='data:blog.languageDirection' xml എന്റെ കുത്തിക്കുറിക്കലുകള്‍: 2014

Thursday, 6 November 2014

യാത്ര

***************യാത്ര*****************

കഴിഞ്ഞ ദിവസം ഞാനൊരു യാത്ര പോയി... മറ്റെവിടേക്കുമല്ല.. എന്റെ മനസ്സിനകത്തേക്ക്‌ തന്നെ.. അധികം ദൂരമൊന്നുമില്ലെങ്കിലും ഇതുവരെ മനസ്സെന്ന ലോകം കാണണമെന്ന നേരിയ ഒരു ആശ പോലും എന്നിലില്ലായിരുന്നു.. ഇതിപ്പൊ ഹൃദയം തന്നെ മുൻകൈ എടുത്ത്‌ ഇങ്ങനൊരു കാര്യം അവതരിപ്പിച്ചപ്പൊ ഞാൻ പിന്നെ മറിച്ചൊന്ന് ചിന്തിച്ചില്ല; പോയെക്കാമെന്ന് വച്ചു.... മൂപ്പർ തന്നായിരുന്നു എന്റെ ഈ യാത്രയിലെ ഗൈഡും.....:-).. സ്വപ്നം എന്ന ട്രാവൽ ഏജൻസിയിലാണ്‌ യാത്രയ്ക്കുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരിക്കുന്നത്‌.. കൃത്യം 10 മണിക്ക്‌ തന്നെ ഉറക്കമെന്ന സ്റ്റോപ്പിൽ നിന്നും ബസ്സ്‌ പുറപ്പെടുമെന്ന് ഏജൻസിക്കാരൻ അറിയിച്ചു.

        അങ്ങനെ യാത്ര തുടങ്ങി. ഭാഗ്യം തുണച്ച്‌ എനിക്ക്‌ ജനലരികിൽ തന്നെ ഒരു സീറ്റ്‌ ഒത്തുകിട്ടി.. ഒരുപാട്‌ ഊടുവഴികളിലൂടെ സഞ്ചരിച്ച്‌ രാത്രി ഏകദേശം 11 മണിയായപ്പോഴേക്കും ഞങ്ങൾ മനസ്സിനടുത്തുള്ള "സങ്കൽപ്പം" എന്ന സ്ഥലത്തെത്തി.. "ബസ്സ്‌ സർവ്വീസ്‌ ഇവിടെവരെയേ  ഉള്ളൂ.. എനി ഒരു അഞ്ച്‌ മിനിട്ട്‌ നടക്കാനുണ്ട്‌.."... ഹൃദയം അറിയിച്ചു.... അങ്ങനെ ഞങ്ങൾ അവിടെ ഇറങ്ങി നടത്തം തുടങ്ങി.. ഞങ്ങൾ വന്നത്‌ മനസ്സിലേക്കുള്ള ഏറ്റവും കുറുക്കു വഴിയിലൂടെ ആണത്രേ... റോഡ്‌ മോശമാവാൻ കാരണവും ഇതുതന്നെ... നേർക്കുനേരെയുള്ള വഴി തലച്ചോറിനകം വഴി ഒത്തിരി വളഞ്ഞതാണ്‌ പോലും... നടത്തത്തിനിടയിൽ മൂപ്പർ ഇങ്ങനെ ഒരോരോ വിവരങ്ങൾ എനിക്കായ്‌ പകർന്നു തന്നുകൊണ്ടിരുന്നു.. കുറുക്കു വഴി ആയതോണ്ടാണോ എന്നറിയില്ല വന്ന വഴിയിലെ കാഴ്ച്ചകളൊന്നും കണ്ണിന്‌ ഇമ്പമുള്ളതായിരുന്നില്ല....

     5-10 മിനിറ്റ്‌ നടന്നപ്പോഴേക്കും   മനസ്സെന്ന ആ മാന്ത്രിക ലോകത്തിന്റെ വലിയ കവാടത്തിന്‌ മുന്നിൽ ഞങ്ങളെത്തി.. :-).. തൊട്ടടുത്തു തന്നെയുള്ള ടിക്കറ്റ്‌ കൗണ്ടറിൽ നിന്നും ടിക്കറ്റെടുക്കാൻ ഹൃദയം നിർദ്ദേശം നൽകിയ പ്രകാരം ഞാൻ ടിക്കറ്റെടുത്തു.. ഹൃദയത്തിന്‌ ടിക്കറ്റ്‌ വേണ്ട..  മൂപ്പർ ഇടയ്ക്കിടെ ഇങ്ങോട്ട്‌ വരാറുള്ളത്‌ കാരണം സ്പെഷ്യൽ പാസ്സുണ്ടത്രേ... "ഇടയ്ക്കിടെ ഇങ്ങോട്ടൊക്കെ ഒന്നു വന്നിരുന്നെങ്കിൽ നിനക്കും കിട്ടിയേനെ ഈ കൺസഷൻ..". ആക്കി ചിരിച്ചുകൊണ്ട്‌ ഹൃദയം പറഞ്ഞു... ഒരു കണക്കിന്‌ അവൻ പറഞ്ഞതിലും കാര്യമുണ്ട്‌... ഇടയ്ക്കൊക്കെ എനിക്ക്‌ ഈവഴി പോകാമായിരുന്നു..

     പുറത്തേ കാഴ്ച്ചകൾ അധികം പറഞ്ഞ്‌ മുഷിപ്പിക്കുന്നില്ല... ടിക്കറ്റ്‌ പരിശോധനകൾക്കൊടുവിൽ എന്നെയും കൂട്ടി ഹൃദയം അകത്തു കടന്നു.. ബ്ലാക്‌&വൈറ്റ്‌ സിനിമയിൽ നിന്നും പെട്ടെന്ന് കളർ സിനിമ്‌ കാണുന്ന പ്രതീതി.. ആദ്യ കാൽവെപ്പിൽത്തന്നെ എനിക്കുണ്ടായ അനുഭവത്തെ ഏറ്റവും ലളിതമായി ഇങ്ങനെ ഉപമിക്കാം..:-) പുറത്തെ അരോചക കാഴ്ച്ചകൾക്കുപരി അത്രയ്ക്ക്‌ മനോഹരമായിരുന്നു മനസ്സിനകം...അന്ന് സ്വർഗത്തിൽ കണ്ട കാഴ്ച്ചകളാണ്‌ പെട്ടെന്ന് എനിക്ക്‌ ഓർമ്മയിൽ തെളിഞ്ഞത്‌.. ഇരുവശവും പൂക്കളാൽ മനോഹരമായ നടപ്പാതയിലൂടെ ഞങ്ങൾ മറ്റ്‌ സഞ്ചാരികൾക്കൊപ്പം (എന്റെ മനസ്സിൽ ഞാനറിയാതെ സഞ്ചാരം നടത്തുന്നതാരൊക്കെ എന്നത്‌ എനിക്ക്‌ തന്നെ ഇന്നും ചുരുളഴിയാത്ത രഹസ്യം) നടത്തം തുടങ്ങി....

     ഒത്തിരി ദൂരം പോയില്ല, അതിനുമുൻപേ തന്നെ വലത്‌ വശത്ത്‌ വലിയൊരു കെട്ടിട സമുച്ചയം കാണാമെന്നായി.... ഒരു പത്തിരുപത്തിയഞ്ച്‌ നിലയുള്ള വലിയൊരു കെട്ടിടം..
" സംഭവം എന്താ പിടികിട്ടിയോ നിനക്ക്‌..??.." വാപൊളിച്ച്‌ അന്തംവിട്ട്‌ നിൽക്കുന്ന എന്നോട്‌ ഹൃദയം ചോദിച്ചു.... "ഇല്ല"എന്ന മട്ടിൽ തലയാട്ടിയ എന്നോടായ്‌ ഗൈഡ്‌ വിവരണം ആരംഭിച്ചു..... :-)
"ഇതാണ്‌ ചിന്താ ഫാക്ടറി... നിനക്കാവശ്യമായതും ആവശ്യമില്ലാത്തതുമായ സകല ചിന്തകളും ഉൽപ്പാദിപ്പിക്കുന്നത്‌ ഇവിടെ വച്ചാണ്‌.. ആയിരക്കണക്കിന്‌ ജോലിക്കാർ നിത്യേനെ ഇവിടെ എല്ലുമുറിയെ പണിയെടുക്കുന്നു... ".... ഹൃദയം വിവരണം നിർത്തിയപ്പോൾ ഞാൻ ഫാക്റ്ററിയുടെ മുറ്റത്തേക്കൊന്നു കണ്ണോടിച്ചു.. ശരിയാണ്‌.. അനേകായിരം ജോലിക്കാർ അങ്ങോട്ടുമിങ്ങോട്ടും നെട്ടോട്ടമോടുന്നുണ്ട്‌... മുറ്റത്ത്‌ ഒരു കോണിലായി ഒരു പത്തിരുന്നൂറ്റൻപത്‌ വലിയ ടിപ്പർ ലോറികൾ നിരനിരയായ്‌ നിർത്തിയിട്ടത്‌ അന്നേരമാണ്‌ എന്റെ കണ്ണിൽപ്പെട്ടത്‌... ഹൃദയത്തോട്‌ ഞാൻ കാര്യം തിരക്കി....
" അതോ...  അത്‌ ഫാക്ടറിയിലേക്ക്‌ അസംസ്കൃത വസ്തുക്കൾ എത്തിക്കുന്ന ലോറികളാണെടോ... കണ്ണ്‌, ചെവി, മൂക്ക്‌ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ്‌ ഇവിടുത്തേക്കാവശ്യമായ ലോഡ്‌ വരുന്നത്‌.... കുറച്ചു ദിവസായി ഒരു വിഭാഗം ജോലിക്കാർ മാനേജ്മെന്റിനെതിരെ സമരത്തിലാണ്‌.. ജോലിഭാരം കുറയ്ക്കണം; ശമ്പളം കൂട്ടണം.. ആവശ്യം ഇതുതന്നെ... അതോണ്ടാണ്‌ ഇത്രേം ലോറികൾ ഒരു പണിയുമില്ലാതെ ഇവിടെ വിശ്രമിക്കുന്നത്‌.."....
"ആഹാ... അപ്പൊ സമരമുറകളും യൂണിയനുമൊക്കെ ഇവിടെയുമുണ്ടല്ലേ..?".. തെല്ലൊരതിശയത്തോടെ ഞാൻ ചോദിച്ചു...
"ഇല്ലാതെ പിന്നെ..!!.."... മിഴിച്ചു നിൽക്കാതെ നീ നടക്കാൻ നോക്ക്‌ കാഴ്ച്ചകൾ എനീം കൊറേ ഉണ്ട്‌ മോനെ.... നടക്ക്‌ നടക്ക്‌.."..ഗൈഡ്‌ മൂപ്പർ എന്നെ പിടിച്ചുവലിച്ചു..  അങ്ങനെ ചിന്താഫാക്റ്ററിയും പിന്നിട്ട്‌ ഞങ്ങൾ നടത്തം തുടർന്നു.....
    
        പോകുന്ന വഴിക്ക്‌ ഇരുവശവും ഇടയ്ക്കിടെ തെരുവു വിളക്ക്‌ കണക്കെ പ്രകാശം പരത്തി അലങ്കൃതമായ വിളക്കുകാലുകൾ നിൽക്കുന്നുണ്ട്‌... ഒരിക്കലും അണയാൻ പാടില്ലാത്ത വിളക്കുകളാണിവ... എന്നിരുന്നാലും ഇടയ്ക്കിടെ അപ്പ്രതീക്ഷിതമായി ഉണ്ടാവുന്ന പവർക്കട്ടുകളിൽ ഈ വിളക്കുകൾ കണ്ണടയ്ക്കാറുണ്ട്‌... അപ്പൊ മനസ്സിനകം മുഴുവൻ അന്തകാരമായിരിക്കുമത്രേ... വായടക്കാതെ മ്മളെ ഗൈഡ്‌ ഇങ്ങനെ ഒരുപാട്‌ കാര്യങ്ങൾ എന്റെ അറിവിലേക്ക്‌ കുത്തിനിറയ്ക്കുന്നുണ്ട്‌...

