ഒരുപാട് നാളത്തെ എന്‍റെ നിരന്തരമായ ശല്യപ്പെടുത്തലിന്‍റെ ഫലമായി ദൈവം ഒടുവില്‍ ഒരു ദിവസം എനിക്കായ് അനുവദിച്ചു.....പരലോകത്തേക്ക് ഒരു യാത്ര... യാത്ര പകല്‍ സമയം വേണ്ട രാത്രി മതിയെന്ന് ഞാന്‍ ദൈവത്തോട് പറഞ്ഞു.. പകല്‍സമയമാണെങ്കില്‍ ഞാന്‍ മരിച്ചെന്ന് കരുതി വീട്ടില്‍ ആകെ ലഹളയും ബഹളവുമായി പ്രശ്നമയമായിരിക്കും.. അതൊഴിവാക്കാനാണ് രാത്രി സമയം മതിയെന്ന് ദൈവത്തെ അറിയിച്ചത്..
അങ്ങനെ ഒരു തിങ്കളാഴ്ച രാത്രി എല്ലാരും ഉറങ്ങിയത്തിനു ശേഷം ദൈവം എന്നെ കൊണ്ടുപോകാന്‍ വന്നു.. സമയം ഒരു 11 മണി കഴിഞ്ഞുകാണും.. ഞാനും മെല്ലെ ഉറങ്ങിത്തുടങ്ങിയിരുന്നു. ദൈവം മെല്ലെ എന്‍റെ വലതുകൈ പിടിച്ചുയര്‍ത്തി. ഒരു നേന്ത്രപ്പഴത്തിന്‍റെ തൊലി ഉരിയുന്ന ലാഘവത്തോടെ ഞാന്‍ എന്‍റെ ശരീരത്തെ വിട്ട് മുകളിലേക്ക് ഉയര്‍ന്നു. ഇപ്പൊ തൊട്ടുതാഴെ ഉറങ്ങിക്കിടക്കുന്ന എന്‍റെ ചേതസ്സറ്റ ശരീരത്തെ എനിക്ക് കാണാം..
"വാ. പോകാം...".. ദൈവം എന്‍റെ കയ്യും പിടിച്ച് മുകളിലേക്കുയര്‍ന്നു.. വീടിന്‍റെ കോണ്ക്രീറ്റ് മമേല്‍ക്കൂരയും കടന്ന് ഞങ്ങള്‍ ആകാശത്തിലേക്ക് മറഞ്ഞു..
പോകുന്ന വഴിയില്‍ എന്നെപ്പോലെ ഒത്തിരി ആത്മാക്കള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു. നിമിഷംതോറും മരിച്ചുകൊണ്ടിരിക്കുന്നവരുടെ ആത്മാക്കളാണ് ഇവരെന്ന് ദൈവം പറഞ്ഞുതന്നു.. തെളിഞ്ഞ അന്തരീക്ഷം മാറി ചുറ്റും തൂവെള്ള പുകനിറഞ്ഞു.. മുന്നോട്ട് കാണാന്‍ വയ്യാത്ത വിധം നിറഞ്ഞു നില്‍ക്കുന്ന ആ പുകമറയ്ക്കിടയിലൂടെ ദൈവം എന്നെയും കൊണ്ട് യാത്ര തുടര്‍ന്നു. ഒത്തിരി ദൂരം പിന്നിട്ടപ്പോള്‍ പുകമറയ്ക്കുള്ളില്‍നിന്നും ഒരു "ശൂ..." "ശൂ..." വിളി.. ആരാണ് വിളിച്ചതെന്നറിയാന്‍ ദൈവത്തോടൊപ്പം ഞാനും ചുറ്റിനും കണ്ണോടിച്ചു...
"ഹാ.. നീയായിരുന്നോ..?!!. ഭൂമിയിലേക്ക് പോകുന്ന വഴിയായിരിക്കും ല്ലേ..??.."...
