='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍

Sunday, 13 April 2014

മ്മളും യന്ത്രങ്ങളും.....


  
  
      "ദൈവം ഉണ്ടോ?? അതോ ഇല്ലേ?? ".... കേള്‍ക്കുന്ന നിങ്ങളെപ്പോലെ ചോദിക്കുന്ന എനിക്കും ഇന്നും അജ്ഞാതമായ കാര്യം.. "ഇല്ല" എന്ന്

ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുത  നിലനില്‍ക്കെത്തന്നെ പറയട്ടെ "ഉണ്ട്" എന്ന് പറയാന്‍ ചില അനുഭവങ്ങള്‍ ചിലര്‍ക്കെങ്കിലും

ഉണ്ടായിട്ടുണ്ടാവും എന്നത് തള്ളിക്കളയാന്‍ പറ്റാത്ത കാര്യമാണ്... എന്തായാലും അതല്ല ഇപ്പൊ ഇവിടെ വിഷയം.. ദൈവനാമത്തില്‍ കീശ

നിറയ്ക്കുന്ന ചില പുത്തിമാന്‍മാരെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്...

      വിഷുവൊക്കെയല്ലേ വരാന്‍ പോകുന്നത്; ടിവിയില്‍ നല്ല നാലു പരിപാടികള്‍ കണ്ടുകളയാം എന്ന കരുതിക്കൊണ്ടാണ് രാവിലെ

ഉറക്കച്ചടവോടെ റിമോട്ടും കയ്യില്‍പിടിച്ച് വിഡ്ഢിപ്പെട്ടിക്കു മുന്‍പില്‍ കുത്തിയിരുന്നത്..... "മം....." എന്ന ചെറുമൂളലോടെ മൂപ്പരും

ഉറക്കമുണര്‍ന്നപ്പോള്‍ കേട്ടത് ഒരു "വലംപിരി ശംഖി"നെ കുറിച്ച്.. അവതാരിക പ്രശസ്തമായൊരു വ്യക്തി... ചാനലോ, അതും പ്രശസ്തം തന്നെ... ആ

കാഴ്ചയാണ് എന്നെ ഈയൊരു എഴുത്തിലേക്ക്‌ നയിച്ചത്.. അവരുടെ അവകാശവാദം ഇങ്ങനെ.. " വലംപിരി ശംഖ് സാക്ഷാല്‍ മഹാവിഷ്ണുവിന്റെ

വാസസ്ഥലമാണ്.. ആയതിനാല്‍ വലംപിരി ശംഖ് എവിടെ സൂക്ഷിക്കുന്നുവോ അവിടെ ലക്ഷ്മീ ദേവിയുടെ കടാക്ഷം ഉണ്ടാവുകയും, സമ്പത്തും

സമൃദ്ധിയും വന്നുചേരുകയും ചെയ്യുമത്രേ....വിലയോ വെറും തുച്ഛമായ "ആയിരങ്ങള്‍" മാത്രം... അത്ര അന്ധമായ വിശാസം ഇല്ലാത്ത എനിക്കുപോലും

ഇവരുടെ ചങ്കില്‍ കൊള്ളുന്ന വര്‍ത്താനം കേട്ടപ്പോ ഒരെണ്ണം വീട്ടില്‍ വാങ്ങി വച്ചാലോ എന്ന് തോന്നിപ്പോയി.. അപ്പൊപിന്നെ

അന്ധമായവിശ്വാസങ്ങള്‍ക്ക് പഞ്ഞമില്ലാത്ത കേരള സമൂഹത്തിലെ എത്രപേരുടെ വീട്ടില്‍ ഈ "വലംപിരിയനും ഇടംപിരിയനും" സ്ഥാനം

പിടിച്ചുകാണും അല്ലേ.....!!! അവരൊക്കെ സമ്പന്നരായോ ആവോ...!!

