ??" ശശിയേട്ടനോടായ് പെണ്ണിന്‍റെ അച്ഛന്‍ ചോദിച്ചു. എല്ലാം "ok"യാണ് എന്നാ മട്ടില്‍ പതിവ് ശൈലിയില്‍ ശശിയേട്ടന്‍ തലകുലുക്കി.. അതിനുമാത്രം ഒന്നും പറഞ്ഞില്ലല്ലോ ഇയാള്‍ എന്നു മനസ്സില്‍ പിറുപിറുത്തുകൊണ്ട് ഞാന്‍ ശശിയേട്ടനെ ഒന്നുതറപ്പിച്ചു നോക്കി. വീടിന്റെ മേല്‍ക്കൂരയുടെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്ന എന്നെ ചെറുതായി നുള്ളിക്കൊണ്ട് ശശിയേട്ടന്‍ ചെവിയില്‍ കുശുകുശുത്തു.. "ഡാ.. പെണ്ണു വരുന്നു.."... "ഹെന്റമ്മോ".. എന്റെ ഉള്ളൊന്നു കാളി..

      മുന്നില്‍ അമ്മായിയമ്മ, പിന്നില്‍ ചായകപ്പുകള്‍ നിറച്ച ട്രേയും പിടിച്ചു അവളും ആ സ്വീകരണമുറിയിലേക്ക് പതുക്കെ കാലെടുത്തുവച്ചു.. ശാലീന സൗന്ദര്യത്തിന്റെ ഉത്തമോദാഹരണമാണ്‌ ഇവള്‍. ഇളം നിറം..വട്ടമുഖം, ഇടുപ്പുവരെ  നീളുന്ന കാര്‍ക്കൂന്തല്‍നിര... ആദ്യകാഴ്ചയില്‍ തന്നെ നായികയെ നായകനു ബോധിച്ചു. അവള്‍ വച്ചുനീട്ടിയ ട്രേയില്‍നിന്നും ചായകപ്പു എടുക്കുമ്പോള്‍ അതുവരെയില്ലാത്തൊരു വിറയല്‍ എന്റെ കൈകള്‍ക്കനുഭവപെട്ടു.. "നാശം.. ഈ കൈ എന്നെ നാണംകെടുത്തുമോ??.. അടങ്ങിയിരി കയ്യേ..!!!!".. ഒരു വിടാം തൂവിപ്പോവാതെ ചായ ഗ്ലാസ്സെടുത്ത് ഞാന്‍ അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചു.. നാണം കൊണ്ടെന്നോണം ഒരു മന്ദഹാസം തന്നു തന്നില്ല എന്ന മട്ടില്‍ അവള്‍ മുഖം തിരിച്ചു പോയ്കളഞ്ഞു.. സിനിമയില്‍ ഞാന്‍ കണ്ട പെണ്ണുകാണല്‍ സീനിലെ നായികമാരും ഇങ്ങനെ തന്നെയാ... നാണക്കാരികള്‍...

       ഞാന്‍ പ്രതീക്ഷിച്ചിരുന്ന ആ ഡയലോഗ് ഉയരാന്‍ അധികസമയം കാത്തിരിക്കേണ്ടി വന്നില്ല. "എന്നാപ്പിന്നെ പെണ്ണിനേം ചെക്കനേം കുറച്ചുനേരം സ്വൈര്യമായി വിടാം അല്ലെ??".. ഇപ്പ്രാവശ്യം ശശിയേട്ടനാണ് നായകന്‍റെ റൊമാന്‍സ് സീനിനു അവസരമൊരുകി ഈ സംഭാഷണം തൊടുത്തുവിട്ടത്.. "ആയികൊട്ടെ" എന്നോണം എല്ലാരും തലകുലുക്കി.. കൂട്ടത്തില്‍ ഞാനും കുലുക്കി, ഒരു രസത്തിന്... ഒരു മുറി ചൂണ്ടിക്കാട്ടി അമ്മായിയമ്മ എന്നോടായ് പറഞ്ഞു " അവള്‍ ആ മുറിയിലുണ്ട്. അങ്ങോട്ട്‌ ചെന്നോളൂ.."...