ദൈവം കുശലസംഭാഷണം ആരംഭിച്ചിരുന്നുവെങ്കിലും എനിക്കപ്പോഴും ആളെ പിടികിട്ടിയിരുന്നില്ല.. ഇത്തിരിക്കഴിഞ്ഞപ്പോഴാണ് ഞാന്‍ കണ്ടത് 'കാലന്‍' ആയിരുന്നുവെന്നും അന്ന്‍ ജീവന്‍ എടുക്കാനുള്ളവരുടെ ലിസ്റ്റുമായി ഭൂമിയിലേക്കുള്ള യാത്രയായിരുന്നു അതെന്നുമൊക്കെ എനിക്ക് മനസ്സിലായത്. അധികസമയം കുശലസംഭാഷണത്തിന് കാലന്‍ നിന്നില്ല.. കാരണം മൂപ്പര്‍ക്ക് ഇന്നൊരു രാഷ്ട്രീയ നേതാവിന്‍റെ ആത്മാവിനെ കൂട്ടാനുണ്ട് പോലും.. ഒരിടത്തും നില്‍ക്കാതെ നാടുമൊത്തം അലഞ്ഞുതിരിയുന്നവരായതുകൊണ്ട് സമയത്ത് കണ്ടുപിടിച്ചു ആത്മാവിനെ പിടിച്ചപിടിക്ക് കൂട്ടിക്കൊണ്ടുവരാന്‍ കാലന്‍ പോലും ഒത്തിരി പണിപ്പെടാറുണ്ടത്രേ...!!.. അങ്ങേര് ഭൂമിയിലേക്ക് യാത്ര തുടര്‍ന്നു; ഞങ്ങള്‍ പരലോകത്തേക്കും..
കുറച്ചുദൂരം കൂടെക്കഴിഞ്ഞപ്പോള്‍ പുകമറ നീങ്ങി വീണ്ടും അന്തരീക്ഷം തെളിയാന്‍ തുടങ്ങി.. "നമ്മള്‍ എത്താറായിരിക്കുന്നു.." ദൈവം പറഞ്ഞു.. അപ്പോഴേക്കും നല്ല ചന്ദനത്തിന്റെ ഗന്ധം എന്‍റെ മൂക്കിലേക്ക് തുളച്ചുകയറിത്തുടങ്ങിയിരുന്നു.. സ്വര്‍ഗത്തില്‍നിന്നുള്ള മണമാണ് അതെന്ന് ദൈവം അറിയിച്ചു.. അങ്ങകലെയായി രണ്ട് വലിയ കവാടങ്ങള്‍ എനിക്ക് കാണാമെന്നായി.. ഒന്ന് വളരെ ഭംഗിയായി അലങ്കരിച്ചിരിക്കുന്നു.. ഒന്നാണെങ്കില്‍ പൊട്ടിപ്പൊളിഞ്ഞു ആകെ വൃത്തികേടായി കിടക്കുന്നു.. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും പ്രധാന വാതിലുകളാണ് അവയെന്ന എന്‍റെ ഊഹം തെറ്റിയില്ല..പക്ഷേ പൊട്ടിപ്പൊളിഞ്ഞത് സ്വര്‍ഗമാണെന്നും ഭംഗിയില്‍ കെട്ടിയുയര്‍ത്തിയത് നരകമാണെന്നുമറിഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.. കാരണമന്വേഷിച്ചപ്പോള്‍ ദൈവം പറഞ്ഞതിങ്ങനെ..
" പണ്ട് ഇന്നത്തെ നരകം പോലെ സ്വര്‍ഗ്ഗവും വളരെ മനോഹരമായിരുന്നു.. കാലം പോകുന്നതിനനുസരിച്ച് നരകത്തിലേക്കുള്ള ആത്മാക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും സ്വര്‍ഗത്തിലേക്കുള്ള പ്രവേശകര്‍ അസാധാരണമാംവിധം കുറയുകയും ചെയ്തു... തത്ഫലമായി നരകത്തില്‍ സ്ഥലം മതിയാകാതെ വരികയും പതിയെ പതിയെ സ്വര്‍ഗത്തിന്‍റെ സ്ഥലം കുറേശ്ശെയായി നരകത്തിനായി പകുത്തു നല്കിത്തുടങ്ങുകയും ചെയ്തു.. വന്നു വന്നു സ്വര്‍ഗം ഇപ്പൊ തീരെ ഇല്ല എന്നുതന്നെ പറയാം.. അല്ലെങ്കില്‍ നീ ആ കാണുന്നത് സ്വര്‍ഗത്തിന്‍റെ ഇന്നത്തെ ശേഷിപ്പുകള്‍ മാത്രം..".. ദൈവം തെല്ല് വിഷമത്തോടെ പറഞ്ഞു..
ദൈവം ആദ്യം എന്നെ കൊണ്ടുപോയത് നരകത്തിലേക്കാണ്.. ആ വലിയ കവാടം ദൈവം അരികിലെത്തിയപ്പോഴേക്കും താനേ തുറന്നു.. ദൈവത്തിനു പുറകെ അകത്തേക്കുകയറിയ എന്‍റെ മൂക്കിലേക്ക് ചോരയുടെയും വെന്ത ഇറച്ചിയുടെയും മണം ഇരച്ചുകയറിത്തുടങ്ങി. കൊമ്പന്‍മീശക്കാരായ രണ്ടു കാവല്‍ക്കാര്‍ ഞങ്ങളെ അകത്തേക്ക് വരവേറ്റു..
