='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍

Saturday, 29 March 2014

സീരിയല്‍ വരുത്തിയ വിന



    ഓഫീസ് കഴിഞ്ഞു വീട്ടിലേക്കുള്ള മടക്കയാത്ര. സന്ധ്യാസമയം... ഗേറ്റ് തുറന്ന് വീട്ടുമുറ്റത്ത്‌ കാലെടുത്തുവച്ചപ്പോ തന്നെ എനിക്ക് ഹാലിളകി.. ഉമ്മറത്ത് നിലവിളക്ക് പോയിട്ട് ലൈറ്റ് പോലും ഇട്ടിട്ടില്ല.. വാതിലാണേല്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.. സുചിത്രയോടു (എന്റെ പ്രിയ പത്നി, എന്റെ വാമഭാഗം.)  നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഞാന്‍ പറഞ്ഞതാണ് സന്ധ്യാസമയത്ത് നിലവിളക്ക് വയ്ക്കാന്‍ മറക്കരുത്, വാതില്‍ ഇങ്ങനെ തുറന്നിട്ട്‌ അകത്ത്പോയി കുത്തിയിരിക്കരുത് എന്നൊക്കെ... ആര് കേള്‍ക്കാന്‍..!!! "ഫാര്യ"യാണത്രേ ഫാര്യ... ഇവള്‍ക്കിവിടെ ഇതല്ലാതെ വേറെന്താ പണി?? ഇന്നിവള്‍ക്ക് രണ്ടു കൊടുത്തിട്ടുതന്നെ ബാക്കി കാര്യം" എന്നൊക്കെ മനസ്സില്‍ കരുതിയുറപ്പിച്ചു അകത്തേക്ക് കയറിയ ഞാന്‍ കണ്ട കാഴ്ച്ച നേരത്തെ പ്രതീക്ഷിച്ചത് തന്നെ.. ചെവിക്കല്ല് പൊട്ടുന്ന വോള്യത്തില്‍ ടിവി തുറന്നു വച്ച് അതിന്റെ മുന്നില്‍ കുത്തിയിരിക്കയാണ് എന്റെ പ്രിയതമ.. കയ്യില്‍ ഒരു കത്തിയുമുണ്ട്.. പച്ചക്കറി നുറുക്കയാണ്..  കണ്ണില്‍ വെള്ളം നിറഞ്ഞിരിക്കുന്നു.. പച്ചക്കറിക്കൂട്ടത്തിലെ ഉള്ളിയുടെ ഇഫക്റ്റ് ആണ് ഈ കണ്ണീര്‍ എന്ന് നിങ്ങള്‍ കരുതിപ്പോയെങ്കില്‍ തെറ്റി.. കണ്ടുകൊണ്ടിരിക്കുന്ന സീരിയല്‍ തലയ്ക്കു കേറിപ്പിടിച്ചപ്പോ കണ്ണീരിന്റെ രൂപത്തില്‍ സങ്കടം ധാര ധാരയായി ഒഴുകുകയാണ്... സന്ധ്യയായാല്‍ ഇവള്‍ക്കിപ്പൊ ഇതാണ് പണി.. "സീരിയല്‍ യജ്ഞം".. ഇനി രാത്രി 10 മണി കഴിയാതെ ഇവിടെ ഭൂകമ്പം ഉണ്ടായാല്‍പ്പോലും ഇവള്‍ ഇതിന്‍റെ മുന്‍പീന്നു എണീക്കത്തില്ല.. അവള്‍ടെ കയ്യിലെ കത്തി കണ്ടതോടെ അടിമുടി ഇരച്ചുകയറിയ എന്റെ ദേഷ്യം പകുതി ആവിയായിപ്പോയി.. ബാക്കി പകുതിയുടെ ബലത്തില്‍ അവളെ ഞാന്‍ അലറിവിളിച്ചു..
"എടീ..............!!!...".... കേട്ടഭാവമില്ല..... ആഹാ.. അത്രയ്ക്കായോ... "എടീ സുചിത്രേ.......!!!..."......

"എന്നതാ മനുഷ്യനെ കെടന്നു കാറുന്നെ?? ഞാനങ്ങ് ആഫ്രിക്കയിലൊ മറ്റോ ആണോ ഉള്ളേ?? നിങ്ങടെ മുന്‍പില്‍ ഇരിക്കയല്ലേ?? പിന്നെ എന്നാത്തിനാ ഇത്രേം ശബ്ദം????".. തല ചെറുതായൊന്നു തിരിച്ചെന്നു വരുത്തി അവള്‍ പറഞ്ഞു...

അത് ഞാന്‍ നിനക്ക് മനസ്സിലാക്കിത്തരമെടീ എന്ന് മനസ്സില്‍ പിറുപിറുത്തു ഞാന്‍ അവളോട്‌ ചോദിച്ചു..
"എടീ നിന്നോട് എത്ര തവണ ഞാന്‍ പറഞ്ഞിട്ടുണ്ട് ഉമ്മറത്തെ വാതില്‍ ഇങ്ങനെ മലര്‍ക്കെ തുറനന്നിട്ട് ഈ കുന്ത്രാണ്ടത്തിന്റെ മുന്നില്‍ വന്നു തപസ്സിരിക്കരുതെന്ന്‍???? അല്ലെങ്കില്‍ തന്നെ കള്ളന്‍മാരെക്കൊണ്ട്  നിക്കപൊറുതിയില്ലാത്ത കാലമാ..!!"..