    ഇരുട്ട്‌ മൂടിയ ഒരു ഇടുങ്ങിയ പാതയിലൂടെ നടന്ന് എന്നെയവൻ കൊണ്ടുപോയത്‌ ഒരു പാർക്കിലേക്കായിരുന്നു.... "പാർക്ക്‌" എന്നുവച്ചാൽ അത്ര സാധാരണമായതല്ല... പുറത്തുനിന്നുള്ള സഞ്ചാരികൾക്ക്‌ അകത്തോട്ട്‌ പ്രവേശനമില്ല... ഇങ്ങനെ നോക്കിക്കാണാം... അത്രതന്നെ... അപ്പൊപ്പിന്നെ അകത്തുകിടന്ന് ഉല്ലസിക്കുന്നതാരാണെന്ന എന്റെ സംശയത്തിന്‌ ഹൃദയം മറുപടി പറഞ്ഞത്‌ ഇങ്ങനെ.....
"നീ ഒന്നൂടെ സൂക്ഷിച്ചുനോക്ക്‌.. പാർക്കിനകത്തുള്ള എല്ലാരേയും നീയറിയും നല്ലോണം..."...

"ഞാനോ..  അ.. അതെങ്ങനെ.??.."...
"എടോ മണ്ടാ.. അത്‌ നിന്റെ ഓർമ്മകളാണെടോ.... പണ്ടുമുതൽ ഈ നിമിഷം വരെയുള്ള നിന്റെ എല്ലാ ഓർമ്മകളും ഇവിടെ കളിച്ച്‌ രസിച്ച്‌ നടക്കുന്നുണ്ട്‌...:-)... ആ ചുണക്കുട്ടന്മാരെ ഒന്നു നോക്കിക്കേ നീ.... അവരെ നിനക്ക്‌ ഓർമ്മ കാണും.. കാരണം അവർ നിന്റെ സമീപകാല ഓർമ്മകളാണ്‌.."..
നേരാണല്ലോ... പലരെയും ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി.. ചിലരൊക്കെ എന്നെ നോക്കി കൈവീശി കാണിക്കുന്നുണ്ട്‌.... തിരിച്ചങ്ങോട്ട്‌ ഞാനും റ്റാറ്റ പറഞ്ഞു... വേലിക്കിപ്പുറം നിന്നുകൊണ്ട്‌ എന്റെ ഓർമ്മകളെ കണ്ടുകൊണ്ട്‌ ഞാനും ഹൃദയവും പതിയെ നടന്നു.... നടത്തം പാർക്കും കഴിഞ്ഞ്‌ പിന്നെയും നീണ്ടു...

      "എനിയിപ്പൊ എന്താ കാണാനുള്ളത്‌?? ".. ഞാൻ ഹൃദയത്തോട്‌ ചോദിച്ചു.....
"ദാ.. അതുകൂടെയുണ്ട്‌.".. അങ്ങകലെ കൈ ചൂണ്ടിക്കൊണ്ട്‌ ഹൃദയം പറഞ്ഞു....
"അതെന്താണത്‌..?? ബസ്സ്റ്റാന്റ്‌ ആണോ??."...
"അതെ.. ബസ്സ്റ്റാന്റ്‌ തന്നെ.. അതുംകൂടെ കണ്ട്‌ ആ വഴി നമുക്ക്‌ തിരിച്ചുപോകാം... നമ്മുടെ ബസ്സിന്റെ സമയം ഏതാണ്ട്‌ ആയി....
നിനക്ക്‌ ഈ സ്റ്റാന്റ്‌ എതാണെന്ന് മനസ്സിലായോ..?? നമ്മൾ ഇങ്ങോട്ട്‌ വന്ന "സ്വപ്നം ട്രാവൽസ്‌" ഓർമ്മയില്ലേ..?? അതിന്റെ ആസ്ഥാനവും മെയിൻ ബസ്സ്റ്റാന്റും ആണിത്‌... ഇങ്ങോട്ടേക്ക്‌ ആകെ സെർവ്വീസ്‌ നടത്തുന്നത്‌ ഇവർ മാത്രാണ്‌.."..
ഒരുപാട്‌ ബസ്സുകൾ നിരനിരയായ്‌ നിർത്തിയിട്ടിരിക്കുന്നു... ഈ പ്രപഞ്ചത്തിന്റെ ഏത്‌ മുക്കിലും മൂലയിലേക്കും ഇവിടുന്ന് ബസ്സുണ്ടത്രേ... ചില വണ്ടികളൊക്കെ എനിക്കും നല്ല കണ്ട്‌ പരിചയം തോന്നുന്നുണ്ട്‌..

     ബസ്സുകൾക്കിടയിലൂടെ ഹൃദയം ധൃതിയിൽ എന്റെ കയ്യുംപിടിച്ച്‌ നടന്നു... ഞങ്ങളെത്തുമ്പോഴേക്കും ഞങ്ങടെ വണ്ടി നിരങ്ങിത്തുടങ്ങിയിരുന്നു.. "ഫീ..ഫീ.." എന്നുള്ള ഹൃദയത്തിന്റെ ചെവിതുളയ്ക്കുന്ന വിസ്സിൽ കേട്ട്‌ ഡ്രൈവർ വണ്ടി ചവിട്ടി.. ഒരുവിധം ബസ്സിൽ ഓടിച്ചാടിക്കേറി... ഏറ്റവും പുറകിലത്തെ സീറ്റിൽ ഞെങ്ങി ഞെരുങ്ങി മടക്കയാത്ര ആരംഭിച്ചപ്പോൾ എന്റെ മനസ്സിലത്രയും "മനസ്സി"നകത്ത്‌ ഞാൻ കണ്ട മനോഹരവും അത്ഭുതവും നിറഞ്ഞ കാഴ്ച്ചകളായിരുന്നു....

Wednesday, 30 July 2014

പിറന്നാൾ

വരുന്ന ദിവസം പിറന്നാൾ  ആഘോഷിക്കുന്ന പ്രിയപ്പെട്ടവൾക്കായി എന്റെ ചെറിയൊരു പിറന്നാൾ സമ്മാനം.....

"എന്തു ഞാൻ നൽകേണ്ടൂ പ്രിയേ
പിറന്നാൾ സമ്മാനമായി നിൻകയ്യിൽ....
എന്തു ഞാൻ പറയേണ്ടൂ സഖീ
ഈ ജന്മദിനത്തിൽ നിന്നോട്‌...
ഞാനിന്നറിയാതെ മോഹിച്ചുപൊകുന്നു
നിന്നരികിൽ ഉണ്ടാവാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്....
പരതിയെൻ കണ്ണുകൾ മടുത്തു തുടങ്ങി...
നടന്നെൻ കാലുകൾ തളർന്നു തുടങ്ങി...
തൃപ്തനാകുന്നില്ല ഒന്നിലുമേ ഞാൻ
എന്തു ഞാൻ നിനക്കായ്‌ നൽകേണ്ടൂ സഖീ...
ഒന്നുമില്ലീയുലകത്തിൽ നിനക്കു നൽകുവാൻ മാത്രം
തോറ്റുപോകുന്നു പ്രിയേ ഇക്കൊല്ലവും ഞാൻ..
കറങ്ങുന്ന കാലവും ഏറുന്ന വയസ്സും
ഇന്നു നിൻ മനസ്സിനെ മാറ്റിമറിച്ചെങ്കിൽ
കണ്ണടച്ചുകൊൾക കൈ നീട്ടിക്കൊൾക
സ്വീകരിച്ചാലും എൻ പിറന്നാൾ സമ്മാനം
തന്നുകൊള്ളട്ടെ എൻ ഹൃദയം നിനക്കായ്‌...
ഒപ്പം വാരിച്ചൊരിയുന്നു ആശംസകളത്രയും
ഒരുനൂറുകൊല്ലം ഇനിയുമീ ഭൂമിയിൽ
ജീവിച്ചു തീരുവാൻ ആയുസ്സുണ്ടാവട്ടെ.....

Saturday, 26 July 2014

ആത്മഹത്യ

             

എന്നിട്ടും ആ അമ്മയ്ക്ക്‌ സ്വന്തം മകനെ വെറുക്കാൻ കഴിഞ്ഞില്ല. ഞെട്ടിപ്പിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞപ്പോൾ അമ്മ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു... പാഞ്ഞുവന്ന തീവണ്ടിയിടിച്ച്‌ ആ ശരീരം ദൂരേക്ക്‌ തെറിച്ചുവീഴുമ്പോൾ "മോനേ...." എന്നൊരലർച്ച മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.. ആകാശത്ത്‌ രണ്ടു കുഞ്ഞു നക്ഷത്രങ്ങൾ കൂടി മിന്നിത്തെളിഞ്ഞു..ഗർഭപാത്രത്തിൽ സ്പന്ദിച്ച്‌ തുടങ്ങും മുൻപ്‌ അസ്തമിച്ച ആ ജീവന്റെ കണിക അമ്മയോടു ചോദിച്ചു...
" ഞാനെന്ത്‌ തെറ്റ്‌ ചെയ്തു??  എന്തിന്‌ നിങ്ങളെന്നെ നശിപ്പിച്ചു???...."
നിറഞ്ഞു തുടങ്ങിയ അമ്മയുടെ കണ്ണുകൾ അതിനുള്ള ഉത്തരം പറയാതെ പറയുന്നുണ്ടായിരുന്നു...

Saturday, 19 July 2014

പേനയും കടലാസ്സും


എഴുതാന്‍ പേന കയ്യിലെടുത്തപ്പോള്‍
                        പേന എന്നോട് ചോദിച്ചു..
"നീ ഇന്നും എനിക്ക് സ്വൈര്യം തരില്ലേ??."

പേന കടലാസില്‍ വച്ചപ്പോള്‍
        അടുത്ത ചോദ്യം കടലാസ്സിന്‍റെ വക.
"നിനക്ക് വേറെ പണിയൊന്നുമില്ലേ??......"

                                                      ഒടുവില്‍ എഴുതിത്തുടങ്ങിയപ്പോള്‍
                                                      പേനയും കടലാസ്സും പ്രണയത്തിലായി..

                                                      മിടുക്കന്മാരും മിടുക്കികളുമായ ഒരുകൂട്ടം
                                                      അക്ഷരക്കുഞ്ഞുങ്ങള്‍ക്ക് അവര്‍ ജന്മം നല്‍കി
                                                      അതിന് നിമിത്തമായതോ ഈ ഞാനും.....
 

Sunday, 6 July 2014

പ്രണയവും കാമവും

 പ്രണയത്തിന് കണ്ണില്ല,
കാതില്ല മൂക്കില്ല വായുമില്ല 
പക്ഷേ കാമത്തിനോ...
കണ്ണുണ്ട് മൂക്കുണ്ട് എല്ലാമുണ്ട്

കണ്ണും കയ്യുമില്ലാത്ത പ്രണയത്തെ
കണ്ണും കയ്യുമുള്ള കാമം വിഴുങ്ങി
കറുത്ത ദുര്‍ഗന്ധം വമിക്കുന്ന ഒരു
പിണ്ഡം കാമം വിസര്‍ജിച്ചു.....

                                                    ലഹരിപിടിപ്പിക്കുന്ന ആ ഗന്ധം വലിച്ചുകേറ്റി
                                                    സമൂഹം ഒരു ഭ്രാന്തനായി മാറി...
                                                    ഭ്രാന്തനായ സമൂഹം ഇന്നെന്തൊക്കെയോ
                                                                                                   കാട്ടിക്കൂട്ടുന്നു......
                                                    സമൂഹത്തിന്‍റെ ഭ്രാന്തുകണ്ട്
                                                    ഇന്നെനിക്കും ഭ്രാന്ത് മൂക്കുന്നു....



Saturday, 28 June 2014

തിങ്കളാഴ്ച്ച രാത്രിയിലെ ആ യാത്ര...




           ഒരുപാട് നാളത്തെ എന്‍റെ നിരന്തരമായ ശല്യപ്പെടുത്തലിന്‍റെ ഫലമായി ദൈവം ഒടുവില്‍ ഒരു ദിവസം എനിക്കായ് അനുവദിച്ചു.....പരലോകത്തേക്ക് ഒരു യാത്ര... യാത്ര പകല്‍ സമയം വേണ്ട രാത്രി മതിയെന്ന് ഞാന്‍ ദൈവത്തോട് പറഞ്ഞു.. പകല്‍സമയമാണെങ്കില്‍ ഞാന്‍ മരിച്ചെന്ന് കരുതി വീട്ടില്‍ ആകെ ലഹളയും ബഹളവുമായി പ്രശ്നമയമായിരിക്കും.. അതൊഴിവാക്കാനാണ് രാത്രി സമയം മതിയെന്ന് ദൈവത്തെ അറിയിച്ചത്..