        ഇനി ഈ ശംഖിനെക്കാള്‍ വല്ല്യ മറ്റൊരു സാധനമുണ്ട്.. ഇവനാണ് ഒത്തിരിക്കാലം മുന്‍പുതന്നെ നമ്മുടെ സ്വീകരണ മുറികള്‍

കയ്യടക്കിയത്... കുബേരന്റെ "സഞ്ചിയോ" "കുഞ്ചിയോ" അങ്ങനെയെന്തോ ആണ് അതിന്റെ പേര്... ഈ സാമഗ്രിയുടെ നിര്‍മ്മാതാക്കളുടെ

അവകാശവാദങ്ങളും നമ്മെ മോഹിപ്പിക്കുന്നത് തന്നെ... ഈ സാധനം വീടിന്റെയോ ഓഫീസിന്റെയോ ഏതു ഓണംകേറാമൂലയില്‍ കൊണ്ടുപോയി

വച്ചിരുന്നാലും അവിടെ റിസര്‍വ്വ് ബാങ്കിന്‍റെ ലോക്കര്‍ റൂം അപ്പാടെ വന്നുചേരും,.. പോരാത്തതിന് സമാധാനവും സന്തോഷവും ധാര ധാരയായി

പെയ്തിറങ്ങും.... പിന്നെ ഗൃഹത്തില്‍ ശാന്തിയും സമാധാനവും മാത്രം..... എന്തായാലും "ശാന്തിയാണോ" "സമാധാനമാണോ" അതോ മറ്റുവല്ലതുമാണോ

വന്നതെന്ന് വാങ്ങിവച്ചവര്‍ക്ക് മാത്രം അറിയാവുന്ന പരസ്യമായ രഹസ്യം.... :) :).....

       ഇതൊക്കെയവിടെ മാറ്റിവച്ച് പത്രമൊന്നു നിവര്‍ത്തിയാലോ.. അതിലും കാണാം ഈ മാതിരി കുറെ പരസ്യങ്ങള്‍.. പത്രങ്ങളില്‍ "ശംഖും

കുഞ്ചിയും" ഒന്നുമല്ല ട്ടോ താരം.... "യന്ത്രങ്ങളും ഏലസ്സുകളും" ആണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം.... ധന ആകര്‍ഷണയന്ത്രം, വശീകരണയന്ത്രം,

വശ്യമാന്ത്രിക ഏലസ്സ്  അങ്ങനെ ഒരു ശരാശരി മനുഷ്യന്റെ കാക്കത്തൊള്ളായിരം പ്രശ്നള്‍ക്കും പരിഹാരമായി ഒരുപറ്റം ഏലസ്സുകളും യന്ത്രങ്ങളും

സുലഭം.. ഇവയില്‍ എന്നെ ആകര്‍ഷിച്ച ഒരു "മായമോഹിനി" എലസ്സിനെ ഞാന്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്താം.. ഈ ഏലസ്സ് ധരിച്ചുകഴിഞ്ഞാല്‍

തന്നെ അയാള്‍ അമാനുഷികനാകുന്നു എന്ന് അവകാശ വാദം.. ബാക്കി അവകാശങ്ങള്‍ ഇങ്ങനെ തുടരുന്നു..."അപാര വശീകരണ ശക്തിയുള്ള ഈ

ഏലസ്സ് ധരിച്ചിരിക്കുന്ന ആളുകളുടെ വാക്കുകളെ ആരും ധിക്കരിക്കുകയില്ല.. അവരുടെ കണ്ണുകള്‍ക്ക്‌ ഭയങ്കര ആകര്‍ഷണ ശക്തി കൈവരും.. 