"എന്‍റെ കൂടെ വന്നതുകൊണ്ടാണ് നിനക്കിപ്പോ ഈ സ്വീകരണമൊക്കെ.. ഇനി മടങ്ങിപ്പോക്കില്ലാത്ത ഇങ്ങോട്ടേക്കുള്ള നിന്‍റെ യാത്ര നരകത്തിലെക്കാണെങ്കില്‍; ദാ ആ കാണുന്ന പാത വഴിയാണ് നീ അകത്തേക്ക് പ്രവേശിക്കേണ്ടത്.. നിങ്ങളോരോരുത്തരും ചെയ്ത തെറ്റുകളുടെ കാഠിന്യമനുസരിച്ച് ആ പാത കുപ്പിചില്ലുകളാലും മുള്ളുകളാലും നിറയും; ചിലപ്പോള്‍ തീക്കനലുകള്‍ നിറഞ്ഞതാവും.. ശിക്ഷയുടെ ആദ്യപടി അവിടെ തുടങ്ങുന്നു....". ദൈവത്തിന്‍റെ വാക്കുകള്‍ എന്നില്‍ ചെറിയ ഭയം നിറച്ചു....
ഇരുഭാഗത്തും കരിങ്കല്ലിനാല്‍ നിര്‍മ്മിതമായ നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്ന വലിയ രണ്ടു ഹാളുകള്‍ക്കിടയിലൂടെയുള്ള ചെറിയ പാതയിലൂടെ ഞങ്ങള്‍ നരകത്തിന്‍റെ അകത്തളങ്ങളിലേക്ക് നടന്നു.. ഇത്തിരിനടന്നപ്പോഴേക്കും കുറേ തലമുടിക്കെട്ടുകളും മുന്നില്‍വച്ച് ഒരു സ്ത്രീ ഇരിക്കുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു മുടിനാരിഴയും ചെറുതായി കീറുന്ന തിരക്കിലാണ് മൂപ്പത്തി.. ഏറെ ശ്രദ്ധയോടെ ജോലിചെയ്യുന്ന പേടിപ്പെടുത്തുന്ന രൂപത്തോട് കൂടിയ ആ സ്ത്രീ എന്നെ കണ്ടഭാവം പോലും നടിച്ചില്ല.. തൊട്ടടുത്തുതന്നെ അതേ രൂപത്തിലുള്ള ഒരു സ്ത്രീരൂപം രണ്ടാള്‍ വാവട്ടമുള്ള ഒരു വലിയ ഉരുളിയില്‍ എണ്ണ തിളപ്പിക്കുന്നു.. ഉരുളിയ്ക്കുമുകളില്‍ ഇരുവശത്തുമായി ഉറപ്പിച്ച തൂണിനോട് ചേര്‍ത്ത് മുടിനാരിനാല്‍ നിര്‍മിച്ച ഒരു നേര്‍ത്ത ചരട് വലിഞ്ഞുകെട്ടിയിരിക്കുന്നു.. ഒരു കൊമ്പന്‍ മീശക്കാരന്‍ അടുത്ത മുറിയില്‍നിന്നും ഒരു കൈ നഷ്ടപ്പെട്ട ഏതോ ഒരു ആത്മാവിനെ പിടിച്ചുകൊണ്ടുവന്നു,, തിളച്ച എണ്ണ ഇളക്കിക്കൊണ്ടിരിക്കുന്ന ആ സ്ത്രീ ഇളക്കല്‍ നിര്‍ത്തി ആ ആത്മാവിനെ തൂണിന്മേല്‍ കേറ്റിനിര്‍ത്തി ചരടിന് മുകളിലൂടെ നടക്കാന്‍ ആജഞാപിച്ചു.. തപ്പിത്തടഞ്ഞു നടത്തം തുടങ്ങിയ ആ ആത്മാവ് പകുതിദൂരമേത്തിയപ്പോഴേക്കും കമഴ്ന്നടിച്ച് താഴെ തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയിലേക്ക് വീണു.. ഏകദേശം രണ്ട് മിനുട്ട് എണ്ണയില്‍ കിടന്ന് തിളച്ച ആത്മാവിനെ ആ സ്ത്രീ രൂപം ചട്ടുകംകൊണ്ട് കോരിയെടുത്ത് തൊട്ടടുത്ത് നിറച്ച പച്ചവെള്ളം നിറച്ച ടാങ്കിലേക്ക് ഇട്ടു.... "ശര്‍ര്‍ര്‍ര്‍ര്‍...." എന്ന ശബ്ദത്തോടെ അയാള്‍ വെള്ളത്തില്‍ കിടന്നു പുളയുന്നത് ഞാന്‍ വളരെ ദയനീയതയോടെ നോക്കിനിന്നു.. നരകത്തിലേക്ക് കാലെടുത്തുവച്ചപ്പോള്‍ കിട്ടിയ വെന്ത ഇറച്ചിമണത്തിന്‍റെ കാരണം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്..