"ഹം........ പിന്നേ... തുറന്നിട്ടാല്‍ വാരിക്കൊണ്ടുപോകാന്‍ മാത്രം ഉണ്ടാക്കി വച്ചേക്കുവല്ലേ ഇതിനകത്ത്..!!"...... പുച്ഛം കലര്‍ന്ന അവളുടെ മറുപടി കേട്ടപ്പോ ഒരെണ്ണം കൊടുത്താലോ എന്ന് തോന്നിയതാ.. പിന്നെ കത്തിയെക്കുറിച്ച് ആലോചിച്ചപ്പോ വേണ്ടാന്നു വച്ചു...

"നിന്നോടോന്നും പറഞ്ഞിട്ട് കാര്യല്ലെടീ... അതെങ്ങനാ, നയിച്ചു കൊണ്ടുവരുന്നോനല്ലേ അതിന്റെ വിലയറിയൂ...!!... ഉള്ളതും തിന്നു ടിവിം കണ്ടിരിക്കുന്ന നിനക്ക് ഈ വീട് അപ്പാടെ കൊണ്ടോയാലും ഒരു ചുക്കുമില്ലല്ലോ....!! സന്ധ്യാസമയത്ത് കുളിച്ചു നിലവിളക്ക് വയ്ക്കുക.. ഓഫീസില്‍നിന്നും തളര്‍ന്നു വരുന്ന ഭര്‍ത്താവിനു ഒരു കപ്പ് ചായ.. ഇങ്ങനെയോക്കെയാടീ ഐശ്വര്യമുള്ള ഭാര്യമാര്‍.. അല്ലാതെ നിന്നെപ്പോലെ.... ഞാന്‍ പറഞ്ഞാലേ കൂടിപ്പോകും".......

"ആ.. എന്നാല്‍ പറയണ്ട. നിങ്ങളൊന്നു മിണ്ടാണ്ടിരിക്കുന്നുണ്ടോ മനുഷ്യാ.. ഇവിടെ ചിന്നു (ഏതോ സീരിയല്‍ കഥാപാത്രം) അമ്മയെ കണ്ടെത്ത്വോ'ന്നുള്ള ടെന്‍ഷനില്‍ ഇരിക്കുമ്പോഴാ നിങ്ങള്‍ടെ ഒരു നിലവിളക്ക്.."... അവളുടെ മറുപടി കേട്ടപ്പോ എനിക്കൊരു കാര്യം മനസിലായി.. ഞാനിപോ പറഞ്ഞതൊന്നും അവള്‍ടെ ചെവിക്കടുത്തൂടെപ്പോലും പോയിട്ടില്ല...ഇനീം ഞാന്‍ ശണ്ട തുടര്‍ന്നാല്‍ അടുക്കളയിലെ ചട്ടുകത്തിനും ദോശക്കല്ലിനുമൊക്കെ പണിയാവും.. അപ്പൊ പിന്നെ വര്‍ത്താനം നിര്‍ത്തുന്നതാണ് നല്ലത് എന്ന് തിരിച്ചറിവുണ്ടായ ഞാന്‍ അവളോട്‌ ഉള്ള ദേഷ്യം മുന്നിലുള്ള മേശയോടു തീര്‍ത്തു.. രണ്ടു ചവിട്ടു മേശയ്ക്കിട്ടു.. കാലിന്റെ ഊപ്പാടിളകിപ്പോയി...."എന്റെ അമ്മച്ചിയേ..!!" വിളി കേട്ട് അവള്‍ എന്നെയൊന്നു നോക്കി... ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ വേദനയും ദേഷ്യവും കടിച്ചമര്‍ത്തി ഞാന്‍ മുകളിലേക്ക് കേറിപ്പോയി... ബാക്കി "അമ്മച്ചിയേ" വിളികള്‍ മുകളില്‍ ചെന്ന്തീര്‍ത്തു....

      
      ഇങ്ങനെയുമുണ്ടോ ഭാര്യമാര്‍?!! കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവള്‍ക്കീ സീരിയല്‍ഭ്രാന്ത് തുടങ്ങീട്ട്.. വൈകുന്നേരം അവശനായി കേറിവരുന്ന എനിക്ക് സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന ചായപോലും ഇപ്പൊ കിട്ടാതായി.. ചോദിച്ചാല്‍ മറുപടി ഇങ്ങനെ..
"പഞ്ചസാരേം ചായപ്പോടീം അടുക്കളയിലുണ്ട്..".. അതായത് വേണോങ്കില്‍ എന്നോട് തന്നെ ഉണ്ടാക്കികുടിച്ചോളാന്‍.... എന്റെ മാത്രമല്ല.. സീരിയല്‍ ഭ്രാന്ത് തലയ്ക്ക് കേറിപ്പിടിച്ച പെണ്ണുങ്ങളുള്ള എല്ലാ വീട്ടിലേം സ്ഥിതി മറിച്ചായിരിക്കത്തില്ല.. ഈ സീരിയല്‍ എന്നുതുടങ്ങിയോ അന്നുമുതല്‍ തുടങ്ങീതാ ആണുങ്ങളുടെ കഷ്ടപ്പാട്......"ആണുങ്ങള്‍" എന്ന് അപ്പാടെ പറയാനും പറ്റത്തില്ല ഇപ്പൊ... കാരണം കുറെ "അവന്‍"മാരുണ്ട് പുരുഷകേസരികളെ പറയിപ്പിക്കാനായി  സീരിയല്‍ തലയ്ക്ക് പിടിച്ചു നടക്കുന്നവര്‍... കുളിക്കാന്‍ ഷവറിന്റെ ചോട്ടില്‍ നിന്ന നേരമത്രയും എന്റെ ചിന്ത ഇതൊക്കെയായിരുന്നു.. എന്ത് ചെയ്യാനാ.. അനുഭവിക്കുക തന്നെ....