           അങ്ങനെ ഒരു തിങ്കളാഴ്ച രാത്രി എല്ലാരും ഉറങ്ങിയത്തിനു ശേഷം ദൈവം എന്നെ കൊണ്ടുപോകാന്‍ വന്നു.. സമയം ഒരു 11 മണി കഴിഞ്ഞുകാണും.. ഞാനും മെല്ലെ ഉറങ്ങിത്തുടങ്ങിയിരുന്നു. ദൈവം മെല്ലെ എന്‍റെ വലതുകൈ പിടിച്ചുയര്‍ത്തി.  ഒരു നേന്ത്രപ്പഴത്തിന്‍റെ തൊലി ഉരിയുന്ന ലാഘവത്തോടെ ഞാന്‍ എന്‍റെ ശരീരത്തെ വിട്ട് മുകളിലേക്ക് ഉയര്‍ന്നു. ഇപ്പൊ തൊട്ടുതാഴെ ഉറങ്ങിക്കിടക്കുന്ന എന്‍റെ ചേതസ്സറ്റ ശരീരത്തെ എനിക്ക് കാണാം..
"വാ. പോകാം...".. ദൈവം എന്‍റെ കയ്യും പിടിച്ച് മുകളിലേക്കുയര്‍ന്നു.. വീടിന്‍റെ കോണ്ക്രീറ്റ് മമേല്‍ക്കൂരയും കടന്ന് ഞങ്ങള്‍ ആകാശത്തിലേക്ക് മറഞ്ഞു..

           പോകുന്ന വഴിയില്‍ എന്നെപ്പോലെ ഒത്തിരി ആത്മാക്കള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു. നിമിഷംതോറും മരിച്ചുകൊണ്ടിരിക്കുന്നവരുടെ ആത്മാക്കളാണ് ഇവരെന്ന് ദൈവം പറഞ്ഞുതന്നു.. തെളിഞ്ഞ അന്തരീക്ഷം മാറി ചുറ്റും തൂവെള്ള പുകനിറഞ്ഞു.. മുന്നോട്ട് കാണാന്‍ വയ്യാത്ത വിധം നിറഞ്ഞു നില്‍ക്കുന്ന ആ പുകമറയ്ക്കിടയിലൂടെ ദൈവം എന്നെയും കൊണ്ട് യാത്ര തുടര്‍ന്നു.  ഒത്തിരി ദൂരം പിന്നിട്ടപ്പോള്‍ പുകമറയ്ക്കുള്ളില്‍നിന്നും ഒരു "ശൂ..." "ശൂ..." വിളി.. ആരാണ് വിളിച്ചതെന്നറിയാന്‍ ദൈവത്തോടൊപ്പം ഞാനും ചുറ്റിനും കണ്ണോടിച്ചു...

"ഹാ.. നീയായിരുന്നോ..?!!. ഭൂമിയിലേക്ക് പോകുന്ന വഴിയായിരിക്കും ല്ലേ..??.."...

ദൈവം കുശലസംഭാഷണം ആരംഭിച്ചിരുന്നുവെങ്കിലും എനിക്കപ്പോഴും ആളെ പിടികിട്ടിയിരുന്നില്ല.. ഇത്തിരിക്കഴിഞ്ഞപ്പോഴാണ് ഞാന്‍ കണ്ടത് 'കാലന്‍' ആയിരുന്നുവെന്നും അന്ന്‍ ജീവന്‍ എടുക്കാനുള്ളവരുടെ ലിസ്റ്റുമായി ഭൂമിയിലേക്കുള്ള യാത്രയായിരുന്നു അതെന്നുമൊക്കെ എനിക്ക് മനസ്സിലായത്. അധികസമയം കുശലസംഭാഷണത്തിന് കാലന്‍ നിന്നില്ല.. കാരണം മൂപ്പര്‍ക്ക് ഇന്നൊരു രാഷ്ട്രീയ നേതാവിന്‍റെ ആത്മാവിനെ കൂട്ടാനുണ്ട് പോലും.. ഒരിടത്തും നില്‍ക്കാതെ നാടുമൊത്തം അലഞ്ഞുതിരിയുന്നവരായതുകൊണ്ട് സമയത്ത് കണ്ടുപിടിച്ചു ആത്മാവിനെ പിടിച്ചപിടിക്ക് കൂട്ടിക്കൊണ്ടുവരാന്‍ കാലന്‍ പോലും ഒത്തിരി പണിപ്പെടാറുണ്ടത്രേ...!!.. അങ്ങേര് ഭൂമിയിലേക്ക്‌ യാത്ര തുടര്‍ന്നു; ഞങ്ങള്‍ പരലോകത്തേക്കും..

            കുറച്ചുദൂരം കൂടെക്കഴിഞ്ഞപ്പോള്‍ പുകമറ നീങ്ങി വീണ്ടും അന്തരീക്ഷം തെളിയാന്‍ തുടങ്ങി.. "നമ്മള്‍ എത്താറായിരിക്കുന്നു.." ദൈവം പറഞ്ഞു.. അപ്പോഴേക്കും നല്ല ചന്ദനത്തിന്റെ ഗന്ധം എന്‍റെ മൂക്കിലേക്ക് തുളച്ചുകയറിത്തുടങ്ങിയിരുന്നു.. സ്വര്‍ഗത്തില്‍നിന്നുള്ള മണമാണ് അതെന്ന് ദൈവം അറിയിച്ചു..  അങ്ങകലെയായി രണ്ട് വലിയ കവാടങ്ങള്‍ എനിക്ക് കാണാമെന്നായി.. ഒന്ന് വളരെ ഭംഗിയായി അലങ്കരിച്ചിരിക്കുന്നു.. ഒന്നാണെങ്കില്‍ പൊട്ടിപ്പൊളിഞ്ഞു ആകെ വൃത്തികേടായി കിടക്കുന്നു.. സ്വര്‍ഗത്തിന്റെയും നരകത്തിന്റെയും പ്രധാന വാതിലുകളാണ് അവയെന്ന എന്‍റെ ഊഹം തെറ്റിയില്ല..പക്ഷേ പൊട്ടിപ്പൊളിഞ്ഞത് സ്വര്‍ഗമാണെന്നും ഭംഗിയില്‍ കെട്ടിയുയര്‍ത്തിയത് നരകമാണെന്നുമറിഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നി.. കാരണമന്വേഷിച്ചപ്പോള്‍ ദൈവം പറഞ്ഞതിങ്ങനെ..
" പണ്ട് ഇന്നത്തെ നരകം പോലെ സ്വര്‍ഗ്ഗവും വളരെ മനോഹരമായിരുന്നു.. കാലം പോകുന്നതിനനുസരിച്ച് നരകത്തിലേക്കുള്ള ആത്മാക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും സ്വര്‍ഗത്തിലേക്കുള്ള പ്രവേശകര്‍ അസാധാരണമാംവിധം കുറയുകയും ചെയ്തു... തത്ഫലമായി നരകത്തില്‍ സ്ഥലം മതിയാകാതെ വരികയും പതിയെ പതിയെ സ്വര്‍ഗത്തിന്‍റെ സ്ഥലം കുറേശ്ശെയായി നരകത്തിനായി പകുത്തു നല്കിത്തുടങ്ങുകയും ചെയ്തു.. വന്നു വന്നു സ്വര്‍ഗം ഇപ്പൊ തീരെ ഇല്ല എന്നുതന്നെ പറയാം.. അല്ലെങ്കില്‍ നീ ആ കാണുന്നത് സ്വര്‍ഗത്തിന്‍റെ ഇന്നത്തെ ശേഷിപ്പുകള്‍ മാത്രം..".. ദൈവം തെല്ല് വിഷമത്തോടെ പറഞ്ഞു..

            ദൈവം ആദ്യം എന്നെ കൊണ്ടുപോയത് നരകത്തിലേക്കാണ്.. ആ വലിയ കവാടം ദൈവം അരികിലെത്തിയപ്പോഴേക്കും താനേ തുറന്നു.. ദൈവത്തിനു പുറകെ അകത്തേക്കുകയറിയ എന്‍റെ മൂക്കിലേക്ക് ചോരയുടെയും വെന്ത ഇറച്ചിയുടെയും മണം ഇരച്ചുകയറിത്തുടങ്ങി. കൊമ്പന്‍മീശക്കാരായ രണ്ടു കാവല്‍ക്കാര്‍ ഞങ്ങളെ അകത്തേക്ക് വരവേറ്റു..

"എന്‍റെ കൂടെ വന്നതുകൊണ്ടാണ് നിനക്കിപ്പോ ഈ സ്വീകരണമൊക്കെ.. ഇനി മടങ്ങിപ്പോക്കില്ലാത്ത ഇങ്ങോട്ടേക്കുള്ള നിന്‍റെ യാത്ര നരകത്തിലെക്കാണെങ്കില്‍; ദാ ആ കാണുന്ന പാത വഴിയാണ് നീ അകത്തേക്ക് പ്രവേശിക്കേണ്ടത്.. നിങ്ങളോരോരുത്തരും ചെയ്ത തെറ്റുകളുടെ കാഠിന്യമനുസരിച്ച് ആ പാത കുപ്പിചില്ലുകളാലും മുള്ളുകളാലും നിറയും; ചിലപ്പോള്‍ തീക്കനലുകള്‍ നിറഞ്ഞതാവും.. ശിക്ഷയുടെ ആദ്യപടി അവിടെ തുടങ്ങുന്നു....". ദൈവത്തിന്‍റെ വാക്കുകള്‍ എന്നില്‍ ചെറിയ ഭയം നിറച്ചു....

              ഇരുഭാഗത്തും കരിങ്കല്ലിനാല്‍ നിര്‍മ്മിതമായ നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്ന വലിയ രണ്ടു ഹാളുകള്‍ക്കിടയിലൂടെയുള്ള ചെറിയ പാതയിലൂടെ ഞങ്ങള്‍ നരകത്തിന്‍റെ അകത്തളങ്ങളിലേക്ക് നടന്നു.. ഇത്തിരിനടന്നപ്പോഴേക്കും കുറേ തലമുടിക്കെട്ടുകളും മുന്നില്‍വച്ച് ഒരു സ്ത്രീ ഇരിക്കുന്നത്‌ എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു മുടിനാരിഴയും ചെറുതായി കീറുന്ന തിരക്കിലാണ് മൂപ്പത്തി.. ഏറെ ശ്രദ്ധയോടെ ജോലിചെയ്യുന്ന പേടിപ്പെടുത്തുന്ന രൂപത്തോട് കൂടിയ ആ സ്ത്രീ എന്നെ കണ്ടഭാവം പോലും നടിച്ചില്ല.. തൊട്ടടുത്തുതന്നെ അതേ രൂപത്തിലുള്ള ഒരു സ്ത്രീരൂപം രണ്ടാള്‍ വാവട്ടമുള്ള ഒരു വലിയ ഉരുളിയില്‍ എണ്ണ തിളപ്പിക്കുന്നു.. ഉരുളിയ്ക്കുമുകളില്‍ ഇരുവശത്തുമായി ഉറപ്പിച്ച തൂണിനോട് ചേര്‍ത്ത് മുടിനാരിനാല്‍ നിര്‍മിച്ച ഒരു നേര്‍ത്ത ചരട് വലിഞ്ഞുകെട്ടിയിരിക്കുന്നു.. ഒരു കൊമ്പന്‍ മീശക്കാരന്‍ അടുത്ത മുറിയില്‍നിന്നും ഒരു കൈ നഷ്ടപ്പെട്ട ഏതോ ഒരു ആത്മാവിനെ പിടിച്ചുകൊണ്ടുവന്നു,, തിളച്ച എണ്ണ ഇളക്കിക്കൊണ്ടിരിക്കുന്ന ആ സ്ത്രീ ഇളക്കല്‍ നിര്‍ത്തി ആ ആത്മാവിനെ തൂണിന്മേല്‍ കേറ്റിനിര്‍ത്തി ചരടിന് മുകളിലൂടെ നടക്കാന്‍ ആജഞാപിച്ചു.. തപ്പിത്തടഞ്ഞു നടത്തം തുടങ്ങിയ ആ ആത്മാവ് പകുതിദൂരമേത്തിയപ്പോഴേക്കും കമഴ്ന്നടിച്ച് താഴെ തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയിലേക്ക് വീണു.. ഏകദേശം രണ്ട് മിനുട്ട് എണ്ണയില്‍ കിടന്ന് തിളച്ച ആത്മാവിനെ ആ സ്ത്രീ രൂപം ചട്ടുകംകൊണ്ട് കോരിയെടുത്ത് തൊട്ടടുത്ത്‌ നിറച്ച പച്ചവെള്ളം നിറച്ച ടാങ്കിലേക്ക് ഇട്ടു.... "ശര്‍ര്‍ര്‍ര്‍ര്‍...." എന്ന ശബ്ദത്തോടെ അയാള്‍ വെള്ളത്തില്‍ കിടന്നു പുളയുന്നത് ഞാന്‍ വളരെ ദയനീയതയോടെ നോക്കിനിന്നു.. നരകത്തിലേക്ക് കാലെടുത്തുവച്ചപ്പോള്‍ കിട്ടിയ വെന്ത ഇറച്ചിമണത്തിന്‍റെ കാരണം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്..
"എന്തേയ്..?.. കണ്ടുനില്‍ക്കാന്‍ പറ്റുന്നില്ലേ??..".. എന്‍റെ തോളില്‍ തട്ടിക്കൊണ്ട് ദൈവം ചോദിച്ചു..
ഇയാള്‍ ഭൂമിയില്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ കണക്കുപുസ്തകം കണ്ടാല്‍ നീ തന്നെ പറയും ഇവന് ഈ ശിക്ഷ പോരാ എന്ന്..!! നീ വാ... ഇനിയും ഏറെ കാണാനുണ്ട്..."... ദൈവം എന്നെയും കൂട്ടി നടത്തം തുടര്‍ന്നു..    