അമ്മായിയമ്മ പറഞ്ഞ "ആ മുറി"യിലേക്ക് ചോര്‍ന്നുപോയ ആത്മവിശ്വാസം തിരിച്ചു തരണേ എന്ന് സകല ദൈവങ്ങളോടും പ്രാര്‍ഥിച്ചു ഞാന്‍ പ്രവേശിച്ചു. മുറിയുടെ ഒരു കോണിലുള്ള ജനലരികില്‍ ജനല്‍ക്കമ്പിയെ തോണ്ടിപ്പറിച്ചുകൊണ്ട് അവള്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. പതിയെ നടന്നു, ഞാന്‍ മുറിക്കകത്തെ ആ കട്ടിലില്‍ ചെന്നിരുന്നു... മണിച്ചിത്രത്താഴിലെ "നാഗവല്ലി"യുടെ മുറി തുറക്കുമ്പോഴുള്ള ശബ്ദമെന്നോണം കട്ടിലൊന്നു ഞെരുങ്ങി. "ദൈവമേ... എല്ലാംകൂടെ ഇടിഞ്ഞുപൊളിഞ്ഞു വീണോ??".. എന്റെയോ കട്ടിലിന്റെയോ ഭാഗ്യമെന്നറിയില്ല, ഒന്നും സംഭവിച്ചില്ല.. ശബ്ദം കെട്ടു തിരിഞ്ഞുനോക്കി എന്നെനോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന അവളോട്‌ ഒരു  വളിച്ച ചിരിയോടെ ഞാന്‍ ചോദിച്ചു.. "കട്ടില്‍ പാഴയതാണല്ലേ??"... ഉത്തരം അവളൊരു പുഞ്ഞിരിയിലൊതുക്കി..

     ഇനിയിപ്പോ ഇവളോട്‌ എന്തുചോദികണമെന്നറിയാതെ "google search"ല്‍ എന്നോണം ഞാനെന്റ മനസ്സിന്റെ "search box"ല്‍ ചോദ്യങ്ങള്‍ക്കായി പരതിക്കൊണ്ടിരുന്നു. അവസാനം സ്ഥിരം പെണ്ണുകാണല്‍ ചോദ്യം തന്നെ പുറത്തുവന്നു.. "എന്താ കുട്ടീടെ പേര്??"... "സുചിത്ര" എന്നറിഞ്ഞുകൊണ്ടു തന്നെ എന്തെങ്കിലും ചോദിക്കണമെല്ലോ എന്ന് കരുതി ഞാന്‍ ചോദിച്ചു.. ഉത്തരമായ് പുഞ്ചിരി നിറഞ്ഞ മുഖം വീണ്ടും അവളെനിക്കു സമ്മാനിച്ചു.. "എവിടെയാ പഠിച്ചതൊക്കെ??"..എന്റെ അടുത്ത ചോദ്യ ശരം അവള്‍ക്കു നേരെ ഞാന്‍ തൊടുത്തുവിട്ടു. മറുപടിയായ്  അവള്‍ പറഞ്ഞ.. അല്ല.. അവള്‍  കാണിച്ച ആന്‍ഗ്യഭാഷ എന്നെ അടിമുടിയുലച്ചു.. ഒരു നിമിഷനേരത്തേക്ക് ഞാന്‍ നിശ്ചലനായി നിന്നുപോയി.. അവള്‍ "ഊമ"യാണ്. അവള്‍ക്കു സംസാരിക്കാനുള്ള ശേഷി സൃഷ്ടാവ് കൊടുത്തില്ല.. അതുവരെയുണ്ടായിരുന്ന മാനസികാവസ്ഥയില്‍നിന്നും ഞാന്‍ പറയാന്‍വയ്യാത്തൊരു മാനസികനിലയിലേക്ക് മാറിയിരിക്കുന്നു..." എന്തേ ശശിയേട്ടന്‍ എന്നോടിതിനെക്കുറിച്ചു ഒന്നും പറയാതിരുന്നത്??.. എന്തേ ഒരു സൂചനപോലും തന്നില്ല!!!!"...

         നിറകണ്ണുകളോടെ എന്നെ നോക്കിയിരിക്കുന്ന അവളെ അഭിമുഖീകരിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു.. "എന്റെ ഹൃദയം നിലയ്ക്കാന്‍ പോകുവാണോ??"...  തരിച്ചു നില്‍ക്കുന്ന എന്നെ നോക്കി അവള്‍ ആന്‍ഗ്യഭാഷ തുടര്‍ന്നു.. അവള്‍ക്കിത് 9ആമത്തെ വിവാഹാലോചനയാണ്.. ഇതുവരെ വന്നവരെല്ലാം, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വിദ്യാസമ്പന്നര്‍.. ഈയൊരു "കുറവ്" കാരണം എല്ലാരും അവസാനനിമിഷം ഇവളെ കയ്യൊഴിഞ്ഞു.. "കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടല്ലോ" എന്ന അമ്മയിയച്ചന്റെ നേരത്തെയുള്ള ചോദ്യത്തിന്റെ അര്‍ഥം ഇപ്പൊ എനിക്ക് വ്യക്തമായി. ഒക്കെ അറിഞ്ഞിട്ടാണ് ഞാനും ഇവളെ കാണാന്‍ വന്നത് എന്നാണ് അവലടക്കം എല്ലാരുടെയും ധാരണ.