"എന്തേയ്..?.. കണ്ടുനില്‍ക്കാന്‍ പറ്റുന്നില്ലേ??..".. എന്‍റെ തോളില്‍ തട്ടിക്കൊണ്ട് ദൈവം ചോദിച്ചു..
ഇയാള്‍ ഭൂമിയില്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ കണക്കുപുസ്തകം കണ്ടാല്‍ നീ തന്നെ പറയും ഇവന് ഈ ശിക്ഷ പോരാ എന്ന്..!! നീ വാ... ഇനിയും ഏറെ കാണാനുണ്ട്..."... ദൈവം എന്നെയും കൂട്ടി നടത്തം തുടര്‍ന്നു..
കുറേ ദൂരം ഉരുളിയും തിളച്ച എണ്ണയും മാത്രമായി കാഴ്ച.. ഇത്തിരികൂടെ മുന്നോട്ടുപോയപ്പോള്‍ ചുട്ടുപൊള്ളുന്ന ഇരിമ്പ് തകിടിന്മേല്‍ കയറ്റിനിര്‍ത്തി ശിക്ഷാവിധി കാണാനായി.. അങ്ങനെ പലവിധത്തിലുള്ള ഹൃദയം തകര്‍ക്കുന്ന കാഴ്ചകള്‍...!! ഇത്തരം കാഴ്ച്ചകള്‍ക്കിടയിലൂടെ നടന്ന് ഞങ്ങള്‍ മറ്റൊരു ഇരുട്ട് മുറിയിലേക്ക് പ്രവേശിച്ചു.. എങ്ങുനിന്നോ വരുന്ന അരണ്ട വെളിച്ചം മാത്രം നിറഞ്ഞ നീണ്ട ഒരു വരാന്ത.. ആ വരന്തയ്ക്ക് ഇരുവശവുമുള്ള മുറികളില്‍ ഓരോന്നിലും ഓരോ ആത്മാക്കളെയായി ലിംഗത്തില്‍ കമ്പി തുളച്ചുകേറ്റി കയറില്‍ കെട്ടിത്തൂക്കിയിരിക്കുന്നു.. "ഹോ..!! അമ്മേ..!!.." കണ്ട കാഴ്ച്ചയില്‍ത്തന്നെ അറിയാതെ ഞാന്‍ കണ്ണുപൊത്തിപ്പോയി.. കൈകളാല്‍ കണ്ണുമറച്ചു നില്‍ക്കുന്ന എന്‍റെ തോളില്‍തട്ടി ദൈവം മൊഴിഞ്ഞു..
"കുട്ടീ... ഭൂമിയില്‍ വച്ച് സ്വന്തം മാതാവിനെ, സ്വന്തം മകളെ, പെങ്ങളെ പീഡിപ്പിച്ച കാമഭ്രാന്തന്മാരായ മനുഷ്യരുടെ ആത്മാക്കളാണിവര്‍..ബന്ധങ്ങള്‍ക്ക് തെല്ലും വില കല്‍പ്പിക്കാതെ ഇവര്‍ ചെയ്തുകൂട്ടിയ മാപ്പര്‍ഹിക്കാത്ത അത്തരം തെറ്റുകള്‍ക്ക് ഈ ശിക്ഷ എന്തെങ്കിലും ആവുമോ?? നീ തന്നെ പറയ്...??.."..
"ഇല്ല" എന്നമട്ടില്‍ ഞാന്‍ അറിയാതെ തലയാട്ടിപ്പോയി...