                കുറേ ദൂരം ഉരുളിയും തിളച്ച എണ്ണയും മാത്രമായി കാഴ്ച.. ഇത്തിരികൂടെ മുന്നോട്ടുപോയപ്പോള്‍ ചുട്ടുപൊള്ളുന്ന ഇരിമ്പ് തകിടിന്മേല്‍ കയറ്റിനിര്‍ത്തി ശിക്ഷാവിധി കാണാനായി.. അങ്ങനെ പലവിധത്തിലുള്ള ഹൃദയം തകര്‍ക്കുന്ന കാഴ്ചകള്‍...!! ഇത്തരം കാഴ്ച്ചകള്‍ക്കിടയിലൂടെ നടന്ന് ഞങ്ങള്‍ മറ്റൊരു ഇരുട്ട് മുറിയിലേക്ക് പ്രവേശിച്ചു.. എങ്ങുനിന്നോ വരുന്ന അരണ്ട വെളിച്ചം മാത്രം നിറഞ്ഞ നീണ്ട ഒരു വരാന്ത.. ആ വരന്തയ്ക്ക് ഇരുവശവുമുള്ള മുറികളില്‍ ഓരോന്നിലും ഓരോ ആത്മാക്കളെയായി ലിംഗത്തില്‍ കമ്പി തുളച്ചുകേറ്റി കയറില്‍ കെട്ടിത്തൂക്കിയിരിക്കുന്നു.. "ഹോ..!! അമ്മേ..!!.." കണ്ട കാഴ്ച്ചയില്‍ത്തന്നെ അറിയാതെ ഞാന്‍ കണ്ണുപൊത്തിപ്പോയി.. കൈകളാല്‍ കണ്ണുമറച്ചു നില്‍ക്കുന്ന എന്‍റെ തോളില്‍തട്ടി ദൈവം മൊഴിഞ്ഞു..

"കുട്ടീ... ഭൂമിയില്‍ വച്ച് സ്വന്തം മാതാവിനെ, സ്വന്തം മകളെ, പെങ്ങളെ പീഡിപ്പിച്ച കാമഭ്രാന്തന്മാരായ മനുഷ്യരുടെ ആത്മാക്കളാണിവര്‍..ബന്ധങ്ങള്‍ക്ക് തെല്ലും വില കല്‍പ്പിക്കാതെ ഇവര്‍ ചെയ്തുകൂട്ടിയ മാപ്പര്‍ഹിക്കാത്ത അത്തരം തെറ്റുകള്‍ക്ക് ഈ ശിക്ഷ എന്തെങ്കിലും ആവുമോ?? നീ തന്നെ പറയ്‌...??.."..
"ഇല്ല" എന്നമട്ടില്‍ ഞാന്‍ അറിയാതെ തലയാട്ടിപ്പോയി...

ദൈവം പറഞ്ഞത് ശരിയാണ്.. പെണ്ണിനെ വെറും ശരീരം മാത്രമായി കാണുന്ന,അമ്മയെന്നോ പെങ്ങളെന്നോ വത്യാസമില്ലാതെ സ്വന്തം മക്കളില്‍പോലും കാമം തീര്‍ക്കുന്ന, മനുഷ്യവര്‍ഗത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന അത്തരക്കാര്‍ ഭൂമിയിലെ ശിക്ഷാവിധികളില്‍നിന്ന് രക്ഷപ്പെട്ടാലും ഇവിടെ ഈ ലോകത്ത് അവര്‍ അനുഭവിക്കുകതന്നെചെയ്യും എന്നറിഞ്ഞപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു സന്തോഷവും കുളിര്‍മയും തോന്നി.. "ഇത് പോരാ.. ഇവര്‍ ഇതിനെക്കാള്‍ കൂടുതല്‍ അനുഭവിക്കണം.." എന്ന്‍ മനസ്സില്‍ ചിന്തിച്ച് നടന്നുനീങ്ങിയ എന്‍റെ മുന്നില്‍ വീണ്ടും കടുത്ത ശിക്ഷാരീതികള്‍ തന്നെ..... ലിംഗം ഉള്ളിത്തണ്ട് അരിയുന്ന ലാഖവത്തോടെ അരിഞ്ഞുതള്ളുന്നത് ഒരിടത്ത്.. വേദന കൊണ്ട് പുളയുന്ന ആത്മാക്കളുടെ അലര്‍ച്ചയും ഞരക്കവും ആ വരാന്തയില്‍ തലം കെട്ടികിടന്നു.. മറ്റൊരു മുറിയില്‍ ഒരു സ്ത്രീയെ തലകീഴായി കെട്ടി തൂക്കി പഴുത്ത ഇരുമ്പ്കമ്പികള്‍ കൊണ്ട്ദേഹം മുഴുവന്‍ പൊള്ളിക്കുന്നു.. അവര്‍ ഭൂമിയില്‍ വച്ച് സ്വന്തം ഭര്‍ത്താവിനെയും മക്കളെയും കാമുകനോടൊപ്പം ചേര്‍ന്ന് നിഷ്ഠൂരമായി കൊലപ്പെടുത്തിയവളാണെന്ന്‍ദൈവം അറിയിച്ചു.. വേദനകൊണ്ടു പുളയുന്ന അവളെക്കണ്ടപ്പോള്‍ ആദ്യം സങ്കടം തോന്നിയെങ്കിലും കാര്യമറിഞ്ഞപ്പോള്‍ അവളിലെ വേദന എനിക്ക് ഒരു ലഹരിയായി തോന്നി.. വേറൊരു കോണില്‍ പ്രായം ചെന്ന ഒരു ആത്മാവിന്‍റെ ദേഹത്ത് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കീറിമുറിപ്പാടുണ്ടാക്കിക്കൊണ്ടിരിക്കുന്നു. മാത്രവുമല്ല തിളച്ചുമറിയുന്ന എണ്ണ മുറിവുകളിലേക്ക് ഒഴിക്കുന്നുമുണ്ട്..
"കാല്‍ നിലത്തുറയ്ക്കാത്ത പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ മുത്തച്ഛനാണദ്ദേഹം..".. അയാളെ ദൈവം എനിക്കായ് പരിചയപ്പെടുത്തി.. "ആ കത്തിക്കൊണ്ട് കീറിമുറികച്ചുകൊണ്ടിരിക്കുന്നത് ആ പിഞ്ചുകുഞ്ഞും.... മുത്തച്ഛന്‍റെ വരവിനായി കാത്തിരിക്കയായിരുന്നു ആ കുട്ടി.. ഒടുവില്‍ രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് കാലന്‍ അയാളെ ഇങ്ങോട്ട് കൊണ്ടുവന്നത്.. ആത്മാക്കള്‍ക്ക് ശിക്ഷിക്കാന്‍ മറ്റൊരു ആത്മാവിന് ഇവിടെ അധികാരമില്ല.. എന്നാലും ആ കുഞ്ഞിനെ ഞാന്‍ അതിനനുവദിച്ചു... അയാള്‍ക്കുള്ള ശിക്ഷ നടപ്പാക്കാന്‍ ഏറ്റവും യോഗ്യത അവള്‍ക്ക് തന്നെ.."... ഇതും പറയുമ്പോള്‍ അതുവരെ നനയാതിരുന്ന ദൈവത്തിന്‍റെ കണ്ണുകളില്‍ കണ്ണുനീര്‍ത്തുള്ളികള്‍ നിറയുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.. ദൈവം എന്നെയും കൂട്ടി മുന്നോട്ടു നീങ്ങിയപ്പോള്‍ അവളുടെ കയ്യില്‍ നിന്നും കത്തി വാങ്ങി ഞാനും അയാളെ തലങ്ങും വിലങ്ങും കീറി മുറിച്ചു.. "കാമാഭ്രാന്തന്‍.. അനുഭവിക്കട്ടെ..."..
ആ വരാന്തയും ചുറ്റുപാടും മുഴുവന്‍ കാമാസക്തി മൂത്ത് പലവിധകുറ്റങ്ങള്‍ ചെയ്തുകൂട്ടിയവര്‍ക്കുള്ളതായിരുന്നു..

"ദൈവമേ.... മതി..!!!. ഇനി എനിക്ക് ഇതില്‍കൂടുതല്‍ കാണാനുള്ള ശേഷിയില്ല... നമുക്കിവിടെനിന്ന് പുറത്തിറങ്ങാം... "..

ഒരു ചെറുചിരിയോടെ ദൈവം നിമിഷങ്ങള്‍ക്കകം എന്നെയുംകൊണ്ട്‌ നരകത്തിന് പുറത്തെത്തി.. എന്‍റെ മനസ്സ് ആകെ തളര്‍ന്നിരുന്നു.. കയ്യും കാലും വിറയ്ക്കുന്നതുപോലെ എനിക്കുതോന്നി.. തൊണ്ട വരണ്ടിരിക്കുന്നു.. "വെള്ളം...!!"... കുഴയുന്ന നാക്കുകളാല്‍ ഞാന്‍ ദൈവത്തോട് പറഞ്ഞു.
സേവകര്‍ കൊണ്ടുവന്ന അ മോന്തയിലെ വെള്ളം ദൈവമെനിക്ക് കുടിക്കാന്‍ തന്നു.. ചോരമണക്കുന്ന ആ വെള്ളം വായിലേക്കൊഴിച്ചപ്പോള്‍ എനിക്ക് ചര്‍ദിക്കാന്‍ വന്നു.. ഒരു ഒക്കാനത്തോടെ വെള്ളം ഞാന്‍ പുറത്തേക്കു തുപ്പി..