      10 മണികഴിയാതെ പച്ചവെള്ളം അവള്‍ടെ കൈകൊണ്ടു എനിക്ക് കിട്ടത്തില്ല.. ലോകത്തുള്ള സകല പൂക്കളുടെയും പേരുകള്‍ വച്ചുള്ള സീരിയല്‍ മാമാങ്കം അപ്പോഴേ കൊടിയിറങ്ങത്തുള്ളൂ.. ഒരു ചായയിട്ടു കുടിക്കാനായി കുളി കഴിഞ്ഞു മുകളില്‍ നിന്ന് കൊണിപ്പടികളിറങ്ങുമ്പോള്‍ "ജിതന്റെ"യും "ജയന്തി"യുടെയും കരച്ചിലുകള്‍ എനിക്ക് കേള്‍ക്കാമായിരുന്നു.. സീരിയല്‍ കാണാത്ത ഞാന്‍ എങ്ങനെ ഈ പേരുകളൊക്കെ പഠിച്ചു എന്നാവും നിങ്ങളിപ്പോ ചിന്തിക്കുന്നുണ്ടാവുക..!! ഗത്യന്തരമില്ലാതെ പലപ്പോഴും എനിക്കും ഇതിന്‍റെ മുന്നില്‍ ഇരിക്കെണ്ടിവന്നിട്ടുണ്ട്.. "ഇടവേള" എന്ന കുറച്ചു നിമിഷങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.. അപ്പോഴേ റിമോട്ട് എന്റെ കയ്യില്‍ കിട്ടുള്ളൂ... അങ്ങനെ പരിചയപ്പെട്ടതാണ് ഈ "ജയന്തി"യെയും "ജിതനെ"യുമൊക്കെ.. അടുക്കളയില്‍ കേറി ചായ ഇടുന്ന അത്രേം  നേരം ഞാന്‍ ചിന്തിച്ചത് ഇവള്‍ടെ സീരിയല്‍ ഭ്രമം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചായിരുന്നു.. അങ്ങനെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... ഇതിനൊരു പരിഹാരം കണ്ടില്ലേല്‍ ഞാനെന്തിനാ "ഭര്‍ത്താവ്" എന്ന ലേബലും തൂക്കി നടക്കുന്നത്...!!.. അവസാനം അതുതന്നെ തീരുമാനിച്ചു.. അറ്റകൈപ്രയോഗം..വേരോടെ അറുത്തുമാറ്റുക....!!..കാടുകയറി ചിന്തികേണ്ട നിങ്ങള്‍... അവളെയല്ല, കേബിള്‍ കണക്ഷന്‍ അറുത്തുമാറ്റുന്ന കാര്യമാണ് പറഞ്ഞത്..

       പിറ്റേന്ന് രാവിലെ ഓഫീസില്‍ ഹാഫ്-ഡേ ലീവ് വിളിച്ചുപറഞ്ഞ്‌ നേരെ കേബിള്‍ ഓഫീസിലേക്ക് വിട്ടു.. അവിടെയെത്തി കാര്യങ്ങള്‍ അവരെ ധരിപ്പിച്ചു.. ഇന്നുതന്നെ അറുത്തുമാറ്റാന്‍ ആവശ്യപെട്ടു.. അപ്പോഴാണ്‌ അവര്‍ എന്റെ "കുടിശ്ശിക"യുടെ കണക്കുകള്‍ നിരത്തിയത്.. ഒടുവില്‍ അതും അടക്കേണ്ടി വന്നു.. "രാവിലെ തന്നെ എട്ടിന്റെ പണി കിട്ടിക്കൊണ്ടിരിക്കുവാനല്ലോ ഈശ്വരാ"... എന്തേലുമാവട്ടെ ഒരു നല്ലകാര്യത്തിനു വേണ്ടിയല്ലേ..".. എന്റെ പ്രിയതമ "കേബിള്‍ പോയി" എന്നും പറഞ്ഞു ഇങ്ങോട്ട് വിളിച്ചാല്‍ ഞാന്‍ വന്നു കട്ട്‌ ചെയ്യിപ്പിച്ചതാണ് എന്ന് പറയരുത് എന്ന കര്‍ശന നിര്‍ദേശവും ഞാന്‍ അവര്‍ക്ക് കൊടുത്തു..  ഇതിന്‍റെ പിന്നില്‍ ഞാനാണ് എന്നെങ്ങാന്‍ അവളറിഞ്ഞാല്‍ !!!... ഈശ്വരാ.. അവിടെത്തീരും  സകലതും.....

       ഉച്ചയ്ക്ക് "കേബിളില്ല" എന്നും പറഞ്ഞുകൊണ്ടുള്ള പ്രിയതമയുടെ ഫോണ്‍ കാള്‍ വന്നപ്പോ ഏല്‍പ്പിച്ച ദൗത്യം അവര്‍ നിര്‍വഹിച്ചു കഴിഞ്ഞു എന്ന് ഞാന്‍ ഉറപ്പിച്ചു...
" മഴക്കാലമല്ലെടീ.. വല്ല മരമോ മറ്റോ വീണുകാണും ലൈനിന്റെ മേളില്‍. അവര് ശരിയാക്കിക്കോളും...".. ഉള്ളില്‍ ഊറിച്ചിരിച്ചുകൊണ്ട് ഞാന്‍ അവളെ സമാധാനിപ്പിച്ചു.. "എന്നോടാണോ നിന്റെ കളി!!!!!.. ഇന്ന് നീ സീരിയല്‍ കാണുന്നതെങ്ങനായെന്ന്‍ എനിക്കൊന്നു കാണണം..!!"...മനസ്സില്‍ അവളെ ഞാന്‍ വെല്ലുവിളിച്ചു..