ദൈവം പറഞ്ഞത് ശരിയാണ്.. പെണ്ണിനെ വെറും ശരീരം മാത്രമായി കാണുന്ന,അമ്മയെന്നോ പെങ്ങളെന്നോ വത്യാസമില്ലാതെ സ്വന്തം മക്കളില്‍പോലും കാമം തീര്‍ക്കുന്ന, മനുഷ്യവര്‍ഗത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന അത്തരക്കാര്‍ ഭൂമിയിലെ ശിക്ഷാവിധികളില്‍നിന്ന് രക്ഷപ്പെട്ടാലും ഇവിടെ ഈ ലോകത്ത് അവര്‍ അനുഭവിക്കുകതന്നെചെയ്യും എന്നറിഞ്ഞപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു സന്തോഷവും കുളിര്‍മയും തോന്നി.. "ഇത് പോരാ.. ഇവര്‍ ഇതിനെക്കാള്‍ കൂടുതല്‍ അനുഭവിക്കണം.." എന്ന്‍ മനസ്സില്‍ ചിന്തിച്ച് നടന്നുനീങ്ങിയ എന്‍റെ മുന്നില്‍ വീണ്ടും കടുത്ത ശിക്ഷാരീതികള്‍ തന്നെ..... ലിംഗം ഉള്ളിത്തണ്ട് അരിയുന്ന ലാഖവത്തോടെ അരിഞ്ഞുതള്ളുന്നത് ഒരിടത്ത്.. വേദന കൊണ്ട് പുളയുന്ന ആത്മാക്കളുടെ അലര്‍ച്ചയും ഞരക്കവും ആ വരാന്തയില്‍ തലം കെട്ടികിടന്നു.. മറ്റൊരു മുറിയില്‍ ഒരു സ്ത്രീയെ തലകീഴായി കെട്ടി തൂക്കി പഴുത്ത ഇരുമ്പ്കമ്പികള്‍ കൊണ്ട്ദേഹം മുഴുവന്‍ പൊള്ളിക്കുന്നു.. അവര്‍ ഭൂമിയില്‍ വച്ച് സ്വന്തം ഭര്‍ത്താവിനെയും മക്കളെയും കാമുകനോടൊപ്പം ചേര്‍ന്ന് നിഷ്ഠൂരമായി കൊലപ്പെടുത്തിയവളാണെന്ന്‍ദൈവം അറിയിച്ചു.. വേദനകൊണ്ടു പുളയുന്ന അവളെക്കണ്ടപ്പോള്‍ ആദ്യം സങ്കടം തോന്നിയെങ്കിലും കാര്യമറിഞ്ഞപ്പോള്‍ അവളിലെ വേദന എനിക്ക് ഒരു ലഹരിയായി തോന്നി.. വേറൊരു കോണില്‍ പ്രായം ചെന്ന ഒരു ആത്മാവിന്‍റെ ദേഹത്ത് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കീറിമുറിപ്പാടുണ്ടാക്കിക്കൊണ്ടിരിക്കുന്നു. മാത്രവുമല്ല തിളച്ചുമറിയുന്ന എണ്ണ മുറിവുകളിലേക്ക് ഒഴിക്കുന്നുമുണ്ട്..
"കാല്‍ നിലത്തുറയ്ക്കാത്ത പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ മുത്തച്ഛനാണദ്ദേഹം..".. അയാളെ ദൈവം എനിക്കായ് പരിചയപ്പെടുത്തി.. "ആ കത്തിക്കൊണ്ട് കീറിമുറികച്ചുകൊണ്ടിരിക്കുന്നത് ആ പിഞ്ചുകുഞ്ഞും.... മുത്തച്ഛന്‍റെ വരവിനായി കാത്തിരിക്കയായിരുന്നു ആ കുട്ടി.. ഒടുവില്‍ രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് കാലന്‍ അയാളെ ഇങ്ങോട്ട് കൊണ്ടുവന്നത്.. ആത്മാക്കള്‍ക്ക് ശിക്ഷിക്കാന്‍ മറ്റൊരു ആത്മാവിന് ഇവിടെ അധികാരമില്ല.. എന്നാലും ആ കുഞ്ഞിനെ ഞാന്‍ അതിനനുവദിച്ചു... അയാള്‍ക്കുള്ള ശിക്ഷ നടപ്പാക്കാന്‍ ഏറ്റവും യോഗ്യത അവള്‍ക്ക് തന്നെ.."... ഇതും പറയുമ്പോള്‍ അതുവരെ നനയാതിരുന്ന ദൈവത്തിന്‍റെ കണ്ണുകളില്‍ കണ്ണുനീര്‍ത്തുള്ളികള്‍ നിറയുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.. ദൈവം എന്നെയും കൂട്ടി മുന്നോട്ടു നീങ്ങിയപ്പോള്‍ അവളുടെ കയ്യില്‍ നിന്നും കത്തി വാങ്ങി ഞാനും അയാളെ തലങ്ങും വിലങ്ങും കീറി മുറിച്ചു.. "കാമാഭ്രാന്തന്‍.. അനുഭവിക്കട്ടെ..."..