പ്രപഞ്ചത്തില്‍ മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത അത്ഭുതപ്രവൃത്തികളും ഈശ്വര ചൈതന്യവും ഈ ഏലസ്സ് ധരിച്ചിരിക്കുന്ന വ്യക്തിക്ക് കാണാന്‍

പറ്റും പോലും.. തീര്‍ന്നില്ല, ക്രൂരമൃഗങ്ങളും വിഷജന്തുക്കളും ഇയാള്‍ക്ക് മുന്നില്‍ അനുസരണയോടെ നില്‍ക്കും.. മാത്രവുമല്ല ഈ എലസ്സിനു അങ്ങനെ

വര്‍ഗീയത ഒന്നുമില്ല കേട്ടോ..... ആര്‍ക്കും കെട്ടാം എങ്ങനേം കെട്ടാം... ഫലം സുനിശ്ചിതം.... വിശ്വാസ്യതയുടെ ഉള്‍ക്കാമ്പുകളിലേക്ക് ആഴ്ന്നിറങ്ങാന്‍

തക്ക ശേഷിയുള്ള ഇത്തരം വാക്കുകള്‍ക്കുമുന്നില്‍ വീണുപോയില്ലെങ്കിലല്ലേ അതിശയമുള്ളൂ... ഒരു മലയാളിയാകുമ്പോ പ്രത്യേകിച്ചും....!!!!....

അതുകൊണ്ടുതന്നെയാണ് നമ്മളില്‍ പലരുടേം കൈത്തണ്ടയും അരക്കെട്ടുകളും കഴുത്തും ഇത്തരം യന്ത്രങ്ങളും ഏലസ്സുകളും കയ്യടക്കിയിരിക്കുന്നതെന്ന്

പറയാതെവയ്യ.. ഈ വാചകങ്ങളൊക്കെയടിക്കുന്ന എന്റെ അരയിലുമുണ്ട് ഒരു ഏലസ്സ്... ഐശ്വര്യോം സമാധാനോം ശാന്തിയുമൊക്കെ എനിക്കു

കിട്ട്യാലെന്താ പുളിക്ക്വോ?????

         നിങ്ങളൊരു IAS പരീക്ഷയ്ക്ക് തയ്യാറെടുക്കുവാണോ...? നിങ്ങള്‍ക്ക് പരാജയഭീതിയുണ്ടോ.. ?? എങ്കില്‍ അതിനും യന്ത്രങ്ങളുണ്ട്ട്ടോ....

വാങ്ങി കേട്ടുകയെ വേണ്ടൂ.. യന്ത്രം നിങ്ങളെ IAS ഓഫീസര്‍ ആക്കികോളും.. പക്ഷെ അങ്ങനെ വിശ്വസിച്ചവര്‍ IAS പോയിട്ട് പ്രിലിമിനറി ടെസ്റ്റ്‌

എങ്കിലും പാസ്സയോ എന്നത് അന്വേഷിക്കേണ്ട വസ്തുത... ഇനി എന്‍റെചെറിയൊരു സംശയം.. സാക്ഷരതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍കുന്ന

നമ്മുടെ സമൂഹം(ഞാനടക്കം) എന്തേയ് പിന്നേം ഇത്തരം ചൂഷണങ്ങളില്‍ വീണുപോകുന്നു.. "കൂടോത്രോം" "ദുര്‍മന്ത്രവാദ"വുമൊക്കെ ഇനി നടപ്പില്ല

എന്ന് മനസ്സിലാക്കിയപ്പോള്‍ കാലത്തിനൊത്ത മാറ്റങ്ങള്‍ വരുത്തി ഹൈടെക് രൂപത്തില്‍ ഓടുന്ന നാടിനു നടുവേ ഓടാന്‍ "പുത്തി"യുള്ളോര്‍

ശ്രമിക്കുമ്പോള്‍ "നടുക്കഷ്ണം" തിന്നേണ്ടുന്നതിനു പകരം നാം പിന്നേം അവരുടെ വലയില്‍ അകപ്പെടുന്നു... വരാന്‍ പോകുന്ന

സൌഭാഗ്യങ്ങളെക്കുറിച്ചോര്‍ത്തു ഉള്ള സമ്പത്ത് ഇത്തരക്കാരുടെ കീശയില്‍ കൊണ്ടുപോയിടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ഏലാസ്സിന്റേം

സഹായമില്ലാതെ സാമ്പത്തികനേട്ടം കൊയ്യുകയാണ് മറ്റവന്‍.... നമ്മളോ??? അണ്ടിപോയ അണ്ണാന്‍റെ കണക്കെ മേല്പോട്ട് നോക്കിയിരിക്കുന്നു...യന്ത്രം

സമ്പത്ത് കൊണ്ടുവരുന്നതും കാത്ത്....