       വൈകുന്നേരം പതിവിലധികം സന്തോഷത്തോടെ വീട്ടിലെത്തിയ എന്‍റെ സകല പ്രതീക്ഷകളും തകിടം മറിഞ്ഞു... ഇന്നിപ്പോ "ഉമ്മറത്തെ" ലൈറ്റ് പോയിട്ട് വീട് മൊത്തം കൂരിരുട്ടില്‍... വാതിലാണേല്‍ പൂട്ടിയിരിക്കുന്നു.. "ദൈവമേ.. കേബിള്‍ ഇല്ലാത്തതിന്റെ പിന്നില്‍ ഞാനാണ്‌ എന്നറിഞ്ഞു പെട്ടീം കിടക്കേം എടുത്തു സ്വന്തം വീട്ടിലേക്കു സ്ഥലംവിട്ടതാവുമോ??".. അങ്ങനെയൊരു സൂക്കേട്‌ ഇവള്‍ക്ക് പണ്ടേ ഉള്ളതാ.. എന്തേലും ഇത്തിരി കയര്‍ത്തു പറഞ്ഞുപോയാല്‍ അപ്പൊ പെട്ടിയെടുക്കും.. അതിനായി തന്നെ സാധനങ്ങള്‍ പാക്ക് ചെയ്തു റെഡിയാക്കിയ ഒരു പെട്ടി അവള്‍ടെ അടുത്ത് സ്റ്റോക്കുണ്ട്.. എല്ലാം സഹിക്കുക തന്നെ... "ഭര്‍ത്താക്കന്മാരുടെ ഓരോ ഗതികേട് നോക്കണേ... എന്തായാലും വിവരങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടി ഞാന്‍ അവള്‍ടെ മൊബയിലിലേക്ക് കുത്തിവിളിച്ചു...

" ഹലോ.. നീയിതെവിടെയാടി സന്ധ്യക്ക്‌ വീടുംപൂട്ടി പോയികിടക്കുന്നത്??."... ഇത്തിരി കര്‍ശനമായി തന്നെ ഞാന്‍ ചോദിച്ചു..

"ഏട്ടാ.. ഞാനിതാ ശാരദേച്ചിയുടെ വീട്ടിലുണ്ട്... അവിടെ കേബിള്‍ വന്നിട്ടില്ല.. ഞാനേയ് "അമ്മേം"  "സ്ത്രീധനോം" കഴിഞ്ഞയുടന്‍ അങ്ങോട്ട്‌ വന്നേക്കാം... ആ പിന്നെ, താക്കോല്‍  ഞാന്‍ പുറകുവശത്തെ വേസ്റ്റ് ബാസ്കെറ്റിന്റെ അടിയില്‍ വച്ചിട്ടുണ്ട്...".. ഇത്രേം പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു.. അതുതന്നെ പറഞ്ഞത് തിരക്കിട്ടാണ്.... ശാരദേച്ചി ഞങ്ങള്‍ടെ അയല്‍വാസിയാണ് ട്ടോ.. "ചക്കിനുവച്ചത് കൊക്കിനുകൊണ്ടല്ലോ എന്റെ ഗുരുവായുരപ്പാ"....പാപി ചെന്നിടം പാതാളം എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ... "ഹം,... നീയും അവള്‍ടെ സൈഡാണല്ലോ ദൈവമേ..".. 

     പുറകുവശത്ത്പോയി താക്കോല്‍ എടുത്തു വാതില്‍ തുറന്നു വീട്ടില്‍ കയറുമ്പോള്‍ ഒരുകാര്യം ഞാന്‍ തീരുമാനിച്ചിരുന്നു.. "ഇനിയൊരു പരീക്ഷണത്തിന്‌ ഞാനില്ല" എന്ന കാര്യം.... പിറ്റേന്ന് തന്നെ കട്ട്‌ ചെയ്യിപ്പിച്ചതിനെക്കാള്‍ വേഗം ഞാന്‍ കേബിള്‍ ശരിയാക്കിച്ചു.. "കേബിള്‍ വന്നു" എന്ന് അവളെ ഒന്നുരണ്ടു വട്ടം വിളിച്ചു ഉറപ്പിച്ചപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്‌.. ഇങ്ങനൊരു "പുത്തി" ഇനിയെന്റെ മനസ്സില്‍ തോന്നത്തില്ല.. എന്റെ "സീരിയല്‍ പരമ്പര ദൈവങ്ങളേ".. മാപ്പ്...... ഞാനിതാ നിങ്ങള്‍ക്കുമുന്നില്‍ ആയുധംവച്ചു കീഴടങ്ങിയിരിക്കുന്നു......
 

Wednesday, 26 March 2014

ഒരു കൊച്ചു മോഷണ കഥ


   ആദ്യമേ ഒരു കാര്യം പറയാം.. ഈ അനുഭവ കഥയിലെ "ഞാന്‍" നിങ്ങളറിയുന്ന ഈ

"ഞാന്‍" അല്ല. ഇനി ഇതുവായിച്ചിട്ട് സുഹൃത്തുക്കളായ നിങ്ങള്‍ "നീ

ഇങ്ങനെയോക്കെയായിരുന്നോ??" എന്നും ചോദിച്ചോണ്ട് എന്റെ മെക്കിട്ടു കേറാന്‍ വരരുത്

എന്നപേക്ഷിക്കുന്നു... എന്നാല്‍ പിന്നെ തുടങ്ങാം ല്ലേ... :)

    പഠിച്ചോണ്ടിരിക്കുന്ന കാലം... കയ്യില്‍ ചില്ലികാശുപോലും വന്നുചേരാത്ത കാലം..