               അപ്പോഴും ചിരിച്ചുകൊണ്ടേയിരുന്ന ദൈവം തളര്‍ന്നിരിക്കുന്ന എന്നെയും കൈകളില്‍ താങ്ങി വളരെവേഗം സ്വര്‍ഗവാതില്‍ക്കലെത്തി.. ദൈവത്തിന്‍റെ ആജ്ഞ പ്രകാരം കാവല്‍ഭടന്മാര്‍ കൊണ്ടുവന്ന ആ തണുത്ത ഇളം മധുരമുള്ള വെള്ളം ഒരു തുള്ളി കുടിച്ചപ്പോഴാണ് എനിക്ക് തെല്ലൊരാശ്വാസം വന്നത്.. "ഹാവൂ...!!..".. ഞാന്‍ അറിയാതെ പറഞ്ഞുപോയി... "വരണ്ടായിരുന്നു തോന്നുന്നുണ്ടോ നിനക്കിപ്പോ..??."  ദൈവത്തിന്‍റെ ചോദ്യത്തിനു മറുപടിയൊന്നും പറയാതെ ഞാന്‍ ചിരിച്ചു... അഞ്ചു മിനിറ്റ് നേരത്തെ വിശ്രമത്തിന് ശേഷം ദൈവം സ്വര്‍ഗത്തിലേക്ക് ക്ഷണിച്ചു.. "നമുക്കിനി അധികം സമയമില്ല.... ഇനിയും ഒത്തിരി കാണാനുണ്ട്.. വേഗം വരിക ഉണ്ണീ.. ".. ദൈവം പറഞ്ഞു..
പൊട്ടിപ്പൊളിഞ്ഞ ആ വലിയ കവാടം തുറന്ന് ഞങ്ങള്‍ അകത്ത് കാലെടുത്തുവച്ചു.. ചുറ്റും സുഗന്ധം പരത്തുന്നതും നയനമനോഹരങ്ങളുമായ പൂക്കള്‍ നിറഞ്ഞ പൂന്തോട്ടം.. പൂന്തോട്ടത്തില്‍ അവിടെവിടെയായി പാറിപ്പറക്കുന്ന പൂമ്പാറ്റകളും തുമ്പികളും... "ഹാ,, എത്ര മനോഹരം...!!".   പൂക്കളെ തൊട്ടുതലോടി നടന്നു നീങ്ങിയ എന്‍റെ കണ്ണുകള്‍ അങ്ങകലെ കാണുന്ന മരത്തണലില്‍ ചെന്നുടക്കിനിന്നു.. അവിടെ കുറേ ആത്മാക്കള്‍ ഇരിക്കുന്നുണ്ട്‌.. ഒരാള്‍ (കണ്ടാല്‍ സന്യാസിയെ പോലിരിക്കും) അവര്‍ക്ക് ക്ലാസ്സെടുക്കുന്നു... ഞാനും ദൈവവും ആ മരച്ചുവട്ടിലേക്ക് നടന്നു.. എന്താണ് അവിടെ നടക്കുന്നതെന്ന് ദൈവത്തില്‍ നിന്ന് അറിഞ്ഞപ്പോള്‍ എനിക്ക് ഇത്തിരി അമ്പരപ്പ് തോന്നി.. നേരത്തെ ഞാന്‍ നരകത്തില്‍ വച്ച് കണ്ട എണ്ണയില്‍ തിളച്ചവരും തീപ്പലകയ്ക്കുമേല്‍ തുള്ളിയവരുമോക്കെയാണ് മുന്നില്‍ ഇരിക്കുന്നത്.. "മരണം" എന്നത് ഒരിക്കല്‍ മാത്രം സംഭവിക്കുന്നതായതിനാല്‍ നരകത്തില്‍ നിന്ന്‍ ആത്മാക്കള്‍ക്ക് എന്ത്‌തന്നെ ശിക്ഷ ലഭിച്ചാലും  വീണ്ടും "മരണം" എന്നൊരവസ്ഥ അവിടെ ഉണ്ടാകുന്നില്ല.. അത്തരത്തില്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞ ആത്മാക്കളെ സ്വര്‍ഗത്തിലേക്ക് കൊണ്ടുവന്ന് ഉപദേശങ്ങള്‍ കൊടുത്ത് ചെയ്ത തെറ്റിന്‍റെ കാഠിന്യവും പാപവും മനസ്സിലാക്കിക്കൊടുത്ത് നേര്‍വഴിക്കു നയിക്കുന്നതാണ് എന്‍റെ മുന്നില്‍ നടന്നുകൊണ്ടിരിക്കുന്ന ഈ ക്ലാസ്സെടുക്കലിലൂടെ ഉദ്ദേശിക്കുന്നത്.. മാനസാന്തരം വന്ന് അവര്‍ നന്മയിലേക്ക് വന്നുകൊണ്ടിരിക്കുമ്പോള്‍, നല്ലവരായി മാറിക്കൊണ്ടിരിക്കുമ്പോള്‍ അവരുടെ ദേഹത്തെ മുറിപ്പാടുകളും പൊള്ളലുകളുമൊക്കെ താനേ മായുന്നു. കാലക്രമേണെ അവര്‍ പൂര്‍വസ്ഥിതി പ്രാപിക്കുന്നു.. അത്തരത്തില്‍ പൂര്‍വസ്ഥിയിലായവരില്‍ ഭാഗ്യമുള്ള ആത്മാക്കള്‍ക്ക് വീണ്ടും ഭൂമിയില്‍ പോകാന്‍ അവസരവും ലഭിക്കുന്നു..

"കുട്ടീ.. ആ ഉപദേശങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നത് ഭൂമിയില്‍ നന്മകള്‍ മാത്രം ചെയ്ത് ഇവിടെ എത്തിയ ഒരു ആത്മാവാണ്.. നിങ്ങള്‍ മനുഷ്യര്‍ ഇടയ്ക്കിടെ പറയാറില്ലേ നല്ലവരെ ദൈവം പെട്ടെന്ന് മുകളിലേക്ക് വിളിക്കും എന്ന്..??? അതെന്തിനാനെന്നറിയോ നിനക്ക്??? ചില സമയങ്ങളില്‍ ഇങ്ങനെ ക്ലാസ്സെടുക്കാനും ഉപദേശിക്കാനും സ്വര്‍ഗത്തില്‍ ആത്മാക്കള്‍ മതിയാക്കാതെ വരും.. ആ കുറവ് നികത്താന്‍ വേണ്ടിയാണ്  ഭൂമിയിലെ ഏറ്റവും നല്ലവരായ, നന്മ മാത്രം നിറഞ്ഞ മനുഷ്യാത്മാക്കളെ എനിക്ക് പെട്ടെന്ന് ഇവിടേയ്ക്ക് കൊണ്ടുവരേണ്ടിവരുന്നത്....".. ചിരിച്ചുക്കൊണ്ട് ദൈവം പറഞ്ഞു...

         കുറച്ചു നേരം ഞാന്‍ ആ ഉപദേശകന്‍റെ ഉപദേശങ്ങള്‍ കേട്ടിരുന്നു.. മുന്നില്‍ ഇരിക്കുന്നവരില്‍ പലരെയും എനിക്ക് ഭൂമിയില്‍ വച്ചുകണ്ട പരിചയം തോന്നുന്നുണ്ട്.. നാട്ടില്‍ കള്ളാ സ്വാമിമാരായി വിലസിയവരും, രാഷ്ട്രീയ നേതാക്കളും, ഗുണ്ടാത്തലവന്മാരുമൊക്കെ അക്കൂട്ടത്തില്‍ ഇരിക്കുന്നുണ്ട്‌.. വെന്തുരുകിയ വികൃതമായ മുഖമായതിനാല്‍ ആരെയും വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല..  പെട്ടെന്നാണ് "ണിം... ണിം...." എന്ന വലിയ ശബ്ദത്തോടെ ഒരു മണിമുഴങ്ങിത്തുടങ്ങിയത്... മരത്തണലിലിരുന്നിരുന്ന ആത്മാക്കളൊക്കെ എണീറ്റ് അകത്തേക്ക് നടത്തം തുടങ്ങി...
"പ്രാര്‍ത്ഥന ആരംഭിക്കാന്‍ പോകുന്നു.. അതിന്‍റെ മണിയാണ് നീ ഇപ്പോള്‍ കേട്ടത്.. ഇനി നിനക്കിവിടെ നില്‍കാന്‍ അനുവാദമില്ല.. വേഗം വന്നാലും.. "... ദൈവം എന്‍റെ കൈ പിടിച്ചുവലിച്ചു...

"മടങ്ങാന്‍ സമയമായി ഉണ്ണീ..."..

         സ്വര്‍ഗ്ഗവും നരകവും വിട്ട് ഞാനും ദൈവവും മടക്കയാത്ര ആരംഭിച്ചു.. വന്നതിനേക്കാള്‍ ഇരട്ടിവേഗത്തിലായിരുന്നു തിരിച്ചുള്ള യാത്ര.. കാരണമന്വേഷിച്ചപ്പോള്‍ എന്നെക്കൊണ്ടുവിട്ടിട്ട് "പ്രാര്‍ത്ഥന" തുടങ്ങുന്നതിന് മുന്‍പ് ദൈവത്തിന് സ്വര്‍ഗത്തില്‍ മടങ്ങിയെത്തണം എന്നറിയിച്ചു.. വരുന്നവഴിക്ക് രാഷ്ട്രീയ നേതാവിനെ തപ്പിപിടിച്ച് കൊണ്ടുപോകുന്ന കാലനെ ഞങ്ങള്‍ കണ്ടു.. നാളത്തെ പത്രത്തില്‍ മെയിന്‍ വാര്‍ത്തയായി എനിക്ക് കാണാം  ഇയാളുടെ മരണ വാര്‍ത്ത.. അധികം വൈകാതെ എനിക്കെന്‍റെ വീട് കാണാമെന്നായി.. ഞാനും ദൈവവും മുറിക്കകത്തെത്തി.. അവിടെ ഇപ്പോഴും എന്‍റെ ശരീരം അനക്കമറ്റ് കിടക്കുകയാണ്. ദൈവത്തിന്‍റെ നിര്‍ദേശപ്പ്രകാരം ഞാന്‍ എന്‍റെ ധെഹതിനുമേല്‍ മെല്ലെ കിടന്നു.. ദൈവം എന്‍റെ നെഞ്ഞിനുമുകളില്‍ ശക്തിയായി ഒന്നമര്‍ത്തി.. ഒരു പിടയലോടെ ഞാന്‍ വീണ്ടും എന്‍റെ ശരീരത്തിനകത്തായി.. ഞെട്ടലോടെ ഞാന്‍ കണ്ണുതുറന്നു.. "ഇല്ല, ദൈവത്തെ കാണുന്നില്ല.. ദൈവം യാത്രയായിരിക്കുന്നു..".  സമയം 6 മണിയോടടുക്കുന്നു.. ഓഫീസില്‍ പോകണം.. ഞാന്‍ പതിയെ എണീറ്റു.. പരലോകം കാണാന്‍ ഒരു ദിവസം എനിക്കായ് അനുവദിച്ച ദൈവത്തിന് ഒരിക്കല്‍ക്കൂടെ നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ വാതില്‍ തുറന്ന്‍ പുറത്തേക്കിറങ്ങി.. നരകത്തിലെ ശിക്ഷകളും സ്വര്‍ഗത്തിന്‍റെ മാനോഹാരിതയും മനസ്സിലാക്കിയ ഞാന്‍ ഇനി തെറ്റ് ചെയ്യില്ല എന്ന് കണ്ണാടിക്ക് മുന്നില്‍പ്പോയി ശപഥം ചെയ്തു.. ബ്രഷ് കയ്യിലെടുത്തു.. ഇനി വീണ്ടും ജീവിതത്തിരക്കിലേക്ക്...   

Sunday, 15 June 2014

രാഷ്ട്രീയമില്ലാത്ത രാഷ്ട്രീയക്കാര്‍

"കേസരി, യുവധാര, രിസാല"....
             "ജനയുഗം,സുന്നി വോയിസ്"‌....
             മാസികകള്‍ പലവിധം നിത്യേനെ
                              കണ്മുന്നില്‍...
             ഓരോന്നും ജന്മംകൊണ്ട് ഓരോരോ
             രാഷ്ട്രീയ കുപ്പായമണിഞ്ഞോര്‍.........!!
            
             എന്നാലും തരിമ്പും രാഷ്ട്രീയമില്ലാതെ,
             ഒരമ്മപെറ്റ മക്കളെപ്പോള്‍ രാവിലെ
             സോര്‍ടിംഗ് ടേബിളിലേക്ക് തുരുതുരേ
             വീഴുന്ന ഇവരെ കാണുമ്പോള്‍
             ഞാന്‍ ചിന്തിച്ചു പോകുന്നു...............
             "എന്നെങ്കിലും നമ്മുടെ നാടും
                        ഇങ്ങനെയാകുമോ..??"
 