          പരസ്യങ്ങള്‍ നമ്മുടെ ദൌര്‍ലഭ്യമാണ്.. ഭക്തിയും വിശാസ്വവും അതിനെക്കാള്‍ വല്ല്യ വീക്നെസ്സും... അപ്പൊപിന്നെ രണ്ടും കൂടെ

കൂടിച്ചേര്‍ന്നാലുള്ള അവസ്ഥ പറയേണ്ടല്ലോ..!!.. "'അവന്‍' പറയുന്നത് വെള്ളം തൊടാതെ നാം വിഴുങ്ങുന്നു... ഇല്ലാത്ത അനുഭവസ്ഥരുടെ "കല്ലുവച്ച

നുണക്കഥകള്‍" കൂടെയാകുമ്പോ നമ്മുടെ കാര്യം ഫ്ലാറ്റ്.... പിറ്റേന്ന് തന്നെ "കുഞ്ചി"യും "ശംഖു"മൊക്കെ വീടിന്റെ മൂലകള്‍ കയ്യടക്കുന്നു... 

അറിഞ്ഞോണ്ട്‌ ഒരു ഉളുപ്പുമില്ലാതെ പിന്നേം പിന്നേം ഇത്തരം മണ്ടത്തരങ്ങളില്‍ ചെന്നുചാടുന്ന ചങ്ങായിമാരോട് ഒരു വാക്ക്.. "മേലനങ്ങാതെ കായ്‌

കയ്യില്‍ കിട്ടാന്‍ ഒരു ഏലസ്സും ശംഖും വിചാരിച്ചാല്‍ നടക്കത്തില്ല... പിന്നെ ശാന്തിയുടേം സമാധാനത്തിന്റെം കാര്യം...... അതിനു പ്രത്യേകിച്ച്

യന്ത്രോം കുന്തോം ഒന്നും വേണ്ട.. മ്മള് മ്മടെ മനസ്സങ്ങ് നന്നാക്കിയാല്‍ മതി.. ഈ പറഞ്ഞ "ശാന്തി"യൊക്കെ വഴിയെ വന്നോളും.. അതുകൊണ്ട്

ഇനിയെങ്കിലും ഇത്തരം വിശ്വാസ ചൂഷണങ്ങളില്‍ വീഴാതെ നോക്കുക... നന്നായി കഷ്ടപ്പെടുക... സകല ദൈവങ്ങളും അപ്പൊ കണ്ണു തുറന്നോളും..

പിന്നെ മറ്റൊരു കാര്യം, "മ്മടെ തലവര നല്ലതാണെങ്കിലേയ് വരാനുള്ള "ഫാഗ്യ"ങ്ങള്‍ മ്മളെ തേടിയെത്തും ചങ്ങായീ....  :) :)....

Thursday, 10 April 2014

ജന്മവും ഞാനും



     ജന്മം.... അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജീവന്‍റെ ഒരു സ്പന്ദനമായി ഞാന്‍ തുടിച്ചുതുടങ്ങിയ

കാലം മുതല്‍ എനിക്ക് കൈവന്ന സുഹൃത്ത്.. അവനിലൂടെയായിരുന്നു ഞാന്‍ അന്ന്

പുറംലോകത്തെ അറിഞ്ഞിരുന്നത്... ഒടുവില്‍ ഭൂമിയിലേക്ക്‌ പിറന്നുവീണപ്പോഴും എന്‍റെ

കയ്യുംപിടിച്ചു അവനുമുണ്ടായിരുന്നു ഒപ്പം.. പിന്നീടങ്ങോട്ടുള്ള യാത്രയില്‍ അവന്‍ എനിക്ക്

കൂട്ടായി.. പലതും അവനെന്നെ പഠിപ്പിച്ചു.. അമ്മയുടെ ലാളനയും അച്ഛന്റെ വാത്സല്യവും

ആദ്യമായി എനിക്ക് കാട്ടി തന്നത് അവനായിരുന്നു.. നന്മയും തിന്മയും ഞാന്‍

വേര്‍തിരിച്ചറിഞ്ഞത് അവനിലൂടെയായിരുന്നു... ഞങ്ങളുടെ കണ്ണുകള്‍ പലതിനും സാക്ഷിയായി..