ആ വരാന്തയും ചുറ്റുപാടും മുഴുവന്‍ കാമാസക്തി മൂത്ത് പലവിധകുറ്റങ്ങള്‍ ചെയ്തുകൂട്ടിയവര്‍ക്കുള്ളതായിരുന്നു..
"ദൈവമേ.... മതി..!!!. ഇനി എനിക്ക് ഇതില്‍കൂടുതല്‍ കാണാനുള്ള ശേഷിയില്ല... നമുക്കിവിടെനിന്ന് പുറത്തിറങ്ങാം... "..
ഒരു ചെറുചിരിയോടെ ദൈവം നിമിഷങ്ങള്‍ക്കകം എന്നെയുംകൊണ്ട് നരകത്തിന് പുറത്തെത്തി.. എന്‍റെ മനസ്സ് ആകെ തളര്‍ന്നിരുന്നു.. കയ്യും കാലും വിറയ്ക്കുന്നതുപോലെ എനിക്കുതോന്നി.. തൊണ്ട വരണ്ടിരിക്കുന്നു.. "വെള്ളം...!!"... കുഴയുന്ന നാക്കുകളാല്‍ ഞാന്‍ ദൈവത്തോട് പറഞ്ഞു.
സേവകര്‍ കൊണ്ടുവന്ന അ മോന്തയിലെ വെള്ളം ദൈവമെനിക്ക് കുടിക്കാന്‍ തന്നു.. ചോരമണക്കുന്ന ആ വെള്ളം വായിലേക്കൊഴിച്ചപ്പോള്‍ എനിക്ക് ചര്‍ദിക്കാന്‍ വന്നു.. ഒരു ഒക്കാനത്തോടെ വെള്ളം ഞാന്‍ പുറത്തേക്കു തുപ്പി..
അപ്പോഴും ചിരിച്ചുകൊണ്ടേയിരുന്ന ദൈവം തളര്‍ന്നിരിക്കുന്ന എന്നെയും കൈകളില്‍ താങ്ങി വളരെവേഗം സ്വര്‍ഗവാതില്‍ക്കലെത്തി.. ദൈവത്തിന്‍റെ ആജ്ഞ പ്രകാരം കാവല്‍ഭടന്മാര്‍ കൊണ്ടുവന്ന ആ തണുത്ത ഇളം മധുരമുള്ള വെള്ളം ഒരു തുള്ളി കുടിച്ചപ്പോഴാണ് എനിക്ക് തെല്ലൊരാശ്വാസം വന്നത്.. "ഹാവൂ...!!..".. ഞാന്‍ അറിയാതെ പറഞ്ഞുപോയി... "വരണ്ടായിരുന്നു തോന്നുന്നുണ്ടോ നിനക്കിപ്പോ..??." ദൈവത്തിന്‍റെ ചോദ്യത്തിനു മറുപടിയൊന്നും പറയാതെ ഞാന്‍ ചിരിച്ചു... അഞ്ചു മിനിറ്റ് നേരത്തെ വിശ്രമത്തിന് ശേഷം ദൈവം സ്വര്‍ഗത്തിലേക്ക് ക്ഷണിച്ചു.. "നമുക്കിനി അധികം സമയമില്ല.... ഇനിയും ഒത്തിരി കാണാനുണ്ട്.. വേഗം വരിക ഉണ്ണീ.. ".. ദൈവം പറഞ്ഞു..
