"രാവിലെത്തന്നെ ഈ നശിച്ച മഴ...." പതിവില്ലാതെ പെയ്ത വേനല്‍മഴയെ ശപിച്ചുകൊണ്ട്
അബ്ദു മെല്ലെ കണ്ണുകള്‍ തുറന്നു.. നേരം പുലര്‍ച്ചെ 5:30. കിടക്കപ്പായില്‍നിന്നു ഒന്ന്
ഞെരിഞ്ഞമര്‍ന്നു ഒരു കോട്ടുവായുമിട്ടു അയാള്‍ മെല്ലെ എണീറ്റു. സമയം നീങ്ങിക്കൊണ്ടിരുന്നു.
ഒപ്പം അബ്ദുവിന്റെ പണികളും. ഒടുവില്‍ ഭാര്യ ഉണ്ടാകിയ ചോറും കറികളും തന്റെ തോള്‍
സഞ്ചിയില്‍ വെച്ച് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ നേരം ഒന്നൂടെ അബ്ദു മഴയെ പ്രാകി... "ഇന്നത്തെ
കാര്യം കൊളായല്ലോ പടച്ചോനെ...... എങ്ങനയാ ഈ മഴയത്ത് കത്തുകളൊക്കെ കൊടുത്തു
തീര്‍ക്കുന്നേ....."
ഒരു കാലന്‍കുടയും നിവര്‍ത്തി അബ്ദു മെല്ലെ ഓഫീസിലേക്ക് നടന്നു. വഴിയില്‍ ഇടയ്ക്കു
വച്ച് കണ്ട കണാരേട്ടന്‍ അബ്ദുവിനോട് ചോദിച്ചു.. " അല്ല അബ്ദ്വോ, മ്മളെ കുസുമം ഇതുവരെ
കിട്ടീലല്ലോ.. ന്താപ്പാ ഇങ്ങനെ വൈകുന്നേ..??..".. "ഈ കോടമഴയത്താണ് ങ്ങടെ ഒരു കുസുമം"
എന്ന് മനസ്സില്‍ ചിന്തിച്ചെങ്കിലും പുറത്തു ചെറുചിരിയോടെ അബ്ദു പറഞ്ഞു.. " വരാനാവുന്നേ
ഉള്ളൂ കണാരേട്ടാ.. ഇന്നോ നാളെയോ എത്തുംട്ടോ..".. അതുംപറഞ്ഞ് അയാളെയും പിന്നിട്ട്
നടക്കുന്നേരം അബ്ദു മനസ്സില്‍ പിറുപിറുത്തു. "കുസുമം... പറയുന്നത് കേട്ടാല്‍ തോന്നും
ഇങ്ങേരൊക്കെ ഇത് ഒരക്ഷരം വിടാണ്ട് വായിക്കുംന്ന്‍.. കഴിഞ്ഞ രണ്ട് മാസത്തെ കുസുമം
ഞാന്‍ കൊണ്ടുവച്ചപോലെ ആ ജനാലയ്ക്കിടയില്‍ ഇന്നലേം കണ്ടതാ.. സ്ഥാനം പോലും ലേശം
മാറിട്ടില്ല... ആദ്യം അതെടുത്തു ഒന്ന് നൂര്‍ത്തുവെങ്കിലും ചെയ്യ് കാരണോരെ.. എന്നിട്ടല്ലേ ഈ
മാസത്തേത്.. ".. മഴയോടും കണാരെട്ടനോടും ഉള്ള ദേഷ്യം അബ്ദു മുറുമുറുപ്പിലൂടെ തീര്‍ത്തു..