സഹതാപവും സന്തോഷവും നിസ്സഹായതയും നിറഞ്ഞ ഒത്തിരി മുഖങ്ങള്‍ ഞങ്ങള്‍ക്ക്

മുന്നിലൂടെ കടന്നു പോയി.... ഇളം പേടമാനുകളെ പിച്ചിച്ചീന്തി ചോരകുടിക്കുന്ന

ചെന്നായക്കൂട്ടങ്ങള്‍ വഴിയരികില്‍ സ്ഥിരം കാഴ്ചകളായി.... ഇതൊക്കെ കാണുമ്പോള്‍

പലപ്പോഴായി ഞാന്‍ അവനോടു ചോദിച്ചിട്ടുണ്ട് "എന്തിന് എന്നെ ഇവിടേയ്ക്ക് കൊണ്ടുവന്നു

നീ??".... മറുപടി ഒരു പുഞ്ചിരിയിലൊതുക്കും അവനപ്പോള്‍.....

     എനിക്ക് തികച്ചും അപരിചിതമായ വഴികളിലൂടെയായിരുന്നു ജന്മം എന്നെ

കൊണ്ടുപോയ്ക്കൊണ്ടിരുന്നത്.. കൂര്‍ത്തകല്ലുകളും, വഴുവഴുത്ത പാറകെട്ടുകളും പലപ്പോഴും

എന്റെ വഴി മുടക്കിയപ്പോള്‍ ജന്മം എനിക്ക് സഹായമായെത്തി... കൊച്ചുകുട്ടിയെ എന്നോണം

അവനെന്നെ പരിചരിച്ചു... കാലുകളില്‍ മുള്‍മുനയേറ്റു പലപ്പോഴും വഴിയരികില്‍ ഞാന്‍

തളര്‍ന്നിരുന്നപ്പോഴൊക്കെ  അവന്‍റെ വാക്കുകള്‍ എനിക്ക് മുന്നോട്ടേക്കുള്ള യാത്രയ്ക്ക്

പ്രജോദനമായി...

      യാത്രയ്ക്കിടയില്‍ എവിടെയോവച്ച്, വഴിയോരങ്ങളില്‍ മനോഹരങ്ങളായി അലങ്കരിച്ച

പന്തലുകളിലിരുന്നു "മരണം" എന്ന മാദകസുന്ദരി എനിക്കായി ഭക്ഷണമൊരുക്കി എന്നെ

വിളിക്കാന്‍ തുടങ്ങി.... ആദ്യമൊക്കെ ഞാന്‍ ആ വിളി കേട്ടില്ലെന്നു നടിച്ചെങ്കിലും

പിന്നീടെപ്പോഴേ ഞാന്‍ അവളില്‍ ആകൃഷ്ടനായി.. അവള്‍ക്കരികിലെക്കായി ഞാന്‍ പോകാന്‍

തുടങ്ങിയപ്പോഴൊക്കെയും ജന്മം എന്നെ തടഞ്ഞു.. അവള്‍ എനിക്ക് ഭക്ഷണം വച്ചുനീട്ടിയപ്പോള്‍

അവന്‍ എന്റെ കണ്ണുകള്‍ കൈകള്‍ കൊണ്ട് മൂടി എന്നോടായ് പറഞ്ഞു....