പൊട്ടിപ്പൊളിഞ്ഞ ആ വലിയ കവാടം തുറന്ന് ഞങ്ങള്‍ അകത്ത് കാലെടുത്തുവച്ചു.. ചുറ്റും സുഗന്ധം പരത്തുന്നതും നയനമനോഹരങ്ങളുമായ പൂക്കള്‍ നിറഞ്ഞ പൂന്തോട്ടം.. പൂന്തോട്ടത്തില്‍ അവിടെവിടെയായി പാറിപ്പറക്കുന്ന പൂമ്പാറ്റകളും തുമ്പികളും... "ഹാ,, എത്ര മനോഹരം...!!". പൂക്കളെ തൊട്ടുതലോടി നടന്നു നീങ്ങിയ എന്‍റെ കണ്ണുകള്‍ അങ്ങകലെ കാണുന്ന മരത്തണലില്‍ ചെന്നുടക്കിനിന്നു.. അവിടെ കുറേ ആത്മാക്കള്‍ ഇരിക്കുന്നുണ്ട്.. ഒരാള്‍ (കണ്ടാല്‍ സന്യാസിയെ പോലിരിക്കും) അവര്‍ക്ക് ക്ലാസ്സെടുക്കുന്നു... ഞാനും ദൈവവും ആ മരച്ചുവട്ടിലേക്ക് നടന്നു.. എന്താണ് അവിടെ നടക്കുന്നതെന്ന് ദൈവത്തില്‍ നിന്ന് അറിഞ്ഞപ്പോള്‍ എനിക്ക് ഇത്തിരി അമ്പരപ്പ് തോന്നി.. നേരത്തെ ഞാന്‍ നരകത്തില്‍ വച്ച് കണ്ട എണ്ണയില്‍ തിളച്ചവരും തീപ്പലകയ്ക്കുമേല്‍ തുള്ളിയവരുമോക്കെയാണ് മുന്നില്‍ ഇരിക്കുന്നത്.. "മരണം" എന്നത് ഒരിക്കല്‍ മാത്രം സംഭവിക്കുന്നതായതിനാല്‍ നരകത്തില്‍ നിന്ന്‍ ആത്മാക്കള്‍ക്ക് എന്ത്‌തന്നെ ശിക്ഷ ലഭിച്ചാലും വീണ്ടും "മരണം" എന്നൊരവസ്ഥ അവിടെ ഉണ്ടാകുന്നില്ല.. അത്തരത്തില്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞ ആത്മാക്കളെ സ്വര്‍ഗത്തിലേക്ക് കൊണ്ടുവന്ന് ഉപദേശങ്ങള്‍ കൊടുത്ത് ചെയ്ത തെറ്റിന്‍റെ കാഠിന്യവും പാപവും മനസ്സിലാക്കിക്കൊടുത്ത് നേര്‍വഴിക്കു നയിക്കുന്നതാണ് എന്‍റെ മുന്നില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ക്ലാസ്സെടുക്കലിലൂടെ ഉദ്ദേശിക്കുന്നത്.. മാനസാന്തരം വന്ന് അവര്‍ നന്മയിലേക്ക് വന്നുകൊണ്ടിരിക്കുമ്പോള്‍, നല്ലവരായി മാറിക്കൊണ്ടിരിക്കുമ്പോള്‍ അവരുടെ ദേഹത്തെ മുറിപ്പാടുകളും പൊള്ളലുകളുമൊക്കെ താനേ മായുന്നു. കാലക്രമേണെ അവര്‍ പൂര്‍വസ്ഥിതി പ്രാപിക്കുന്നു.. അത്തരത്തില്‍ പൂര്‍വസ്ഥിയിലായവരില്‍ ഭാഗ്യമുള്ള ആത്മാക്കള്‍ക്ക് വീണ്ടും ഭൂമിയില്‍ പോകാന്‍ അവസരവും ലഭിക്കുന്നു..
"കുട്ടീ.. ആ ഉപദേശങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നത് ഭൂമിയില്‍ നന്മകള്‍ മാത്രം ചെയ്ത് ഇവിടെ എത്തിയ ഒരു ആത്മാവാണ്.. നിങ്ങള്‍ മനുഷ്യര്‍ ഇടയ്ക്കിടെ പറയാറില്ലേ നല്ലവരെ ദൈവം പെട്ടെന്ന് മുകളിലേക്ക് വിളിക്കും എന്ന്..??? അതെന്തിനാനെന്നറിയോ നിനക്ക്??? ചില സമയങ്ങളില്‍ ഇങ്ങനെ ക്ലാസ്സെടുക്കാനും ഉപദേശിക്കാനും സ്വര്‍ഗത്തില്‍ ആത്മാക്കള്‍ മതിയാക്കാതെ വരും.. ആ കുറവ് നികത്താന്‍ വേണ്ടിയാണ് ഭൂമിയിലെ ഏറ്റവും നല്ലവരായ, നന്മ മാത്രം നിറഞ്ഞ മനുഷ്യാത്മാക്കളെ എനിക്ക് പെട്ടെന്ന് ഇവിടേയ്ക്ക് കൊണ്ടുവരേണ്ടിവരുന്നത്....".. ചിരിച്ചുക്കൊണ്ട് ദൈവം പറഞ്ഞു...