എന്നാലോ,.... ഏറ്റവും കൂടുതല്‍ ചിലവും ഈ കാലത്തായിരുന്നു... സിനിമ കാണണം,

ദിവസവും വൈകുന്നേരം നാണുവേട്ടന്റെ കടയില്‍ പോയി ബീഫും പൊറോട്ടയും തട്ടണം,

പ്രാണസഖികള്‍ക്ക് ചോക്ലേറ്റും ഫാന്‍സി ഐറ്റംസും മേടിച്ചുകൊടുക്കണം.. അങ്ങനെ എന്തെല്ലാം

ചിലവുകള്‍.. ഇതിനൊക്കെ പണം വേണ്ടേ??? എവിടുന്നാ??? ഇത്രയും നാള്‍ അച്ഛന്റെ

പോക്കറ്റില്‍നിന്നും "dhoom" സിനിമ സ്റ്റൈലില്‍ മോഷണം നടത്തി കാര്യങ്ങള്‍ നിര്‍വഹിച്ചു.

എന്നാല്‍ ഇന്നലത്തോടുകൂടി ആ പരിപാടി നിലച്ചു. ഞാനെന്ന "സുകുമാരകുറുപ്പ്"
(പിടികിട്ടാപ്പുള്ളിയായ ഞാന്‍) ഇന്നലത്തോടുകൂടി സബ് ഇന്‍സ്പെക്ടര്‍ "അച്ഛന്‍ കോശി"യുടെ

കയ്യില്‍ അകപ്പെട്ടു..

    ഇന്നിപ്പൊ കാശൊപ്പിക്കാന്‍ എന്താണൊരു വഴി?? രാവിലെ മുതല്‍ അതിന്റെ

ആലോചനകളിലാണ്. ഇന്നാണെങ്കില്‍ "ബിന്ദു"വില്‍ "വിജയ്‌"യുടെ പുതിയ പടം റിലീസ് ആവുന്ന

ദിവസവുമാണല്ലോ....ആ മൊട്ടയും, ബിജുവും രാവിലെ മുതല്‍ വിളിക്കുന്നുണ്ട് സിനിമയ്ക്ക്‌

പോകാന്‍.. കഴിഞ്ഞ രണ്ടു തവണയും അവരുടെ കാശിനു "ഓസിക്ക്" കണ്ടുവന്നതുകൊണ്ട് ഈ

പ്രാവശ്യം കയ്യില്‍ ചുളയില്ലാതെ അങ്ങോട്ടുചെന്നാല്‍ അവരെന്‍റെ പുറത്തുകേറി മേയും എന്ന

കാര്യം ഉറപ്പാണ്..  അവരുടെ നിര്‍ത്താതെയുള്ള ഈ ഫോണ്‍ വിളിയുടെ അര്‍ത്ഥവും അത്

തന്നെയാ.. "പൈസയുംകൊണ്ട് വാ മോനേ.. കഴിഞ്ഞ രണ്ടു തവണയും ഞങ്ങളെ മുക്കിയതല്ലേ.."..

അതുകൊണ്ട് എങ്ങനെയും രണ്ടു തുണ്ട് ഒപ്പിക്കണം.. ഇതിപ്പോ എന്റെ സ്റ്റാറ്റസ്'ന്‍റെ കൂടെ

പ്രശ്നമല്ലേ...!! അവരുടെ മുന്‍പില്‍ ഇല്ലാത്ത കാശിന്റെ വീമ്പുവിട്ടു നടക്കുന്ന എന്റെ കയ്യില്‍

ഒരു സിനിമ കാണാന്‍ കാശില്ല എന്ന് പറഞ്ഞാല്‍..??!!! ഛെ,,.. അവിടെ തീര്‍ന്നു എല്ലാം.. ഉള്ള

വില കംപ്ലീറ്റ്‌ പോകും..

    കുരുട്ടുബുദ്ധികള്‍ മാത്രം നിറഞ്ഞ "എന്റെ തല" ഇന്ന് പണിമുടക്കിയെക്കുവാണോ

ആവോ!!!! ഒരു സീറോ വാട്ട് ബള്‍ബ്‌ പോലും തലയ്ക്കകത്ത് കത്തുന്നില്ല.. "നമ്മടെ

അനിയന്മൂപ്പരുടെ കയ്യില്‍ വല്ലതും ഉണ്ടാവ്വോ ആവോ..!!. എവിടെ? !! എന്റെയല്ലേ

അനിയന്‍!!..... "ഇലനക്കിയുടെ ചിറിനക്കി" എന്നു പറഞ്ഞപോലെ, ഞാന്‍ കഷ്ടപ്പെട്ട്

പണിയെടുത്തു മോഷ്ടിക്കുന്ന അച്ഛന്റെ കാശ് അതിനെക്കാള്‍ പണിപെട്ട് മോഷിടിക്കലാണ്

അവന്റെ ഹോബി....അങ്ങനത്തെ അവനോടു ചോദിച്ചിട്ട് എന്ത് കാര്യം!!!.....

     "എന്തേയ് പ്രൊഫസര്‍ ഇന്നിവിടെ കുത്തിയിരിക്കുന്നത്??? ഇന്ന് വിളിയൊന്നും

വന്നില്ലേ???"... എങ്ങനെ കാശൊപ്പിക്കും എന്നാലോചിച്ചു തലപുകച്ചു കോലായില്‍ ഇരിക്കുന്ന

എനിക്ക് ചായ കൊണ്ടുവന്നപ്പോഴുള്ള അമ്മയുടെ കൊച്ചുവര്‍ത്താനമാണ് നിങ്ങളിപ്പോ കേട്ടത്..