"ഇതൊന്നും നീ കാണരുത്.. നമുക്ക് ഇനിയും ഏറെ ദൂരം താണ്ടാനുണ്ട്.. നിനക്ക് നേര്‍ക്ക്‌ വച്ച്

നീട്ടിയ ഈ ഭക്ഷണത്തിനും ഇവള്‍ക്കും മുന്നില്‍ നീ  മയങ്ങിപ്പോയാല്‍ ഒന്നോര്‍ക്കുക...

ഇനിയങ്ങോട്ടുള്ള കഠിനമായ യാത്രകളില്‍ ഇനിയും നീ ക്ഷീണിച്ചെന്നു വരാം.. ഒരു തുള്ളി

വെള്ളത്തിനായി നീ പിടയുമ്പോഴും ഇപ്പൊ ഭക്ഷണം വച്ച് നീട്ടിയ ഈ കൈകള്‍ അന്നു നിനക്കു

നേര്‍ക്ക്‌ നീളില്ല... അപരിചിതമായ വഴികളില്‍ നരകിക്കുന്ന നിന്നെ നിസ്സഹായനായി

നോക്കിനില്‍ക്കാന്‍ മാത്രമേ അന്ന് എനിക്കും കഴിയുള്ളൂ.. അതിനാല്‍ വരിക ചങ്ങാതീ..

നിനക്കുള്ള ഭക്ഷണസ്ഥലവും സമയവും ഇതല്ല എന്ന് മനസ്സിലാക്കിയാലും.. നിന്നെ

ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്ന എന്റെ കടമ നിര്‍വഹിക്കാന്‍ എന്നെ അനുവദിച്ചാലും

സുഹൃത്തേ....  ദയവായി എന്നോടൊപ്പം പോന്നാലും..."....
  
ഉറ്റചങ്ങാതിയുടെ വാക്കുകളെ തള്ളിക്കളയാന്‍ എനിക്കാകുമായിരുന്നില്ല.. അതിനാല്‍

അവനോടൊപ്പം ഞാന്‍  യാത്ര തുടര്‍ന്നു..  പിന്നെയും പലതവണ പല രൂപത്തില്‍ എന്നെ

വിളിച്ച അവള്‍ക്കു നേരെ ഞാന്‍ സുഹൃത്തിനെയോര്‍ത്തു  മുഖം തിരിച്ചുനടന്നു... പക്ഷെ

അപ്പോഴും അവളെന്റെ മനസ്സിന്റെ ഏതോ കോണില്‍ സ്ഥാനം പിടിച്ചിരുന്നു....

     മരണത്തിന്റെ മാദകഗന്ധം എന്നെ മത്തു പിടിപ്പിച്ചുകൊണ്ടേയിരുന്നു.. എങ്ങനെയും

അവള്‍ക്കരികില്‍ എത്തണം എന്ന ചിന്ത എന്റെ മനസ്സില്‍ കലശലായി.. ഒരിക്കല്‍ ഞാന്‍

അതിനൊരു ശ്രമം നടത്തി.. ജന്മത്തിന്റെ കണ്ണുവെട്ടിച്ചു "ആത്മഹത്യ" എന്ന പുല്‍പരവതാനി

വിരിച്ച കുറുക്കുവഴിയിലൂടെ ഞാന്‍ മരണത്തിനടുത്തേക്ക് ഓടി.. പാതിദൂരം ഓടിയപ്പോഴേക്കും

എന്റെ കാലുകള്‍ വേദനിക്കാന്‍ തുടങ്ങി.. പരവതാനിയുടെ സ്ഥാനത്ത് കല്ലുകളും മുള്ളുകളും..