കുറച്ചു നേരം ഞാന്‍ ആ ഉപദേശകന്‍റെ ഉപദേശങ്ങള്‍ കേട്ടിരുന്നു.. മുന്നില്‍ ഇരിക്കുന്നവരില്‍ പലരെയും എനിക്ക് ഭൂമിയില്‍ വച്ചുകണ്ട പരിചയം തോന്നുന്നുണ്ട്.. നാട്ടില്‍ കള്ളാ സ്വാമിമാരായി വിലസിയവരും, രാഷ്ട്രീയ നേതാക്കളും, ഗുണ്ടാത്തലവന്മാരുമൊക്കെ അക്കൂട്ടത്തില്‍ ഇരിക്കുന്നുണ്ട്.. വെന്തുരുകിയ വികൃതമായ മുഖമായതിനാല്‍ ആരെയും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല.. പെട്ടെന്നാണ് "ണിം... ണിം...." എന്ന വലിയ ശബ്ദത്തോടെ ഒരു മണിമുഴങ്ങിത്തുടങ്ങിയത്... മരത്തണലിലിരുന്നിരുന്ന ആത്മാക്കളൊക്കെ എണീറ്റ് അകത്തേക്ക് നടത്തം തുടങ്ങി...
"പ്രാര്‍ത്ഥന ആരംഭിക്കാന്‍ പോകുന്നു.. അതിന്‍റെ മണിയാണ് നീ ഇപ്പോള്‍ കേട്ടത്.. ഇനി നിനക്കിവിടെ നില്‍കാന്‍ അനുവാദമില്ല.. വേഗം വന്നാലും.. "... ദൈവം എന്‍റെ കൈ പിടിച്ചുവലിച്ചു...
"മടങ്ങാന്‍ സമയമായി ഉണ്ണീ..."..
സ്വര്‍ഗ്ഗവും നരകവും വിട്ട് ഞാനും ദൈവവും മടക്കയാത്ര ആരംഭിച്ചു.. വന്നതിനേക്കാള്‍ ഇരട്ടിവേഗത്തിലായിരുന്നു തിരിച്ചുള്ള യാത്ര.. കാരണമന്വേഷിച്ചപ്പോള്‍ എന്നെക്കൊണ്ടുവിട്ടിട്ട് "പ്രാര്‍ത്ഥന" തുടങ്ങുന്നതിന് മുന്‍പ് ദൈവത്തിന് സ്വര്‍ഗത്തില്‍ മടങ്ങിയെത്തണം എന്നറിയിച്ചു.. വരുന്നവഴിക്ക് രാഷ്ട്രീയ നേതാവിനെ തപ്പിപിടിച്ച് കൊണ്ടുപോകുന്ന കാലനെ ഞങ്ങള്‍ കണ്ടു.. നാളത്തെ പത്രത്തില്‍ മെയിന്‍ വാര്‍ത്തയായി എനിക്ക് കാണാം ഇയാളുടെ മരണ വാര്‍ത്ത.. അധികം വൈകാതെ എനിക്കെന്‍റെ വീട് കാണാമെന്നായി.. ഞാനും ദൈവവും മുറിക്കകത്തെത്തി.. അവിടെ ഇപ്പോഴും എന്‍റെ ശരീരം അനക്കമറ്റ് കിടക്കുകയാണ്. ദൈവത്തിന്‍റെ നിര്‍ദേശപ്പ്രകാരം ഞാന്‍ എന്‍റെ ധെഹതിനുമേല്‍ മെല്ലെ കിടന്നു.. ദൈവം എന്‍റെ നെഞ്ഞിനുമുകളില്‍ ശക്തിയായി ഒന്നമര്‍ത്തി.. ഒരു പിടയലോടെ ഞാന്‍ വീണ്ടും എന്‍റെ ശരീരത്തിനകത്തായി.. ഞെട്ടലോടെ ഞാന്‍ കണ്ണുതുറന്നു.. "ഇല്ല, ദൈവത്തെ കാണുന്നില്ല.. ദൈവം യാത്രയായിരിക്കുന്നു..". സമയം 6 മണിയോടടുക്കുന്നു.. ഓഫീസില്‍ പോകണം.. ഞാന്‍ പതിയെ എണീറ്റു.. പരലോകം കാണാന്‍ ഒരു ദിവസം എനിക്കായ് അനുവദിച്ച ദൈവത്തിന് ഒരിക്കല്‍ക്കൂടെ നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ വാതില്‍ തുറന്ന്‍ പുറത്തേക്കിറങ്ങി.. നരകത്തിലെ ശിക്ഷകളും സ്വര്‍ഗത്തിന്‍റെ മാനോഹാരിതയും മനസ്സിലാക്കിയ ഞാന്‍ ഇനി തെറ്റ് ചെയ്യില്ല എന്ന് കണ്ണാടിക്ക് മുന്നില്‍പ്പോയി ശപഥം ചെയ്തു.. ബ്രഷ് കയ്യിലെടുത്തു.. ഇനി വീണ്ടും ജീവിതത്തിരക്കിലേക്ക്...