        സുചിത്രയ്ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ട്. ഒപ്പം ഒരു private firm'ല്‍ ജോലിയും..  കുടുംബ പാശ്ചാതലവും തീരെ മോശമല്ല, പാരമ്പര്യത്തിന്റെ കാര്യത്തിലായാലും, സമ്പത്തിന്റെ കാര്യത്തിലായാലും.. എന്നിട്ടും തനിക്കായ്‌ ദൈവം നല്‍കിയ ഈയൊരു ചെറിയ വൈകല്യത്തിന്റെ പേരില്‍ നല്ലൊരു ജീവിതം കിട്ടാന്‍ അര്‍ഹതയില്ലത്തവളാണോ ഈ കുട്ടി??.. വിദ്യാസമ്പന്നതയുടെ കാര്യത്തില്‍ വീമ്പും പറഞ്ഞു നടക്കുന്ന കേരളത്തിലെ യുവസമൂഹത്തിലെ "അവന്മാര്‍" എന്തേ ഇവളെ തള്ളിക്കളയുന്നു??.. ഇതാണോ ഇവരുടെയൊക്കെ വിദ്യ എന്ന അറിവ്??....

       ഇതുവരെ തന്നെ വന്നുകണ്ട ചെക്കന്മാരെപ്പോലെ എന്നിലും അവള്‍ പ്രതീക്ഷയര്‍പ്പിക്കുന്നില്ല എന്ന് അവളുടെ തിളക്കമറ്റ മുഖം എന്നോട് പറയാതെ പറയുന്നുണ്ടായിരുന്നു. അധികസമയം അവിടെ നില്‍ക്കാതെ "പോവുകയാണ്" എന്ന് അവളോട്‌ ആന്‍ഗ്യം കാണിച്ചു ഞാന്‍ മുറിയില്‍ നിന്നും ഇറങ്ങി. പിന്നീടുള്ള കുറച്ചു നിമിഷങ്ങള്‍ തികച്ചും യാന്ത്രികമായെന്നോണം ആ വീട്ടില്‍ കഴിച്ചുകൂട്ടിയ ഞാന്‍ ശശിയെട്ടനെയും വിളിച്ചു അവിടെനിന്നും പടിയിറങ്ങി.. "മറുപടി ഞാന്‍ ഫോണിലൂടെ അറിയിക്കാം".. എനന്നൊക്കെ ശശിയേട്ടന്‍ പെണ്ണിന്റെ അച്ഛനോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.. തിരിച്ചുള്ള യാത്രയില്‍ ഞാന്‍ ആകെ മൂകനായിരുന്നു.. അവളുടെ നിഷ്കളങ്കവും ദു:ഖസാന്ദ്രവുമായ മുഖം എന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോകുന്നില്ല.. എന്നില്‍നിന്നും ആ സത്യം മറച്ചുവച്ച ശശിയെട്ടനോട് എനിക്കപ്പോള്‍ ഒട്ടും ദേഷ്യം തോന്നിയില്ല.. പകരം ദൈവനിശ്ചയമെന്നോണം  എന്നെ അവളിലേക്കെത്തിക്കാന്‍ നിമിത്തമായ അയാളോട് മനസ്സില്‍ ഒരായിരം തവണ ഞാന്‍ നന്ദി പറഞ്ഞു... "അതെ.. എനിക്കായ് ദൈവം കാണിച്ചു തന്ന പെണ്ണാണിവള്‍..".. നിശബ്ദതയുടെ ലോകത്ത്ജീവിക്കുന്ന  അവള്‍ക്കു ഒരു ജീവിതം കൊടുക്കാന്‍ നിയോഗിക്കപെട്ടവനാണ് ഈയുള്ളവന്‍..."...
 