മറുപടിയായ് അമ്മയുടെ മുഖത്തുനോക്കി വളിച്ച ഒരു ചിരിചിരിച്ചു.. "ഹം....ഇതേ

നിന്നെക്കൊണ്ടു പറ്റൂ...".. ഉടന്‍ വന്നു അമ്മയുടെ അടുത്ത ഡയലോഗ്.... ഞാനിതെത്ര കേട്ടതാ..

എനിക്കുണ്ടോ വല്ല കുലുക്കവും... ഹല്ല പിന്നെ....

     ചൂടുചായ ഊതിതണുപ്പിച്ച് മെല്ലെ മെല്ലെ ആസ്വദിച്ചു (ഒപ്പം പൈസ ഒപ്പികാനുള്ള

ചിന്തകളും നടക്കുന്നുണ്ട്) കുടിച്ചുകൊണ്ടിരിക്കുന്ന എന്റെ കണ്ണുകള്‍ക്ക്‌ കുളിര്‍മയേകികൊണ്ട് 

ആ കാഴ്ച്ച എന്റെ കണ്ണില്‍പെട്ടു.. മുറ്റത്ത് ഒരുകോണില്‍ വിരിച്ച പായില്‍ നിരന്നു

കിടക്കയാണ് അവറ്റകള്‍.. അടക്കകള്‍..... ഒന്നല്ല രണ്ടല്ല പത്തഞ്ഞൂറെണ്ണം... പവര്‍കട്ടായിരുന്ന

എന്റെ തലയില്‍ പെട്ടെന്നു ഹൈ വോള്‍ട്ടേജില്‍ കറന്റ്‌ വന്നു.. പുത്തി തെളിഞ്ഞു.. "അച്ഛന്റെ

പോക്കറ്റ് വരുമാനം പോയാല്‍ അച്ഛന്റെ തന്നെ അടക്കകള്‍"... എങ്ങനെയും ഇതില്‍ നിന്നു

കുറച്ച് അടിച്ചുമാറ്റണം..!!!! അങ്ങാടിയിലെ വാസുവേട്ടനെ സോപ്പിട്ടാല്‍ ഇന്നത്തെ ചിലവിനുള്ള

കാശൊപ്പിക്കാം.. ചായകുടി അവിടെ മതിയാക്കി ഞാന്‍ "ടൂള്‍സ്" എടുക്കാന്‍

അകത്തേക്കുപോയി. ഈ "ടൂള്‍സ്" എന്നുപറഞ്ഞാല്‍ അന്‍പതു പൈസയുടെ പ്ലാസ്റ്റിക്‌ കവര്‍.....

അത് ആരും കാണാതെ അടുക്കളയില്‍നിന്നും കീശയിലാക്കി മുറ്റത്തേക്കിറങ്ങി ഉലാത്താന്‍

തുടങ്ങി..
 
       മെല്ലെ അടയ്ക്കകരികിലെത്തി വാരി സഞ്ചിയിലാക്കാന്‍ നേരം ദേ അച്ഛന്‍

"സേതുരാമയ്യര്‍" കോലായിലേക്ക് ഇറങ്ങി വന്നിരിക്കുന്നു,, പതിവില്ലാത്ത എന്റെ "ഉലാത്തല്‍"

കണ്ടു സംശയും തോന്നിയിട്ടാവും...
"അച്ഛാ... ഈ അടയ്ക്കക്കൊന്നും ഇപ്പൊ പണ്ടത്തെ അത്രേം വലിപ്പമൊന്നും ഇല്ല അല്ലേ..??.."

വാരിപ്പോയ അടയ്ക്കകളില്‍ ഒരെണ്ണം കയ്യിലെടുത്തു കള്ളം മറയ്ക്കാന്‍ ഞാന്‍ അച്ഛനോടായ്

ചോദിച്ചു..
"തല്‍കാലം ഉള്ള വലിപ്പം മതി മോനേ...നീയേ അതവിടെ വച്ചേക്ക്‌.. അതിനടുത്തുനിന്നുള്ള

കളിമതിയാകിക്കോ...."... കുറിക്കു വച്ച മറുപടി തിരിച്ചുകിട്ടി.. ഇളിഭ്യനായ ഒരു ചിരിയോടെ

അവിടെ നിന്നും എണീറ്റു "അണ്ടി പോയ അണ്ണാന്റെ" മാതിരി മുറ്റത്തൂടെ അങ്ങോട്ടും

ഇങ്ങോട്ടും നടന്നു; അച്ഛന്‍ മൂപ്പര്‍ പോകുന്നതും കാത്ത്.. അച്ഛന്‍ അവിടെ

പത്രപാരായണത്തിലാണ്.. "ഹോ.. ഇത്രേം നേരമുണ്ടായിട്ടും ഇപ്പോഴാണ് അച്ഛന് പത്രം

വായിക്കാന്‍ സമയം കിട്ടിയത്!!!!.. എന്റെ ഈശ്വരന്മാരേ, അച്ഛനെ ഒന്നു അകത്തേക്ക്

കേറ്റിതന്നാല്‍ കിട്ടുന്നതില്‍ പാതി നിങ്ങള്‍ക്കും താരാമേ..".. മന്നസ്സറിഞ്ഞുള്ള എന്റെ പ്രാര്‍ത്ഥന..

:) .
      
       ദൈവത്തിന് അലിവുതോന്നിയിട്ടാണോ എന്തോ, അച്ഛന്‍ അകത്തേക്ക് കയറിപ്പോയി..