Saturday, 7 June 2014

എന്‍റെ ജനനം



     1990, മാര്‍ച്ച്‌ മാസത്തിലെ ഏതോ ഒരു ദിവസം.. അന്നാണ് ദൈവം എന്നെ സൃഷ്ടിക്കാന്‍

തുടങ്ങിയത്.. കേവലം ഏകകോശമായി നിന്നിരുന്ന എന്നിലേക്ക്‌ ദൈവം അന്ന്‍ ജീവന്‍റെ

സ്പന്ദനം സന്നിവേശിപ്പിച്ചു. അന്ന് ആദ്യമായി ഞാന്‍ ദൈവത്തെ അറിഞ്ഞു.. ദൈവം എന്നെ

അന്നുമുതല്‍ "കുട്ടിശങ്കരാ.." എന്ന് വിളിച്ചു തുടങ്ങി. പിന്നീടങ്ങോട്ടുള്ള കുറേ ദിനങ്ങള്‍ ദൈവം

എന്നെ രൂപപ്പെടുത്തുന്ന തിരക്കിലായിരുന്നു. കുറേയധികം കണ്ണുകളുടെ രൂപങ്ങള്‍ എനിക്ക്

നേരെ നീട്ടി ദൈവം എന്നോട് ചോദിച്ചു.. "കുട്ടിശങ്കരാ.. ഇതില്‍ ഇതാ നിനക്കിഷ്ടപ്പെട്ടത്..??.  ഈ

പൂച്ചക്കണ്ണാണോ അതോ ഈ ഇളം നീല കണ്ണാണോ നിനക്ക് വേണ്ടത്???"..
കണ്ണില്ലാത്ത എന്നോടാണല്ലോ ഈ മണ്ടന്‍ ദൈവം കണ്ണിനെക്കുറിച്ചു

ചോദിക്കുന്നതെന്നോര്‍ത്തപ്പോള്‍ എനിക്ക് ചിരിയാ വന്നത്... പക്ഷെ പറഞ്ഞിട്ടെന്താ കാര്യം;

ചിരിക്കാന്‍ വായും ഇല്ലല്ലോ... രണ്ടും കല്പിച്ച് ഞാന്‍ ഒരു രൂപത്തില്‍ തൊട്ടു. നല്ല നീണ്ട

കറുത്ത നയനങ്ങളായിരുന്നു അത്.. എന്‍റെ ഇപ്പോഴത്തെ കണ്ണുകള്‍.... :)

     പിന്നീട് ദൈവം എനിക്ക് പലതും തന്നു.. കൈ തന്നു.. കാല് തന്നു.. ചെവി, മൂക്ക്

അങ്ങനെ എല്ലാം.... ചിലതിനൊക്കെ മൂപ്പര്‍ എന്‍റെ ഇഷ്ടം കൂടെ ചോദിച്ചു..അങ്ങനെ കിട്ടിയതാ

ഈ നീളന്‍ മൂക്ക്... ചിലതൊക്കെ ദൈവം മൂപ്പരുടെ സ്വന്തം ഇഷ്ടത്തിന് തന്നു.. അങ്ങനെ

ഇത്തിരി ദിവസം കഴിഞ്ഞപ്പോഴേക്കും കണ്ണും മൂക്കും കയ്യും ഒക്കെയായി ആകെ മൊത്തം

എനിക്കൊരു കോലമായി എന്നുപറയാം....

     പക്ഷേ, തലയ്ക്കക്കം അപ്പോഴും കാലിയായിരുന്നു.. ഒരു ദിവസം ഞാന്‍ ദൈവത്തോട്

ചോദിച്ചു. " അല്ല ദൈവേ.. ഇതെന്താ ഇങ്ങള് എന്‍റെ തലയ്ക്കകം മാത്രം ഇപ്പോഴും ഇങ്ങനെ

പൊള്ളയായി വച്ചേക്കുന്നെ?? മറന്നുപോയതൊന്നുല്ലല്ലോ?? അതോ, ഇതിന്‍റെ അകം ഇങ്ങനെ

തന്നെ മതിയോ?? ".... കൌതുകത്തോടും സങ്കടത്തോടും ഉള്ള എന്‍റെ ചോദ്യം കേട്ടപ്പോള്‍ ദൈവം

ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു..
" കുട്ടിശങ്കരാ.. ഇതിനകത്താണ് ഞാന്‍ ഇതുവരെ നിനക്ക് തന്നതിനേക്കാളെല്ലാം വിലപിടിപ്പുള്ളത്

വയ്ക്കാനുള്ളത്.. തലച്ചോറ്..!!!... പക്ഷേ അതിന് സമയമായില്ല ശങ്കരാ.. എന്‍റെ നിയന്ത്രണങ്ങള്‍

വിട്ട് നീ പുറംലോകത്തെത്തുമ്പോള്‍ നിന്നെ നിയന്ത്രിക്കാന്‍ പോകുന്നത് അവനായിരിക്കും..നിന്‍റെ

ഉയര്‍ച്ചയും താഴ്ചയും ഒക്കെ അവനില്‍ നിഷിപ്തമായിരിക്കും.. അതുകൊണ്ട് നിനക്ക്

അനുയോജ്യമായ രീതിയില്‍ അവനെ ഉണ്ടാക്കിയെടുക്കാന്‍ എനിക്ക് ഇനിയും സമയം വേണം....

അതത്ര എളുപ്പമുള്ള കാര്യമല്ല.."... ഇതും പറഞ്ഞ് ദൈവം ദൈവത്തിന്‍റെ പാട്ടിന്പോയി...

       മൂന്നുനാല് ദിവസം കഴിഞ്ഞപ്പോള്‍ ദൈവം എന്നെ ഒരു സ്ഥലം വരെ

കൂട്ടിക്കൊണ്ടുപോയി.. വിശാലമായൊരു മുറി.. ഇളം മഞ്ഞ നിറമുള്ള മങ്ങിയ പ്രകാശം

നിറഞ്ഞ മുറി.. അവിടെ തൂവെള്ള വിരി വിരിച്ച നീളന്‍ മേശയ്ക്കുമുകളില്‍ എനിക്ക്

തന്നതുപോലുള്ള ഒത്തിരി കണ്ണുകളും കൈകളും ചെവികളും നിരത്തി വച്ചിരിക്കുന്നു....

ചിലതിന്‍റെയൊക്കെ പണി മുഴുമിപ്പിച്ചിട്ടില്ല.... ഇരുഭാഗത്തും നീണ്ടുകിടക്കുന്ന മേശകള്‍ക്കിടയിലെ

ഇടുങ്ങിയ വഴിയിലൂടെ ദൈവം എന്നെയും കൂട്ടി നടന്നു.. ഒത്തിരിപ്പേര്‍ അവരുടെ പണികളില്‍

മുഴികിയിരിക്കുന്നത് ഞാന്‍ കണ്ടു... അവരെക്കുറിച്ചന്വേഷിച്ചപ്പോള്‍ ദൈവം പറഞ്ഞു..

"ഇവരൊക്കെ എന്‍റെ ജോലിക്കാരാണ്...".. നിന്നെപ്പോലെ ദിവസവും ഒരുപാട് കുഞ്ഞുങ്ങള്‍ക്ക്‌

കയ്യും കാലും മൂക്കുമൊക്കെ ഉണ്ടാക്കികൊടുക്കാന്‍ ഞാന്‍ ഒറ്റൊരുത്തന്‍ വിചാരിച്ചാല്‍

നടക്കില്ലല്ലോ.. അതുകൊണ്ടാണ് ഇവരെയൊക്കെ സഹായത്തിന് വിളിച്ചത്.. ഭൂമിയിലെ ജീവിതം

അവസാനിച്ച് തിരികെയെത്തിയവരാണ് ഇവരൊക്കെ..നീയും ഒരുനാള്‍ ഇങ്ങിനെ

ഇവിടെവരും"... ഞാനും ദൈവവും പിന്നെയും നടന്നു... ജോലിചെയ്യുന്നതിനിടയില്‍ പലരും

കഴുത്ത് പൊക്കി എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു...

        നടന്നു നടന്നു എത്തിയത് ഒരു വല്ല്യ കവാടത്തിനു മുന്നില്‍... വാതിലിന് മുകളിലുള്ള

ഒരു പ്രത്യേകസ്ഥലത്ത് ദൈവം തന്‍റെ കൈ പതിപ്പിച്ചപ്പോള്‍ ആ കാവാടം ഒരു "ക്രേ.."

ശബ്ദത്തോടെ മലര്‍ക്കെ തുറന്നു... "ഇത് എനിക്ക് മാത്രമേ തുറക്കാന്‍ കഴിയൂ..". ദൈവം

പറഞ്ഞു... ഞങ്ങള്‍ അകത്തേക്ക് നടക്കുമ്പോള്‍ ദൈവം തുടര്‍ന്നു...
"ഇതാണ് തലച്ചോര്‍ ഉണ്ടാക്കുന്ന സ്ഥലം.. മറ്റെല്ലാ കാര്യങ്ങള്‍ക്കും എന്നെ സഹായിക്കാന്‍

ആളുണ്ടെങ്കിലും ഇതിനകത്തേക്ക് ആര്‍ക്കും പ്രവേശനമില്ല. ഓരോ തലച്ചോറും ഉണ്ടാക്കുന്നത്

ഞാന്‍ സ്വയം തന്നെ.."...
മങ്ങിയ വെളിച്ചത്തില്‍ ആ മേശയ്ക്ക് മുകളില്‍ തിളങ്ങിനില്‍ക്കുന്ന സാധനം

ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവം പറഞ്ഞു.. "ദേ.. ആ കാണുന്നതാണ് നിന്‍റെ തലച്ചോര്‍.. പണി

പൂര്‍ത്തിയായിട്ടില്ല..."... ദൈവം എന്നെ അതിനടുത്തേക്ക് കൊണ്ടുപോയി... തലങ്ങും വിലങ്ങും

ചെറിയ ചെറിയ കീറലുകള്‍ നിറഞ്ഞ ആ സാധനത്തെ ഞാന്‍ കൌതകത്തോടെ നോക്കി..
"കുട്ടിശങ്കരാ,.. ഇതിന്‍റെ 90 ശതമാനം പണികളും കഴിഞ്ഞു.. ഇനി 'ബുദ്ധി"യുടെ പണി കൂടി

മാത്രേ ബാക്കിയുള്ളൂ..."..
"ബുദ്ധിയോ???.. അതെന്താ സാധനം??".. ഞാന്‍ ചോദിച്ചു..

"ബാഹ്യലോകവുമായി ഇടപഴകുമ്പോള്‍ അങ്ങനൊരു സാധനം കൂടെ നിനക്ക് അനിവാര്യമാണ്,,

'ബുദ്ധി' യില്ലാത്ത തലച്ചോര്‍ തീര്‍ത്തും പ്രവര്‍ത്തന രഹിതം എന്നുതന്നെ പറയാം.. ഭൂമിയിലേക്ക്

പോകുന്ന നിനക്ക് അവിടെ പല പ്രതിസന്ധികളും നേരിടേണ്ടിവരും.. പലകാര്യങ്ങളും

നിനക്കവിടെ പഠിക്കേണ്ടാതായുണ്ട്.. പല തീരുമാനങ്ങളും സ്വയം എടുക്കേണ്ടതായി വരും...

അതിനൊക്കെ തലച്ചോറിനെ സഹായിക്കുന്നത് 'ബുദ്ധി'യാണ്.. ഒരു ചെറുചിരിയോടെ ദൈവം

തുടര്‍ന്നു.. "പിന്നെ മറ്റൊരു കാര്യം.. ബുദ്ധി എനിക്കങ്ങനെ അധികം തരാന്‍ നിയമം

അനുവദിക്കുന്നില്ല.. നേരിയ വ്യത്യാസം പോലും വരാതെ എല്ലാര്‍ക്കും തുല്യമായ രീതിയില്‍

കൊടുക്കാനാണ് എനിക്ക് കിട്ടിയ നിര്‍ദേശം... ബുദ്ധിയുടെ അളവില്‍ പിന്നീട് നിനക്ക് തന്നെ

മാറ്റം വരുത്താവുന്നതാണ്.. അതിനുള്ള മറ്റ് കഴിവുകളൊക്കെ നിനക്ക് ഞാന്‍ തരുന്നുണ്ട്.. അത്

വേണ്ട വിധം പ്രയോജനപ്പെടുത്തിയാല്‍ ബുദ്ധിയെ ഒരുപാട് വളര്‍ത്തിയെടുക്കാന്‍ നിനക്ക്

സാധിക്കും.. പ്രത്യേകം ഓര്‍ക്കുക, നിന്‍റെ ബാക്കി അവയവങ്ങളെപ്പോലെ ഇവന്‍ സ്വയം

വളരില്ല.. നീ പ്രയത്നിച്ചെങ്കില്‍ മാത്രമേ ഞാന്‍ തന്ന അളവില്‍ നിന്നും ഇത്തിരിയെങ്കിലും

കൂട്ടാന്‍ നിനക്ക് സാധിക്കൂ.... "....