ഇതൊക്കെ കഴിഞ്ഞ് നനഞ്ഞ് കുതിര്‍ന്ന് ഓഫീസിലെത്തി കുടമടക്കിവച്ച് കേറാന്‍ നേരം ദാ
നില്‍ക്കണു മേലെടത്തെ പാത്തുമ്മ... "കഴിഞ്ഞ രണ്ട്വോസം മുന്‍പ് ഇത്താത്തെനോട് ഞാന്‍ ഉള്ള
കാര്യം പറഞ്ഞതാണല്ലോ.. ഇന്നിപ്പോ പിന്നേം ഇത് എന്തിനുള്ള വരവാണപ്പാ...". "എന്തേനു
ഉമ്മാ രാവിലെത്തന്നെ??.." അബ്ദു ഇത്തിരി ഉറക്കെ ചോദിച്ചു.. അല്ലെങ്കില്‍ മൂപ്പത്തിക്ക്
കേക്കൂല.. ചെവീടെ ഫ്യൂസ് പോയിട്ട് കുറച്ചായി.. മുറുക്കി കറപിടിച്ച പല്ലുകള്‍ ഒന്നാകെ കാട്ടി
ചിരിച്ച് പാത്തുമ്മ അബ്ദുനോടായ് മറുപടി പറഞ്ഞു.
"അബ്വോ".. (ഇത്താത്ത അബ്ദുനെ അങ്ങനെയാ വിളിക്കുന്നെ.. എങ്ങാനും "അബ്ദ്വോ" വിളിച്ചാല്‍
അബ്ദുടെ മുഖം മുറുക്കാന്‍ കൊണ്ടുനിറയും... അതോണ്ട് അബ്ദു തന്ന്യാ പറഞ്ഞത് "ങ്ങള്
'അബ്വോ' വിളിച്ചാ മതീന്ന്...) " മ്മളെ വയസ്സന്മാര്‍ക്ക്ള്ള പെന്‍ഷന്‍ പൈസ ഇനീം ബന്നില്ലേ
മോനെ.. കയ്യില്‍ ഒരു പൈസേം ഇല്ല അബ്വോ..".. സ്ഥിരം ചോദ്യം തന്നെ ഇന്നും കേട്ടപ്പോ
അബ്ദു തലയില്‍ കൈവച്ചുകൊണ്ട് പറഞ്ഞു.."വല്ല്യുമ്മാ.. ഇങ്ങളോടല്ലേ രണ്ട്വോസം മുന്‍പ് ഞാന്‍
പറഞ്ഞത് പൈസ വന്നാ ഞാന്‍ അറിയിക്കും ഇങ്ങള് ഇങ്ങോട്ട് വരണ്ടാന്ന്... ഇമ്മഴയത്ത്
ഒറ്റയ്ക്ക് വരുമ്പോ ഏടേലും ഊരിവീണാല് ന്താവും സ്ഥിതി... പെന്‍ഷന്‍ വരുമ്പോ മാത്രം
"ഉമ്മാ"ന്ന്‍ വിളിച്ചു വരുന്ന മക്കളും മരുമക്കളൊക്കെ അപ്പൊ ണ്ടാവ്വോ നോക്കാന്‍??"..
ദയനീയതയും സങ്കടവും നിറഞ്ഞ നിഷ്കളങ്കമായ ഒരു ചെറുചിരി മാത്രമായിരുന്നു
പാത്തുമ്മയുടെ മറുപടി.. അധികം വൈകാതെ അബ്ദു തന്നെ ഒരു ഓട്ടോ പിടിച്ച് പാത്തുമ്മേനെ
വീട്ടിലേക്കു വിട്ടു.. പോകാന്‍ നേരം ഒന്നൂടെ ഓര്‍മിപ്പിച്ചു.. " ഉമ്മാ.. ഇനി ഇങ്ങനെ
ഒറ്റക്കെറങ്ങി വരരുത് ട്ടോ..".. "ഇല്ല" എന്ന് തലയാട്ടി പാത്തുമ്മയും ഓട്ടോയും മുന്നോട്ടു
നീങ്ങി... ഉമ്മയുടെ കണ്ണുകള്‍ അപ്പൊ ചെറുതായി നനഞ്ഞിട്ടുണ്ടായിരുന്നു.. "പാവം".. ഒരു
ദീര്‍ഘ നിശ്വാസത്തോടെ അബ്ദു ഓഫീസിനകത്തേക്ക് കേറി....