കറക്റ്റ് സമയത്ത് ഫോണ്‍ വിളിയുടെ രൂപത്തില്‍ ദൈവം എന്നെ സഹായിച്ചു.. ഇതുതന്നെ

പറ്റിയ അവസരം.. കിട്ടിയ ചാന്‍സ് പാഴാക്കാതെ ഞാന്‍ കൊള്ളാവുന്നത്രയും അടക്ക ആ

സഞ്ചിയില്‍ വാരി നിറച്ചു. എന്നിട്ട് ഗേറ്റിന്റെ മതിലിന്റെ മറവില്‍ ഒളിച്ചുവച്ചു. പോകുന്നേരം

ആരും കാണാതെ എടുക്കാന്‍ ഇവിടെയാ നല്ലത്..

       ഒന്നുമറിയാത്ത മട്ടില്‍ മൂളിപാട്ടും പാടി വീടിനകത്തേക്ക് കയറിപ്പോയ എന്റെ

ബാക്കി കലാപരിപാടികളെല്ലാം വളരെ സ്പീഡിലായിരുന്നു; കുളിയും ജപവും ബ്രേക്ക്‌ഫാസ്റ്റും

ഒക്കെ "ശടപടെ ശടപടെ" കഴിഞ്ഞു. കണ്ണാടിക്കു മുന്നില്‍പോയി പൌഡറും ഫെയര്‍& ലവലിയും

ഒരുമിച്ചു മുഖത്ത് വാരി തേച്ചു..മുടി ചീകിയൊതുക്കി.. ഒരു ഫുള്‍ ഫ്രെയിം കണ്ണടയും...

"ഹായ്.. എന്നാ ഒരു സ്റ്റൈലാ ചെക്കനെ ഇപ്പൊ കാണാന്.. ആരും ഒന്ന് നോക്കും നിന്നെ.."‍.....

വേറെയാരും പറഞ്ഞതല്ല. കണ്ണാടിയിലെ എന്നെ നോക്കി ഞാന്‍ തന്നെ പറഞ്ഞതാണ്.. ആരും

പോക്കിപ്പറയാനില്ലേല്‍ ഞാന്‍ തന്നെ വേണ്ടേ അതും ചെയ്യാന്‍...

       ഇറങ്ങാന്‍ നേരം അച്ഛന്റെ വക വീണ്ടുമൊരു ആക്കിയ ചോദ്യം. "

എങ്ങോട്ടാണാവോ തമ്പുരാന്‍ കുളിച്ചു കുറിയൊക്കെതൊട്ടു എഴുന്നള്ളുന്നത്??..
"എന്റെ ഫ്രണ്ട് ബിനു'വിന്റെ പെങ്ങള്ടെ കല്യാണമാ.. അവിടംവരെയൊന്നു പോകണം.."..
പറഞ്ഞത് പച്ചകള്ളമാണെന്ന് എന്നക്കാള്‍ നന്നായി അച്ഛന് മനസ്സിലായി എന്നു അച്ഛന്റെ

പുച്ഛഭാവം നിറഞ്ഞ മുഖം കണ്ടാല്‍ അറിയാം.. ഇരുത്തിയൊന്ന് മൂളി അച്ഛന്‍.. അങ്ങനെ

ഒരുവിധം അവിടെ നിന്നും ഇറങ്ങി.. അടയ്ക്ക സഞ്ചിയുംആരും കാണാതെ കൈക്കലാക്കി..

വീടിന്റെ പടിയിറങ്ങിയ ഉടന്‍ മൊട്ട'യെ വിളിച്ചു. "പൈസ റെഡിയായി" എന്ന കാര്യം

ഫോണില്‍ കൂടെ പറയേണ്ട താമസം അവന്‍ അവന്റെ ചുവന്ന പള്‍സറില്‍ എന്റെ മുന്നില്‍

പ്രത്യക്ഷപെട്ടു.."വണ്ടി നേരെ വാസുവേട്ടന്റെ കടയിലേക്ക് വിട് മോനെ... മോഷണമുതല്‍

"കായ്"ആക്കി മാറ്റണ്ടേ...

        വാസുവേട്ടന്റെ കടയിലെത്തി സാധനം കൊടുത്തു. വായിലെ വെള്ളം

വറ്റിചിട്ടാണെലും കിട്ടാവുന്നതിന്റെ പരമാവധി കാശ് ഞാന്‍ മൂപ്പരുടെ കയ്യില്‍നിന്നും

ഒപ്പിച്ചെടുത്തു.. കിട്ടിയതില്‍ 50 ഉറുപ്പികയ്ക്ക് മൊട്ടയുടെ പൊട്ട ബൈക്കില്‍ "ഇന്ധനം" അടിച്ചു..

അല്ലെങ്കില്‍ ടാക്കീസില്‍ എത്തത്തില്ല. ടാങ്ക് നനയാനുള്ള എണ്ണ മാത്രമേ ദൈവം സഹായിച്ചു

അവന്റെ ബൈക്കില്‍ എപ്പൊഴും ഉണ്ടാവൂ.. കിലുക്കം സിനിമയിലെ മോഹന്‍ലാലിന്‍റെ

ഡയലോഗ് ഇല്ലേ; "എച്ചി എന്നും എച്ചി തന്നേടേ....".. ഈ സന്ദര്‍ഭത്തിന് പറ്റിയ ഡയലോഗ്...

ഇനി വണ്ടി നേരെ "ബിന്ദു'വിലേക്ക്.....
       