"എല്ലാം ഇങ്ങള് പറയും പോലെ.." എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.... പിന്നെ അധികനേരം

അവിടെ നില്‍ക്കാന്‍ ദൈവം അനുവദിക്കാത്തതിനാല്‍ ഞാന്‍ തിരിച്ചു നടന്നു..


         കുറച്ചധികം ദിവസങ്ങള്‍ കടന്നുപോയി.. ഒരു ദിവസം ഉച്ചയ്ക്ക് ഞാന്‍ വെറുതേ

വായുംപോളിച്ചിരിക്കുമ്പോള്‍ ദേ ദൈവം വരുന്നു.. കയ്യില്‍ ഒരു പാക്കറ്റും ഉണ്ട്... സംഭവം

കണ്ടപ്പോള്‍ തന്നെ തലച്ചോറാവുമെന്നു ഞാന്‍ ഊഹിച്ചു.. ഊഹം തെറ്റിയില്ല... പാക്കറ്റ് പൊളിച്ച്

ദൈവം അതിനെ പുറത്തെടുത്തു.. തലയ്ക്കുമുകളിലെ അടപ്പ് തുറന്ന് ദൈവം തലച്ചോറിനെ

അവിടെ സ്ഥാപിച്ചു.. അളവ് "കിറുകൃത്യം".... "എന്‍റെ ദൈവേ.. ഇങ്ങളെ ഞാന്‍

സമ്മതിച്ചിരിക്കുന്നു.. എങ്ങനാ ഇത്ര കറക്റ്റ് ആയി..".. ദൈവത്തെ ഞാനൊന്ന് പൊക്കിയടിച്ചു...
"കുട്ടിശങ്കരാ.... ഈ പണി തുടങ്ങീടട്ടേയ് കാലം കുറെയായി മോനേ.."... ദൈവം തിരിച്ചടിച്ചു..

ഏകദേശം ഒരു മണിക്കൂര്‍ നേരത്തെ നിര്‍ത്താതെയുള്ള "ശടപടേ" പണികള്‍ക്കൊടുവില്‍ മൂപ്പര്‍

തലച്ചോറിലേക്കുള്ള വയറുകളും കണക്ഷന്‍സ്സുമൊക്കെ കൊടുത്തു ശരിയാക്കി...

"ഇപ്പൊ നീയാ കയ്യൊന്ന് ഇളക്കിനോക്കിയേ ശങ്കരാ.. "...
ഹാ.. അത്ഭുതം.. ദൈവത്തിന്‍റെ സഹായം തീരെയില്ലാതെ എനിക്കിതാ കയ്യനക്കാന്‍ പറ്റുന്നു..

ഓരോ അവയവങ്ങളായി ദൈവത്തിന്‍റെ നിര്‍ദേശപ്രകാരം ഞാന്‍ ടെസ്റ്റ്‌ ചെയ്തു.. കാല്, കണ്ണ്,

ചെവി.... എല്ലാം പെര്‍ഫെക്റ്റ്‌.. എനിക്ക് സ്വന്തമായി ഒക്കെ ചെയ്യാം.... ഒടുവില്‍ മൂക്കിന്‍റെ

കാര്യത്തില്‍ മാത്രം ചെറിയൊരു പ്രശ്നം.. ദൈവം മണക്കാന്‍ തന്ന സാധനം മണക്കാന്‍ എന്‍റെ

മൂക്കിന് കഴിഞ്ഞില്ല.. ഒരു 5 മിനുറ്റ് നേരത്തെ അഴിച്ചുപണികള്‍ക്കൊടുവില്‍ ദൈവം അതും

ശരിയാക്കി... അങ്ങനെ അമ്മയുടെ ഗന്ധം അന്നാദ്യമായി ഞാന്‍ അറിഞ്ഞു.... "ഒക്കെ ഓക്കേ

യല്ലേ ശങ്കരാ..?? ".. ദൈവം ചോദിച്ചു.. "ഡബിള്‍ ഓക്കേ"യാണെന്ന് ഞാനും പറഞ്ഞു.. മൂപ്പര്‍ എന്‍റെ

തല അടച്ച് സീല്‍ ചെയ്തു പൂട്ടി...
"ഓ.. ഈ തലച്ചോറ് കൊള്ളാല്ലോ ദൈവേ.. സംഭവം തന്നെ"... എന്‍റെ പറച്ചില്‍ കേട്ട് ദൈവം

മറുപടി പറഞ്ഞു. " ഇതൊന്നുമല്ല ശങ്കരാ തലച്ചോറിന്‍റെ കഴിവ്.. ഇവന്‍റെ അത്ഭുതങ്ങള്‍

നീയെനിയും കാണാനിരിക്കുന്നതെയുള്ളൂ.. "....


          അങ്ങനെ കാലം ഓടിക്കൊണ്ടേയിരുന്നു... എന്‍റെ മേലുള്ള നിയന്ത്രണങ്ങള്‍

ഓരോന്നായി ദൈവം ഒഴിവാക്കികൊണ്ടേയിരുന്നു.. ഒപ്പം എന്‍റെ തല ഓരോന്നായി

ഏറ്റെടുത്തുകൊണ്ടുമിരുന്നു.. അങ്ങനെ ഒരു ദിവസം മൂപ്പര്‍ പൂര്‍ണമായും എന്നെ

സ്വതന്ത്രനാക്കി.. ഞാനിപ്പോള്‍ പൂര്‍ണമായും "ഞാന്‍" ആയി മാറിയിരിക്കുന്നു.. എനിക്കിപ്പോള്‍

സ്വന്തമായി ഓരോന്നും ചെയ്യാനറിയാം.. അന്നൊരുദിവസം ദൈവം പറഞ്ഞു..
"കുട്ടിശങ്കരാ.. നിനക്ക് പുറംലോകത്തേക്ക് പോകാനുള്ള സമയമായിരിക്കുന്നു... പോയി

സുന്ദരമായ ആ ലോകത്തെ ആസ്വദിച്ചാലും.. ഞാന്‍ തന്ന കണ്ണുകള്‍കൊണ്ട് നല്ലത് മാത്രം

കാണുക.. ഞാന്‍ തന്ന ചെവികള്‍കൊണ്ട് നല്ലതുമാത്രം കേള്‍ക്കുക... നന്മയ്ക്ക് വേണ്ടിമാത്രം നീ

നിന്‍റെ തലച്ചോറിന്‍റെ കഴിവുകളെ ഉപയോഗപ്പെടുത്തുക.. അസാമാന്യമായ ഒരുപാട്

സവിശേഷതകള്‍ നിറഞ്ഞതാണ്‌ നിന്‍റെ തലച്ചോര്‍ എന്നത് നീ മറക്കാതിരിക്കുക.. നിന്‍റെ മുന്‍പേ

ഞാന്‍ ഭൂമിയിലേക്കയച്ച മനുഷ്യരില്‍ ഭൂരിഭാഗവും അവരുടെ തലച്ചോറിന്‍റെ ശേഷിയെ

വേണ്ടവിധം ഉപയോഗപ്പെടുത്താത്തവരാണ്.. നീയും അങ്ങനെയാവതിരിക്കാന്‍ ശ്രമിക്കുക.."..

ദൈവത്തിന്‍റെ ഉപദേശങ്ങളൊക്കെ ഞാന്‍ ശ്രദ്ധയോടെ കേട്ടു.. അവ ഓരോന്നും തലച്ചോറിനോട്

"ഓര്‍മ"എന്ന പെട്ടിയില്‍ വച്ച് പൂട്ടാന്‍ ഞാന്‍ ആവശ്യപെട്ടു....

           1991 ജനുവരി 20ാം തീയതി സമയം രാത്രി 8.30.. ഞാനെന്ന പുതുപുത്തന്‍

യന്ത്രത്തെ ദൈവം കൈപിടിച്ച് പുറത്തേക്കിറക്കി..  പെട്ടെന്ന് സ്വന്തമായി പ്രവര്‍ത്തിക്കാന്‍

തുടങ്ങിയപ്പോള്‍ കുറേനേരത്തേക്ക് ഭയങ്കര ശബ്ദം.... അതിനെ "കരച്ചില്‍" എന്ന് പിന്നീട്

ആരൊക്കെയോ പറയുന്നത് ഞാന്‍ കേട്ടു... അന്ന് സ്വന്തം നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ

യന്ത്രം ഇപ്പൊ 23 വര്‍ഷങ്ങളായി വല്ല്യ കുഴപ്പങ്ങളൊന്നും കൂടാതെ ഇന്നും പ്രവര്‍ത്തനം

തുടരുന്നു.. ഈ കാലയളവില്‍ ഞാന്‍ പലതും പഠിച്ചു.. എന്നെ, എന്‍റെ തലച്ചോറിനെ ഞാന്‍ കൂടുതല്‍

അറിഞ്ഞു.. ദൈവത്തിന്‍റെ അന്നത്തെ ഉപദേശങ്ങള്‍ ചിലപ്പോഴെങ്കിലും അറിയാതെ തെറ്റിക്കാന്‍

ശ്രമിച്ചിട്ടുണ്ടെങ്കിലും വല്ല്യ കുഴപ്പങ്ങളും കുറ്റങ്ങളും ചെയ്യാതെ ഞാന്‍ ഇന്നും

മുന്നോട്ടുപോകുന്നു... ഞാനെന്ന യന്ത്രതിന്റെ ഒരുപാട് പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും

എനിക്കിന്നും അന്യമാണ്... യാത്രാമധ്യേ ഓരോന്നായി എനിക്കുമുന്നില്‍ വെളിപ്പെടുമെന്ന

വിശ്വാസത്തോടെ യന്ത്രം നിലയ്ക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു....

Tuesday, 27 May 2014

ഇതെന്താ ഇങ്ങനെ?????

              വയ്യാതെ കിടക്കുന്ന അമ്മ ഒരുഗ്ലാസ് വെള്ളം
                                           ചോദിച്ചപ്പോള്‍.....
              മേലെന്നു പറഞ്ഞ് ഇറങ്ങിപ്പോയോന്‍..............

              അച്ഛനെ തൊട്ടടുത്ത ബസ്റ്റോപ്പില്‍ വിടാന്‍
                                  പറഞ്ഞപ്പോള്‍.......
              ബൈക്കില്‍ പെട്രോളില്ലെന്ന് കള്ളംപറഞ്ഞോന്‍...

              പനിയാല്‍ വിറയ്ക്കുന്ന അനിയനെ ഡോക്ടറെ
                            കാണിക്കാന്‍ പറഞ്ഞപ്പോള്‍..
              പരീക്ഷയാണെന്ന് പറഞ്ഞ് മടിച്ചു നിന്നോന്‍......

              ഒടുവില്‍ ഇന്ന് തന്‍റെ പ്രിയതമ വീണു
                      കൈമുട്ടൊന്ന് പോറിയെന്നറിഞ്ഞപ്പോള്‍
              ഫസ്റ്റ്-എയ്ഡ് ബോക്സുമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്തേ...?

              ഇതാണോ യഥാര്‍ത്ഥ സ്നേഹം????
              അതോ ഇതും യഥാര്‍ത്ഥ സ്നേഹം ആണോ??
            
                

Saturday, 24 May 2014

ഒരു പോസ്റ്റോഫീസ് പ്രണയം

               പോസ്റ്റോഫീസിന്‍റെ അകത്തളങ്ങളില്‍ വച്ച്
               ഞാനന്നവളെ ആദ്യമായി കണ്ടുമുട്ടി...
               അവളോടുള്ള വാത്സല്യം ഒരു പ്രണയമായ്
               മനസ്സില്‍ കിളിര്‍ക്കാന്‍ സമയമേറെയെടുത്തില്ല..
             
               പക്ഷേ എനിക്കായ് അവള്‍ അവളുടെ മനസ്സില്‍
               സഹോദരസ്ഥാനം നീക്കിവച്ചു..
               ആ സ്ഥാനത്തില്‍ തൃപ്തനാവാതെ ഞാന്‍
               അവളെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു..
               എന്‍റെ ഇഷ്ടം അവളില്‍ അടിച്ചേല്‍പ്പിക്കാന്‍
                                        ശ്രമിച്ചു....