കഴിഞ്ഞ ദിവസം കൊടുത്തതിന്‍റെ ബാക്കി ബുക്കുകളും കത്തുകളും ഫോണ്‍ബില്ലുകളും
ഒന്നൂടെ നോക്കി ഏതൊക്കെയാണെന്ന് ഉറപ്പു വരുതുന്നതിനിടയില്‍ കയ്യില്‍ മെയില്‍
ബാഗുകളുമായി 'ശശിയേട്ടന്‍' ഓഫീസിലേക്ക് കേറിവന്നു.. ശശിയേട്ടന്‍ അവിടുത്തെ "മെയില്‍
പേക്കര്‍" ആണ്... "അബ്ദ്വോ.. ഇന്നിത്തിരി കനത്തിലുണ്ട് ട്ടോ.. പത്തിരുപത്തിയഞ്ച് ബാഗുണ്ട്
മോനെ.."... ശരിയാണ്.... കനത്തില്‍ തന്നെയുണ്ട്.. ചാക്കുകള്‍ ഒന്നൊന്നായി അഴിച്ചു സോര്‍ടിങ്ങ്
ടേബിളില്‍ ചെരിഞ്ഞപ്പോഴേക്കും മേശ കത്തുകള്‍ കൊണ്ടുനിറഞ്ഞു.. കൂമ്പാരമായി
കൂടിക്കിടക്കുന്ന മാസികകളും ബുക്കുകളും... 'കേസരി'യും 'കേരകര്‍ഷക'നും ഒരു ഭാഗത്ത്..
'കുസുമം' മറ്റൊരു ഭാഗത്ത്... ഇതിന്‍റെയൊക്കെ ഇടയിലായി LIC'യുടെ പ്രീമിയം റിമൈന്‍റര്‍
കാര്‍ഡുകള്‍ നാണിച്ചു തലതാഴ്ത്തി നില്‍ക്കുന്നു..
"അല്ല ശശിയേട്ടാ. ഈ പെരുത്ത മഴയത്ത് ഇതൊക്കെ എങ്ങനാ ഇപ്പൊ കൊടുത്ത് തീര്‍ക്കുന്നേ..??
ഈ കിലോക്കണക്കിനുള്ള ബുക്കൊക്കെ ന്നെക്കൊണ്ട് കെട്ടിവലിച്ചു കൊണ്ട്വോവാന്‍
ആവൂലപ്പാ...".... "എനിക്കറിയില്ലെന്‍റെ അബ്ദ്വോ... കൊണ്ട്വോവാണ്ട് നിവര്‍ത്തിയില്ലല്ലോ...". ഒരു
ദീര്‍ഘനിശ്വാസത്തോടെ ശശിയേട്ടന്‍ മറുപടി പറഞ്ഞു.. കൂമ്പാരമായി കൂടിക്കിടക്കുന്ന
കത്തുകള്‍ക്കിടയില്‍നിന്നും ലേശം ലേശം വലിച്ചെടുത്ത് ഡേറ്റ് സ്റ്റാമ്പ് അടിച്ചു സോര്‍ട്ട് ചെയ്തു
തുടങ്ങിയ അബ്ദു പെട്ടെന്നാണ് ആ ചോദ്യം കേട്ടത്.. "ഓഹോ.. പോസ്റ്റോഫീസില്‍ ഇപ്പൊ
കത്തൊക്കെ വരാറുണ്ടല്ലേ??. ഇപ്പൊ കത്തയക്കുന്ന ആള്‍ക്കാരൊക്കെ ഉണ്ടോ?? കഷ്ടം തന്നെ.... "..
ശബ്ദം കേട്ടപ്പോ തന്നെ അബ്ദൂന് ആളെ പിടികിട്ടി.. 'ബാബു".. ഇവിടുത്തെ പഞ്ചായത്തിലെ LD
ക്ലാര്‍ക്ക് ആണ്.. ഇപ്പൊ ഇവിടെ പ്രത്യക്ഷപ്പെട്ടത് ഫോണ്‍ബില്‍ അടക്കാനാണ്.. ആള് വല്ല്യൊരു
കോഴിപ്പേനും വേറുപ്പിക്കലിനന്‍റെ ആശാനുമാണ്.. ഇതൊക്കെ കണ്ടിട്ടും ഇമ്മാതിരി വെടക്ക്
ചോദ്യം ചോദിച്ച ഓനോട് രണ്ടു "മറ്റേത്" പറയാനാണ് അബ്ദൂന് ആദ്യം തോന്നിയത്.. എന്തേലും
പറയാനായ് വാ തുറക്കുമ്പോഴേക്കും ശശിയേട്ടന്‍ കേറി ഗോളടിച്ചു... " ഈ കാലത്തിപ്പോ ആര്
കത്തയക്കാനാ ബാബ്വോ...!! പിന്നെ ഈ കാണുന്നതൊക്കെ ഞാള് ഞാളെ വീട്ടീന്ന്
കെട്ടിപ്പൊതിഞ്ഞു കൊണ്ട്വോന്നതാ.. എന്തേയ് ഇന്‍റെ പുരേലുണ്ടോ കൊറച്ച് കത്തെടുക്കാന്‍??..