       ഒടുവില്‍ മൊബൈല്‍ഫോണ്‍ എന്നാ ശബ്ദ കോലാഹലങ്ങളില്ലാതെ, കത്തുകളിലൂടെ പ്രണയം കൈമാറിയ കുറച്ചു മാസങ്ങള്‍ക്കു ശേഷം, അവളെ എന്റെ പെണ്ണായ് എന്റെ വീട്ടിലേക്കു കൈപിടിച്ചുകയറ്റുമ്പോള്‍ ഉള്ളില്‍ നിന്നും ആരോ എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു "മകനെ.. നീ ചെയ്തതാണ് ശരിയെന്ന്.."... വലതുകാല്‍ വച്ച് നിലവിളക്കും കയ്യിലേന്തി വീടിനകത്തേക്ക് നടന്നുപോകുന്ന അവളെയും നോക്കി ഞാന്‍ നിന്നു.. എന്റെ നിയോഗം പൂര്‍ത്തിയാക്കപ്പെട്ടത്തിന്റെ കൃതക്ജ്ഞതയോടെ.......      

അലോസരങ്ങളുടെ ശനിയാഴ്ച

                     അലോസരങ്ങളുടെ ശനിയാഴ്ച

  പതിവുപോലെ ഇന്നും 5.30ന് അലാറത്തിന്റെ മണിയടി ശബ്ദം കേട്ടു ഞാന്‍ ഉണര്‍ന്നു. ആകെയൊരു അസ്വസ്ഥത.. മനസ്സ്  അശാന്തമായിരിക്കുന്നു. അധികം വൈകാതെ, 6 മണിയായപ്പോഴേക്കും, വീട്ടില്‍നിന്നിറങ്ങി. ഓഫീസിലേക്ക്..

  ബൈക്കിനടുതെത്തി, കിക്കര്‍ അടിച്ചിട്ടും അടിച്ചിട്ടും വണ്ടി സ്റ്റാര്‍ട്ട്‌ ആവണില്ല.. ഇന്നത്തെ എന്റെ അപശകുനങ്ങള്‍ക്ക് ഇവിടെ തുടക്കമാവുന്നു..കിക്കറിന്മേല്‍ നിര്‍ത്താതെയുള്ള പരിശ്രമം മൂലം ഒടുവില്‍ ബൈക്കിന്‍റെ മനസലിഞ്ഞു.. വണ്ടി സ്റ്റാര്‍ട്ട്‌ ആയി.. ഗേറ്റ് കടന്നു മുന്നോട്ടു പോകുമ്പോള്‍ മനസ്സില്‍ പ്രാര്‍ഥിച്ചു.. "ദൈവമേ.. എന്നത്തേയും പോലെ, ഇന്നും നീ തന്നെ എനിക്ക് തുണയാകണമേ.. ആപത്തൊന്നും കൂടാതെ ഓഫീസില്‍ എത്തിക്കേണമേ.." ഇന്നത്തെ യാത്രയ്ക്ക് ഇവിടെ തുടങ്ങുന്നു.. ഞാന്‍ കുറ്റ്യാടിയിലെത്തി, കോഴിക്കോട് റോഡിലേക്ക് കയറാന്‍ തുടങ്ങിയപ്പോ എതിരെ വന്ന ഒരു ഓട്ടോയുമായി ഇന്ജോടിന്ജ് വ്യത്യാസത്തില്‍ ഇടിക്കാതെ രക്ഷപെട്ടു. ഇന്നത്തെ രണ്ടാമത്തെ കാലക്കേട്‌....

  "എന്റെ ആയുസ്സടുത്തോ??" ഈശ്വരനോടെന്നോണം ഞാന്‍ മനസ്സില്‍ ചോദിച്ചു.. പതിവിലും കുറഞ്ഞ വേഗതയിലായി പിന്നീടുള്ള യാത്ര.. മനസ്സില്‍ എന്തോ ഒരു പേടി കടന്നുകൂടിയിരിക്കുന്നു.. ഇന്നത്തെ ദിവസം എന്തെങ്കിലുമൊക്കെ അരുതാത്തത് നടക്കുമെന്ന് മനസ്സ് വല്ലാതെ ഭയക്കുന്നതു പോലെ..