കാലുകളില്‍നിന്നു രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങി.. അപ്പോഴും അവള്‍ അകലെ നിന്നും എന്നെ

മാടി വിളിച്ചുകൊണ്ടേയിരുന്നു.. അവളുടെ വിളിയുടെ ശക്തിയില്‍  ശരീരത്തിന്റെ നിസ്സഹായത

മറന്ന്‍ ഞാന്‍ വീണ്ടും മുന്നോട്ടേക്കോടി... പക്ഷെ കാലുകള്‍ വയ്യെന്നായപ്പോള്‍, ശരീരം തളര്‍ന്നു

ഞാന്‍ വഴിയരികില്‍ വീണു.... എന്റെ കണ്ണുകള്‍ മങ്ങിത്തുടങ്ങിയിരുന്നു.. അവള്‍ എന്റെ

കണ്ണുകള്‍ക്ക്‌ മുന്നില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു.. ജന്മത്തിന്റെ കൂട്ടും മരണത്തിന്റെ

സാമീപ്യവും നഷ്ടപെട്ട  കുറച്ചു നിമിഷങ്ങളായിരുന്നു പിന്നീട്... ഒടുവില്‍

അബോധാവസ്ഥയിലേക്ക് ഞാന്‍ കൂപ്പുകുത്തുമ്പോള്‍ ജന്മത്തിന്റെ വിളികള്‍ ചെറുതായി എന്റെ

ചെവികളില്‍ വന്നലയ്ക്കുന്നുണ്ടായിരുന്നു....

      കണ്ണുകള്‍ പതിയെ തുറന്നപ്പോള്‍ എനിക്കു മുന്നില്‍ തെളിഞ്ഞുവന്നത്‌ ജന്മത്തിന്റെ

മുഖമായിരുന്നു.. അവന്റെ മടിയില്‍ തലവച്ചു കിടക്കുവായിരുന്നു ഞാനപ്പോള്‍.... എന്റെ

കാലുകളിലെ മുറിവില്‍ അവന്‍ മരുന്ന് വച്ച് തന്നു... വേദനയാല്‍ ഉറങ്ങാന്‍ കഴിയാത്ത

എനിക്ക് അവന്‍ വീശി തന്നു.... പതിയെ, മുന്നോട്ടേക്കുള്ള യാത്രയ്ക്ക് അവന്‍ വീണ്ടുമെന്നെ 

പ്രാപ്തനാക്കി..  അവന്റെ വാക്കുകളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള എന്റെ പ്രവൃത്തിയില്‍ ജന്മം

ആകെ അസ്വസ്ഥനായിരുന്നു.. നിറകണ്ണുകളോടെ അവന്‍ അന്ന് എനിക്ക് മുന്നില്‍ ചൊരിഞ്ഞ

വാക്കുകള്‍ ഇന്നും ഞാന്‍ ഓര്‍ക്കുന്നു... ഇനിയും തന്നെ വിഡ്ഢി'യാക്കിക്കൊണ്ട്

അവള്‍ക്കരികിലെത്താന്‍ ശ്രമിക്കുകയാണെങ്കില്‍ എന്നെന്നേക്കുമായി എന്റെ കൂട്ട് വിട്ടുപോവും

എന്ന അവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ സ്ഥബ്ധനായി.. 

"അവനില്ലാത്ത ഞാന്‍" എനിക്ക് ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു... അപരിചിതമായ

അനന്തമായി പരന്നുകിടകുന്ന ജീവിതമാകുന്ന ഈ വഴിയില്‍ മറ്റാരാണ്‌ എനിക്ക്

കൂട്ടയുള്ളത്????.. ഈ യാത്രയുടെ ലക്‌ഷ്യം സഫലമാവണമെങ്കില്‍ അവനും എന്നോടൊപ്പം

കൂടിയേ തീരൂ....  ആയതിനാല്‍ ഇനിയെങ്കിലും ഞാന്‍ ജന്മത്തെ അനുസരിക്കേണ്ടിയിരിക്കുന്നു...

നല്ലൊരു സാരഥിയായി, നല്ലൊരു ചങ്ങാതിയായി അവനോടൊപ്പം യാത്ര തുടരേണ്ടിയിരിക്കുന്നു...

ലക്ഷ്യസ്ഥാനം എത്തുന്നതുവരേയും... എനിക്ക് വിളമ്പിവച്ചിരിക്കുന്ന അര്‍ഹതപെട്ട ഭക്ഷണം

ഒരുപിടി കഴിക്കുന്നതുവരെയും......