അതൂടെ കിട്ട്യാല്‍ എണ്ണം തികയ്യേനൂ..."... ഒന്നും തിരിച്ചു പറയാതെ കിട്ടിയതും വാങ്ങിച്ചോണ്ട്
ഒരു വളിച്ച മുഖത്തോടെ ബാബു സ്ഥലം കാലിയാക്കി.. ശശിയേട്ടനെ പിടിച്ച് ഒരു ഉമ്മ
കൊടുക്കാനാണ് അബ്ദൂന് അപ്പൊ തോന്നിയത്... "ശശിയേട്ടാ ഗംഭീരായിരിക്കണ്... ഇങ്ങള്
അപ്പറഞ്ഞത് ഉഷാറായി... അല്ലപിന്നെ, രാവിലെ തന്നെ ഓരോരുത്തര് ഇറങ്ങിക്കോളും
ചൊറിയാനായി.."....
കത്ത് സോര്‍ട്ടിംഗ് കഴിഞ്ഞപ്പോഴേക്കും മണി 10.30 ആയി.. ഇനി ഇറങ്ങണം
കളിക്കളത്തിലേക്ക് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അടുത്ത പണി അബ്ദൂനെ തേടി മേശയ്ക്ക്
മുന്നിലെത്തിയത്.. ഈ എടുത്താല്‍ പൊങ്ങാത്ത ലോഡിന്‍റെ ഇടയ്ക്ക് കൂനിന്മേല്‍
കുരുവേന്നോണം ദാ സര്‍വീസ് പെന്‍ഷന്‍ മണി ഓഡറും വന്നിരിക്കുന്നു.. "ഇതിന് വരാന്‍ കണ്ട
സമയം.... പണ്ടാറടക്കാന്‍...".. അബ്ദൂന് ഹാലിളകി.. വന്നതത്രയും ഇന്ന്
ചേര്‍ത്തിക്കൊണ്ടുപോയില്ലേല്‍ മാഷ് ചെവിക്കു സ്വൈര്യം തരില്ലാന്ന്‍ അയാള്‍ക്കറിയാം.. ചെറിയ
തോതില്‍ മാഷെ ഒന്ന് ശപിച്ചുകൊണ്ടാണേലും വന്ന മണി ഓര്‍ഡര്‍ മൊത്തം അബ്ദു
ചേര്‍ത്തെടുത്തു.. അതിന്‍റെ പൈസേം വാങ്ങി ഇറങ്ങിയപ്പോഴേക്കും മണി 11 അടിച്ചു.. "ഒരു
ചായ കുടിക്കണംന്ന് വിചാരിച്ചിരുന്നതാ.. ഇനി അതിന് നിന്നാല്‍ പിന്നേം വൈകും..".. അതോണ്ട്
ചായേം ചോറും ഒരുമിച്ചാകാം എന്ന് തീരുമാനിച്ച് ഇന്ത്യാപോസ്റ്റിന്റെ ചിഹ്നം പതിച്ച തന്റെ
ചുവന്ന തോള്‍സഞ്ചിയും കൈ നിറയെ പുസ്തകകെട്ടുകളുമായി അബ്ദു ഓഫീസില്‍ നിന്നിറങ്ങി..
പോകുന്ന വഴിയനുസരിച്ചു ക്രമപ്പെടുത്തിയ കത്തുകളും ബുക്കുകളും ഓരോന്നായി കൊടുത്തു
അബ്ദു മുന്നേറി... മെയ്വഴക്കമുള്ള ഒരു അഭ്യാസിയെപ്പോലെ.. മഴ അബ്ദൂനോട് തോറ്റ് ഇപ്പൊ
ഇത്തിരി പിന്മാറിയിട്ടുണ്ട്.. ഇളം വെയിലേറ്റ് അബ്ദൂന്‍റെ മൊട്ടത്തല തിളങ്ങിത്തുടങ്ങി.. അയാള്‍
തന്‍റെ കാലന്‍ കുടമടക്കി കോളറില്‍ തൂക്കി..