  ബൈക്കിനോടൊപ്പം എന്റെ ചിന്തകളും സഞ്ചാരം തുടര്‍ന്നുകൊണ്ടിരിക്കെ,പലേരി എത്താന്‍ നേരം,  ബൈക്കിനു കുറുകെ ഒരു പൂച്ച ചാടി..  എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുംമുമ്പേ ആ തൂവെള്ള പൂച്ചയെയും ചതച്ചരച്ചു ബൈക്ക് മുന്നോട്ടു നീങ്ങികഴിഞ്ഞിരുന്നു.
ഞാന്‍ തിരിഞ്ഞുനോക്കിയില്ല, മനസ്സ് ആ ദാരുണ ദൃശ്യം കാണാനുള്ള ശക്തി എനിക്ക് നല്‍കിയില്ല.. അറിയാതെയെങ്കിലും ഞാന്‍ ഒരു കൊലപാതകി ആയിരിക്കുന്നു. ഏതോ ഒരു കുടുംബത്തിലെ ഗൃഹനാഥന്‍ അല്ലെങ്കില്‍ ഗൃഹനാഥ അതുമല്ലെങ്കില്‍ മക്കളില്‍ ഒരാളിനെയാണ് ഇത്തിരിമുമ്പ് ഞാന്‍ ചതച്ചരച്ചത്.. ആ പൂച്ചയുടെ സ്ഥാനത്ത് ഒരു മനുഷ്യനാണെങ്കില്‍??? എന്റെ  മനസ്സില്‍ സംഖര്‍ഷഭരിതമായൊരു അന്തരീക്ഷം തെളിഞ്ഞു വന്നു.. ചിന്തിക്കാന്‍ കൂടെ വയ്യ അത്തരമൊരു അവസ്ഥ.. പക്ഷെ, മനുഷ്യനായാലും, പൂച്ചയായാലും ജീവന്റെ വില തുല്യമാണ്..ജീവിക്കാനുള്ള അവകാശം ഒരേപോലെയാണല്ലോ ജീവികള്‍ക്കെല്ലാം... "ദ്രോഹി, ശ്രദ്ധയില്ലാത്തവന്‍" കുത്തുവാക്കുകള്‍കൊണ്ട് എന്നെ ഞാന്‍ തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. "പൂച്ചയെ കൊന്നാല്‍ പാപം കിട്ടും" എന്ന അമ്മയുടെ വാക്കുകള്‍ എന്റെ മനസ്സിനെ അപ്പോള്‍ ആലോസരപ്പെടുത്തിക്കൊണ്ടിരുന്നു.. ചെവിയില്‍ നിന്നും പൂച്ചയുടെ ആ ചെറിയ ഞരക്കത്തോടുള്ള ശബ്ദം പോകുന്നില്ല. "എന്നോട് പൊറുക്കേണമേ.. മനപൂര്‍വമല്ലെങ്കിലും ഇന്നിതാ ഞാനൊരു പാപം ചെയ്തിരിക്കുന്നു.. പ്രായശ്ചിത്തങ്ങളാല്‍ നികത്താനാവാത്ത പാപം..." ദൈവത്തോട് ഞാന്‍ പ്രാര്‍ഥിച്ചു..

   ഓഫീസിലെത്തിയിട്ടും മനസ്സ് ശാന്തമാകുന്നില്ല.. ഇപ്പോഴും പൂച്ചയും അതിന്റെ ഞരക്കവും എന്നെ ശല്യം ചെയ്യുന്നു... ഏറെ വൈകുംമുമ്പേ അടുത്ത മരണവാര്‍ത്തയയുമായി ശ്രീനിയേട്ടന്‍  [ഓഫീസിലെ മെയില്‍ പേക്കര്‍ ആണ് ശ്രീനിയേട്ടന്‍] കയറിവന്നു.. നരിക്കുനി-പടനിലം റോഡില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ ബസ്സിന്‍റെ ചക്രങ്ങള്‍ക്കടിയില്പെട്ടു ചതഞ്ഞരഞ്ഞ്‌ തല്‍ക്ഷണം മരിച്ചിരിക്കുന്നു. പുറകിലുണ്ടായിരുന്ന സ്ത്രീ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍.. ഒരു യുവാവിന്റെ, ഒരു കുടുംബത്തിന്‍റെ ഒത്തിരി സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്‌ ബസ്സിന്‍റെ ചക്രങ്ങള്‍ക്കടിയില്പെട്ടു ഇത്തിരിമുന്പ് ചതഞ്ഞരഞ്ഞത്.. രാവിലെ വീടുവിട്ടിറങ്ങുമ്പോള്‍ പാവം അറിഞ്ഞിരുക്കുമോ തന്റെ ആയുസ്സ് അടുത്തെന്ന കാര്യം!!!!!!.. എല്ലാം ദൈവത്തിന്റെ വികൃതികള്‍....കാഴ്ചകളെ അപ്പടി, അല്ലെങ്കില്‍ അതിനേക്കാള്‍ മനോഹരമായി അവതരിപ്പികാനുള്ള ശ്രീനിയെട്ടന്റെ കഴിവ് അപാരമാണ്. അതുകൊണ്ടുതന്നെ സംഭവസ്ഥലം കണ്ടുവന്ന ശ്രീനിയേട്ടന്റെ  എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.. ശ്രീനിയേട്ടന്‍ നിര്‍ത്തില്ല എന്നറിയാവുന്നതുകൊണ്ട് ഞാന്‍ ഓഫീസില്‍നിന്നും വെളിയിലേക്കിറങ്ങി...മനസ്സ് ആകെ തളരുന്നതുപോലെ.. മരണങ്ങളും അപകടങ്ങളും നിറഞ്ഞതായിരിക്കുന്നു എന്റെ ഇന്നത്തെ ദിവസത്തിന്റെ തുടക്കം തന്നെ...