        ഞങ്ങള്‍ ടാക്കീസില്‍ എത്തിയപ്പോഴേക്കും ക്യൂ നീണ്ടുതുടങ്ങിയിരുന്നു.. ഞാന്‍ എന്റെ

"Ray-Ban" കൂളിംഗ്‌ ഗ്ലാസ്‌ ( കുറ്റ്യാടി ചന്ധയില്‍ നിന്നും ഒരു അണ്ണന്‍ ചെക്കനോട് വിലപേശി

വാങ്ങിയതാണ്) മുഖത്ത് പ്രതിഷ്ടിച്ചു.. മറ്റേ ഫുള്‍ ഫ്രെയിം ഗ്ലാസ്‌ ഇനി പോക്കറ്റില്‍

വിശ്രമികട്ടെ... വായ്നോട്ടത്തിന് എന്തുകൊണ്ടും സൗകര്യം കൂളിംഗ് ഗ്ലാസ്‌ ആണ്... മൊട്ടയെ

ക്യൂ'വില്‍ നിര്‍ത്തി ഞാന്‍ വായ്നോട്ടം തുടങ്ങി.. അപ്പോഴാണ്‌ ഹൃദയം തകര്‍ക്കുന്ന ആ കാഴ്ച്ച

എന്‍റെ കണ്ണില്‍ പതിഞ്ഞത്.. ഇതേ എന്റെ ബാക്കി അലവലാതി സുഹൃത്തുക്കള്‍ മൊത്തം

കുറ്റിയും പറിച്ചു വരുന്നു.. പറഞ്ഞു വരുമ്പോ അഞ്ചാറ് എണ്ണമുണ്ട്.. "ഈശ്വരാ.. ഇവറ്റകളുടെ

ചെലവ് മൊത്തം ഇന്ന് എന്റെ പെടലിക്ക്‌ ആയിരിക്കുമല്ലോ.".. അതാലോചിച്ചപ്പോ ഉള്ളൊന്നു

പിടഞ്ഞു.. ഇനി കഥ ഇത്തിരി FF(Fast forward) അടിക്കാം... മൊത്തം വിവരിചോണ്ടിരുന്നാല്‍

പറയുന്ന എനിക്കും കേള്‍ക്കുന്ന നിങ്ങള്‍ക്കും ബോറടിക്കും.. അതോണ്ട് ടാകീസിനുള്ളിലെ കുറേ

ഭാഗം സ്കിപ്പുന്നു...

         ടിക്കറ്റെടുത്തു... കൂകിവിളിച്ചും, മലക്കം മറിഞ്ഞും സീറ്റിനിട്ടടിച്ചും സിനിമ കണ്ടു,..

കിടിലന്‍ പടം...  ഇനി നേരെ വീട്ടിലേക്ക്.. നിങ്ങളെപ്പോലെ ഞാനും അങ്ങനെയാണ്

കരുതിയത്‌... പക്ഷെ അപ്പോഴേക്കും എല്ലാരും കൂടെ ബീച്ചില്‍ പോവാന്‍ നിര്‍ബന്ധിച്ചു. "ഹാ..

കുട്ട്യോള്‍ടെ ഒരു ആഗ്രഹമല്ലേ... ഇനി അതുകൂടെ നടന്നോട്ടെ"...നേരെ എല്ലാരും കൂടെ

ബീച്ചിലേക്ക് വച്ചുപിടിച്ചു.. അങ്ങനെ കടലിന്റെ സൗന്ദര്യവും അസ്തമയ മാനോഹാരിതയും

ആസ്വദിച്ചു വീട്ടിലെത്തിയപ്പോ സമയം 9 അടിച്ചു കഴിഞ്ഞിരുന്നു.. വീടിന്റെ പടി

കയറിയപ്പോഴേ ആകെ ഒരു മൂകത.. എലാരുടെം മുഖത്ത് എന്തോ ഒരു പന്തികേട്‌... അധികം

വൈകാതെ ആ "പന്തികേട്‌" എന്റെ പുറത്തു പതിഞ്ഞു നല്ല "ചുട്ട അടി"യുടെ രൂപത്തില്‍...

കര്‍ത്താവ്‌ "അച്ഛന്‍", ക്രിയ "അടി" കര്‍മ്മം എന്റെ "പുറവും.....അമ്മച്ചിയേ....!! ആ

വാസുവേട്ടന്‍ പണി പറ്റിച്ചു.. അടക്ക മോഷ്ടിച്ച വിവരമടക്കം സകലതും അച്ഛന്റെ

ചെവിയിലെത്തിയിരിക്കുന്നു.. കൈകൊണ്ടും "വാ"കൊണ്ടും ഉള്ള അച്ഛന്റെ കളരിപ്പയറ്റ്

കഴിഞ്ഞപ്പോഴേക്കും സമയം 10 കഴിഞ്ഞു.. വയറു നിറച്ചും കേട്ടു.. കണ്ട സിനിമയുടെ "കെട്ട്"

അപ്പടി ഇറങ്ങിപ്പോയി... സമാധാനം.. ഇന്നത്തേക്കുള്ളതായി. എനിപ്പോയി സ്വസ്ഥമായി

കിടന്നുറങ്ങാം.. നാളത്തേക്ക് പുതിയൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു.. കിടക്കയില്‍ മലര്‍ന്നു

കിടക്കുന്ന എന്റെ മനസ്സില്‍ അപ്പൊ അതുമാത്രമായിരുന്നു ചിന്ത.. "ഒരു വടക്കന്‍വീരഗാഥ" എന്ന

സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗ് ആണ് എനിക്കിപ്പോ ഓര്‍മ വരുന്നത്.. "ചന്തുവിനെ

തോല്പ്പിക്കാനാവില്ല മക്കളേ.....".. ഇതുകൊണ്ടൊന്നും ഞാന്‍ എന്ന ഈ ചന്തു നന്നാവാന്‍

പോകുന്നില്ല.. നാളെ വീണ്ടും മറ്റൊരു കുരുത്തക്കേടുമായി അച്ഛന്റെ തല്ല് ഞാന്‍ വീണ്ടും

മേടിച്ചുകൂട്ടും.. :)