"ഇവിടാരുല്ലേ..??.. ".. അബ്ദു ഇത്തിരി ഉച്ചത്തില്‍ ചോദിച്ചു.. ഇത് മ്മടെ
ഗോവിന്ദന്‍നായരുടെ വീടാണ്.. മൂപ്പര് ട്രഷറിയില്‍ എന്തോ വല്ല്യ ഉദ്യോഗസ്ഥാനത്തൂന്ന്‍
പിരിഞ്ഞയാളാണ്.. ഇപ്പൊ ഏകദേശം വിസ കിട്ടാറായി.. അന്ന് പണിയെടുതത്തിന്‍റെ കിമ്പളം
കൊടുക്കാനാണ് അബ്ദു ഇപ്പൊ ഇവിടെയെത്തിയത്.. കിമ്പളം എന്നുദ്ദേശിച്ചത് സര്‍വീസ്
പെന്‍ഷന്‍ ആണ് ട്ടോ.. ഏകദേശം 'ഇരുപതിനായിരത്തോളം" രൂപയുണ്ട് മൂപ്പര്‍ക്ക് വാങ്ങാന്‍..
അതായത് നാല് മണി ഓര്‍ഡര്‍ ഫോമുകള്‍.. " എനിപ്പോ ഇതൊക്കെ പൂരിപ്പിച്ച് എപ്പോഴാ
എന്റെ പടച്ചോനെ ഇവിടുന്ന് തടി കൈച്ചലാക്കാന്‍ ആവ്വ്വാ..".. അബ്ദു മനസ്സില്‍ പറഞ്ഞു..
അബ്ദു ഇങ്ങനെ ചിന്തിക്കാന്‍ കാരണമുണ്ട് ട്ടോ... ഗോവിന്ദന്‍ നായര്‍ക്ക് ഒരു വിശേഷാല്‍
സ്വഭാവമുണ്ട്.. "signature of postman" എന്ന ഭാഗമൊഴിച്ച് മണി ഓര്‍ഡര്‍ ഫോമിലെ ബാകി
മുഴുവന്‍ കെടുതാപ്പികളും മൂപ്പര്‍ക്ക് തന്നെ എഴുതണം.. അത് നിര്‍ബന്ധാണ്.. എഴുത്തിന്റെ
കാര്യം പിന്നെ പറയ്യേം വേണ്ട.. പ്രായം തളര്‍ത്തിയ ഒച്ചിന്‍റെ വേഗത്തില്‍; അതും ഒരു
വാക്കെഴുതിയാല്‍ പിന്നൊരു രണ്ട് മിനുട്ട് വര്‍ത്താനം... അതാണ് "ഗോവിന്ദന്‍ നായര്‍ സ്റ്റൈല്‍"...
വാതില്‍ തുറന്ന് ഇറങ്ങിവന്നത് നായര്‍ തന്നെയാണ്.. എണ്ണ തേച്ചുമിനുക്കിയ തന്റെ "സിക്സ്
പാക്ക്" ബോഡിയും കാണിച്ചു നായര്‍ അബ്ദൂനോടായ് പറഞ്ഞു.. " അല്ല ആരിത് അബ്ദ്വോ..!!
മ്മളെ പെന്‍ഷന്‍ വന്നിട്ടുണ്ടാവും ലെ..??.. ഞാനിപ്പൊ ഇതിന്‍റെ കാര്യോം പറഞ്ഞു
ഓഫീസിലേക്ക് വിളിക്കാന്‍ തുടങ്ങുവായിരുന്നു.. ഇന്നിപ്പോ 8 ആയില്ലേ തീയതി..!! എന്തേ ഇത്രേം
വൈകുന്നേന്നു അറിയാനായിട്ട്.... ".....