   ബൈക്ക് അപകടത്തിന്‍റെ നടുക്കം വിട്ടുമാറുംമുന്‍പേ പോസ്റ്റ്മാന്‍ "രവിയേട്ടന്‍" എത്തി, മറ്റൊരു ആത്മഹത്യാ മരണവാര്‍ത്തയുമായി.. രവിയേട്ടന്റെ വീടിനു സമീപത്തുള്ള ഒരു സ്ത്രീ ഒരു തുണ്ട് കയരിന്മേല്‍ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു.. തന്റെ പിഞ്ചുകുഞ്ഞിനേയും തനിച്ചാക്കി.. ഇവിടെയും കുടുംബപ്രശ്നങ്ങള്‍ തന്നെ വില്ലന്‍.. അനുഭവിക്കേണ്ടി വന്നതോ, ഒന്നും അറിയാത്ത ആ പാവം പൈതലും... ഓഫീസില്‍ ചര്‍ച്ച ആക്സിഡന്റ് മാറി ആത്മഹത്യയായിരിക്കുന്നു..

   ചര്‍ച്ചകള്‍ സജീവമായി തുടരുമ്പോഴും, ഒന്നും മിണ്ടാതെ കമ്പ്യൂട്ടറിന് മുന്നില്‍ തരിച്ചിരിക്കയായിരുന്നു ഞാന്‍.. എനിക്ക് ഇന്ന് ഒരു നശിച്ച ദിവസമാണ്.. ഓട്ടോയുടെ മുന്‍പില്‍ നിന്നും കഷ്ടിച്ച് ഒരു അപകടം ഒഴിവായി, അതും കഴിഞ്ഞു ഒരു പൂച്ചയുടെ ജീവന്‍ ഞാന്‍ എടുത്തു... ഇപ്പോഴിതാ തുടരെ തുടരെ രണ്ടു അസ്വാഭാവിക മരണവാര്‍ത്തകളും.. എനിക്ക് ആകെ ഭ്രാന്തുപിടിക്കയാണോ???.... ഇനിയും ഇന്ന് അനര്‍ത്ഥങ്ങള്‍ ഒന്നും കേള്‍പ്പിക്കാന്‍ ഇടവരുത്തരുതേ എന്ന് ഭഗവാനോട് മനസ്സില്‍ ഒരു നൂറുവട്ടം ഞാന്‍ പ്രാര്‍ഥിച്ചു... ചില ദിവസങ്ങള്‍ അങ്ങനെയാണ്.. ഇതൊക്കെ കാണാനും അനുഭവിക്കാനുമാണോ പിറന്നുവീണത് എന്ന് സ്വയം തോന്നിപ്പോകുന്ന ചില ദിവസങ്ങള്‍.... ഒത്തിരി സന്തോഷങ്ങളും സമാധാനവും കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന വേറെ കുറെ ദിവസങ്ങള്‍.... അനന്തമായ ഈ ജീവിതയാത്രയില്‍ ദൈവം നമുക്കായി തയ്യാറാക്കി വച്ചിരിക്കുന്ന ഓരോ ദിവസങ്ങളും നാം അനുഭവിച്ചുതന്നെയാകണം, അവസാന ദിവസത്തിലെ അവസാന നിമിഷം വരെയും.......


                                                    മിഥുന്‍...