               കാലത്തിന്‍റെ ഒഴുക്ക് അവളെ ആ
               പോസ്റ്റോഫീസിന്‍റെ പടിയിറക്കി...
               പക്ഷേ എന്‍റെ നിരന്തരമായ പ്രേരണ മാത്രം
               അപ്പോഴും മാറ്റമില്ലാതെ തുടര്‍ന്നു,,,,
             
               ഒടുവില്‍ സഹികെട്ടപ്പോള്‍ അവള്‍
                                     പൊട്ടിത്തെറിച്ചു....
               "എന്നെ കാണരുത്; എന്നോട് മിണ്ടരുത്.."..
               പരുഷമായ അവളുടെ വാക്കുകള്‍...
               "എന്നെ വിളിക്കരുത്; എന്‍റെ കണ്മുന്നില്‍ വരരുത്.."..
               അവള്‍ ആഞ്ഞടിച്ചു..
             
         
          എന്‍റെ മനസ്സ് വിതുമ്പി; പിടഞ്ഞു...
               ഒന്നല്ല, രണ്ടല്ല പലതവണ......
               പക്ഷേ തേങ്ങല്‍ ആരും കേട്ടില്ല..
               കേള്‍ക്കാന്‍ ശ്രമിച്ചില്ല....
             
 
              എന്‍റെ മനസ്സാകുന്ന വീട്ടില്‍ അവള്‍ക്കായ്‌
              ഞാനൊരുക്കിയ ഇരിപ്പിടം ഇന്നും
                         അവള്‍ക്ക് മാത്രം സ്വന്തം..
              അവളെയും കാത്ത് വീടിന്‍റെ പടിവാതിലില്‍
              ദു:ഖിതനായിരിക്കുന്ന എന്നെ നോക്കി അവളിന്നും
              പുറത്തെവിടെയോ നിന്ന് കൊഞ്ഞനം കുത്തുന്നു...

   
              


               
        

Sunday, 18 May 2014

മൂടല്‍മഞ്ഞ്



    മൂടല്‍മഞ്ഞിനാല്‍ പുകമറ നിറഞ്ഞ ഒരു പുലര്‍കാലം.. നീണ്ടുകിടക്കുന്ന ഹൈവേയില്‍ വാഹനങ്ങള്‍ നന്നേ കുറവ്.. ദീപുവും രാജേഷും

സഞ്ചരിക്കുന്ന ആഡംബരക്കാറിന്‍റെ തീവ്രമായ മഞ്ഞ വെളിച്ചത്തിനുപോലും മൂടല്‍മഞ്ഞിനെ തോല്‍പ്പിക്കാന്‍ കഴിയുന്നില്ല.. മുന്നിലുള്ള അവ്യക്തമായ

കാഴ്ച്ചകള്‍ക്കിടയിലൂടെ അവര്‍ ചീറിപ്പാഞ്ഞു. കാറിനുള്ളില്‍ "അയലത്തെ വീട്ടിലെ  കല്യാണച്ചെക്കനും", " ഡാഡിയും മമ്മിയും വീട്ടിലില്ലാത്തപ്പോ

വിളയാടാന്‍ വിളിക്കുന്ന പെണ്ണു"മൊക്കെ ഫുള്‍ വോള്യത്തില്‍ ആടിത്തിമര്‍ക്കുന്നുണ്ട്. പോരാത്തതിന് "കിങ്ങ്ഫിഷര്‍ ഹോട്ട്" ബിയര്‍ ദീപുവിന്‍റെ

കയ്യില്‍ നുരഞ്ഞുപതയുന്നുണ്ട്.. അതും ഈ നട്ടപ്പുലര്‍ച്ചയ്ക്ക് തന്നെ....

     പെട്ടെന്നാണ് രാജേഷ് ബ്രേക്ക്‌ ആഞ്ഞുചവിട്ടിയത്.. ഒപ്പം "അമ്മേ.. ആ.." എന്നൊരു നിലവിളിയും..... ദീപുവിന്‍റെ നെറ്റി ഡാഷ്ബോര്‍ഡില്‍

ചെന്നിടിച്ചു ചോരപൊടിഞ്ഞു..

"എടാ.. ദീപൂ.. വണ്ടി. വണ്ടി ആരെയോ ഇടിച്ചിട്ടിട്ടുണ്ട്..".. റോഡിന്‍റെ ഒരു വശത്തെ കിടങ്ങിലേക്ക് നോക്കി രാജേഷ്‌ പറഞ്ഞു... പാട്ടിന്‍റെ വോള്യം

കുറച്ച് ചാടിയിറങ്ങാന്‍ നോക്കുന്ന രാജേഷിന്‍റെ കൈപ്പിടിച്ച്‌ ദീപു ചോദിച്ചു...

"നീ എങ്ങോട്ടേക്കാ??... വണ്ടിയെടുക്കാന്‍ നോക്ക്... ഒരു കുഞ്ഞുപോലും കണ്ടിട്ടില്ല... മാത്രല്ല അയാളെ പിടിച്ചെണീപ്പിക്കാന്‍ ശ്രമിച്ചാലേ പിന്നെ

ഹോസ്പിറ്റലും കേസും.. വല്ല്യ പുലിവാലാടാ..... അതോണ്ട് തല്ക്കാലം ഒന്നും സംഭവിച്ചില്ല വച്ചിട്ട് നീ വണ്ടി ചവിട്ടി വിട്ടേ... സമയത്തിന്

ഓഫീസിലെത്താനുള്ളതാ....!! 

"എടാ.. ന്നാലും അയാള്‍കെന്തേലും കാര്യായിട്ട് പറ്റിയോന്നു നോക്കീട്ട്....".. രാജേഷ്‌ പിന്നേം ഡോര്‍ തുറന്നിറങ്ങാന്‍ ശ്രമിച്ചു....

'"രാജേഷേ.. മര്യാദയ്ക്ക് പറഞ്ഞത് കേള്‍ക്ക്... വെറുതേ വയ്യാവേലിയെടുത്ത് തലയില്‍ വയ്ക്കല്ലേ..!!.. തട്ടിയത് നിന്‍റെ അമ്മാവനെയൊന്നുല്ലല്ലോ

ഇങ്ങനെ വെറളിപിടിക്കാന്‍...?!!... വേണ്ടിയെടുക്കെടാ........ ഇത്തിരി ദേഷ്യം കലര്‍ന്ന സ്വരത്തില്‍ ദീപു അലറി.....

മനസ്സില്ലാമനസ്സോടെയെങ്കിലും രാജേഷ് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.. മൂടിപ്പുതഞ്ഞു കിടയ്ക്കുന്ന മൂടല്‍മഞ്ഞിനിടയിലൂടെ ആ ചുവന്ന വെട്ടം പതിയെ

അകന്നകന്ന്‍ അപ്രത്യക്ഷമായി..


     ഹോട്ടല്‍ മുറിയില്‍, യാത്രാക്ഷീണം മാറ്റാന്‍ ഒന്ന് കുളിച്ചു ഫ്രെഷായി ഓഫീസില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ് ദീപു.. കണ്ണാടിക്ക്

മുന്നിലിരുന്ന് സുന്ദരമായ തന്‍റെ മുഖത്ത് ചായം പൂശി മിനുക്കുന്നതിന്‍റെ ഇടയിലാണ് അലസമായി കിടക്കയില്‍ വാരിവലിച്ചിട്ട ഡ്രെസ്സിന്‍റെ ഇടയില്‍

നിന്നും ഫോണ്‍ ശബ്ദിച്ചത്...
"സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം..."......
"ഈ രാവിലെത്തന്നെ ആരാണപ്പാ" എന്ന് ചിന്തിച്ച് കൂട്ടിയിട്ട ഡ്രെസ്സിനിടയില്‍നിന്നും ഫോണ്‍ തപ്പിയെടുത്ത് ദീപു ചെവിയില്‍ വച്ചു...

"ഹലോ.."..

"ദീപുവല്ലേ??.."..

"അതേ.."..

"ഇത് ഞാനാടാ.. മനോജ്‌ അങ്കിള്‍..."..

"ആ... അങ്കിളായിരുന്നോ..!! ഇതേതാ ഈ പുതിയ നമ്പര്‍??"..

"അതൊക്കെ പറയാം..  നീ ഞാന്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കണം.."..

"എന്താ അങ്കിളേ പ്രശ്നം??.."..

"അത്.. അതുപിന്നെ.. പുലര്‍ച്ചെ നടക്കാനിറങ്ങിയ അച്ഛനെ.."..

"അച്ഛനെ??....

"അച്ഛനെ ഏതോ വണ്ടി ഇടിച്ചിട്ടു... അവര് നിര്‍ത്താതെപോയി... രാവിലെ ആയതോണ്ട് വേറാരും കണ്ടതുല്ല്യാ... ഹോസ്പിറ്റലില്‍

എത്തിച്ചപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.."...

"എ.. എന്നിട്ട്.. അച്ചനിപ്പോ??..".. ഇടറിത്തുടങ്ങിയ ശബ്ദത്തില്‍ ദീപു ചോദിച്ചു...

"അ.. അച്ഛന്‍.. അച്ഛന്‍ പോയി മോനെ... അവരൊന്നു നിര്‍ത്തിയിരുന്നേല്‍ ഒരുപക്ഷേ..'".. തേങ്ങലോടെ മനോജ്‌ അങ്കിള്‍ തുടര്‍ന്നു....


   അങ്കിളിന്‍റെ വാക്കുകള്‍ ദീപുവിനെ ഒരുനിമിഷം നിശബ്ദതയിലാഴ്ത്തി.. റെസീവര്‍ അവന്‍റെ കയ്യില്‍ നിന്നും വഴുതിവീണു... ദീര്‍ഘമായ ഒരു

നിശ്വാസത്തോടെ ദീപു കിടക്കയിലേക്ക് മെല്ലെ മലര്‍ന്നുവീണു.. വീണുകിടക്കുന്ന റെസീവറില്‍നിന്നും മനോജ്‌ അങ്കിളിന്‍റെ "ഹലോ.. ഹലോ.." ശബ്ദം

മുഴങ്ങിക്കൊണ്ടിരിക്കുമ്പോള്‍  ദീപുവിന്‍റെ കണ്ണുകള്‍ പതിയെ അടഞ്ഞുതുടങ്ങിയിരുന്നു; ഒരിറ്റ് കണ്ണീരുപോലും നിറയുന്നതിനും മുന്‍പേ.........


 
   
    

Wednesday, 14 May 2014

പോസ്റ്റ്‌ കാര്‍ഡ്‌

               

            കൌണ്ടറില്‍ തിരക്കൊഴിഞ്ഞസമയം
            ക്ലോസ്ചെയ്ത് ടാലിയാക്കുന്ന തിരക്കില്‍
            ഞാനിരിക്കുന്നു....
           
            വെളുത്ത് തടിച്ച് കണ്ണടവച്ചൊരു പയ്യന്‍
            കൌണ്ടറില്‍ വന്നു...
            ഒരു വിദ്യാസമ്പന്നന്‍റെ ലുക്ക്‌.....

            "എന്തായിരുന്നു??".. എന്‍റെ ചോദ്യം...
            "ഒരു പോസ്റ്റ്‌കാര്‍ഡ്‌ വേണം" കയ്യിലെ
            പത്തുരൂപ നീട്ടിക്കൊണ്ട് അവന്‍റെ മറുപടി...
            "50 പൈസയാണ് വില" ഞാനറിയിച്ചു...
            "ഓഹോ.. 50 പൈസയായി കുറച്ചോ??" അതെപ്പോഴെന്നു
            അവന്‍....
            അതെപ്പോഴാ ഞാനറിയാതെ കുറച്ചതെന്നു ഞാനും
            ചിന്തിച്ചു..
            ഉണ്ടായകാലംമുതല്‍ ഞാന്‍ കേള്‍ക്കുന്നത്
            50 പൈസയെന്നാണേ.....
            എന്തായാലും 1രൂപ ചില്ലറ തന്നപ്പോ
            ഞാന്‍ പോസ്റ്റ്‌കാര്‍ഡെടുത്തു കൊടുത്തു..
           
            അപ്പൊ മറുഭാഗത്തു നിന്നുള്ള ചോദ്യം..
            "ഇതാണോ പോസ്റ്റ്‌കാര്‍ഡ്‌?? ഇതല്ല ഇതിന്‍റെ വലുതില്ലേ??"..
           
            അവനോടൊന്നും തിരിച്ചുപറയാതെ ഞാന്‍
            എന്‍റെ പണികളില്‍ മുഴുകി...
            "ഇതാണോ ആവോ ഈ ന്യൂ ജനറേഷന്‍??.."..
            ഞാനപ്പൊ വെറുതേ ചിന്തിച്ചു....