" ഹം.... പിന്നേ.. ഇങ്ങേര്‍ക്ക് ഈ പൈസകിട്ടി അരിമേടിച്ചിട്ട് വേണ്ടേ കഞ്ഞിവച്ച് കുടിക്കാന്‍....
അറുപിശുക്കന്‍...".. അബ്ദു തന്റെ സ്ഥിരം ശൈലിയില്‍ പിറുപിറുത്തു.. "അബ്ദ്വോ. ഇഞ്ഞ്
എന്തേലും പറഞ്ഞോ എന്നോട്..?".... "ഹേയ്... ഇല്ല നായരേ... അല്ല ഞാന്‍ ഈ മണി ഓര്‍ഡര്‍
ഒന്ന് ഒപ്പിട്ടു കിട്ട്യാല്‍ എനിക്കങ്ങോട്ട് പോവായിരുന്നു പറയുവായിരുന്നു.."..
" ഹാ... ഇഞ്ഞൊരു കാര്യം ചെയ്യ്. ദാ ഈ പേപ്പര്‍ ഒന്ന് വായിക്ക്.. അപ്പോഴേക്കും ഞാന്‍
പോയി ശറേന്നു വരാം.. മേല് എണ്ണ തെച്ചുപോയി.. എനിപ്പോ കുളിക്കാണ്ടെങ്ങനെയാ..".. ഇതും
പറഞ്ഞു നായര്‍ അകത്തേക്ക് കേറിപ്പോയി.. "പടച്ചോനെ പെട്ടല്ലോ... അയാള്‍ടെ ഒരു കുളീം
തെവാരോം.... എണ്ണേലിട്ട് മുങ്ങിക്കുളിച്ചിട്ട് ഇങ്ങേര്‍ക്ക് കളരിപ്പയറ്റിനു പോകാനുണ്ടോ ഈ
വയസ്സാങ്കാലത്ത്..?... വരുന്നത് വരെ ഇരിക്കാതെ വേറെ രക്ഷയില്ല.. ഇനി എങ്ങാനും ഇവിടുന്ന്
ഇറങ്ങി തടി തപ്പിയാല്‍ സുപ്രണ്ടിനെ വരെ വിളിച്ചു ഇതൊരു ആനക്കാര്യമാക്കി ചെലപ്പോ
എന്‍റെ പണി വരെ ഇമ്മനുഷ്യന്‍ തെറുപ്പിക്കും" എന്നൊക്കെ മനസ്സില്‍ ചിന്തിച്ച് അബ്ദു പത്രം
നിവര്‍ത്തി.. അങ്ങനേലും ഞാന്‍ പേയ്പ്പര്‍ ഒന്ന് വായിക്കട്ടെ"..അബ്ദു ഊറിച്ചിരിച്ചു..
ഗോവിന്ദന്‍ നായരുടെ വീട്ടില്‍ നിന്നും പിടിവിട്ടുപോരാന്‍ ഏകദേശം ഒരു
മണിക്കൂറെടുത്തു..അയാളുടെ കുളീം ജപോം കണക്കുകൂട്ടലും എഴുത്തും ഒക്കെക്കൂടെ അബ്ദൂനെ
ഭ്രാന്തുപിടിപ്പിച്ചിട്ടുണ്ട്.. വീട്ടിന്നു ഇറങ്ങി ഗേറ്റ് കടക്കുന്നതിനുമുമ്പ് നായര്‍ കീശയില്‍
തിരുകിത്തന്ന നോട്ടെടുത്ത് അബ്ദു നോക്കി.. " ഓ... 10 ഉലുവ...അറക്കീസ്..!!!. ഇരുപതിനായിരം
എണ്ണി വാങ്ങീട്ട് 10 കുറുപ്പികയാ തന്നത്...".. ഒരു 50 ഉറുപ്പ്യ, അല്ലെങ്കില്‍ ഒരു 100 ഉറുപ്പ്യ
ഇപ്പ്രാവശ്യമെങ്കിലും അബ്ദു പ്രതീക്ഷിച്ചതായിരുന്നു... പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞ് പതിവ് 10
രൂപ കണ്ടപ്പോഴുള്ള 'ശുണ്ടി'യാണ് ഇത്തിരി നേരത്തെ അബ്ദു പ്രകടിപ്പിച്ചത്.. " അടുത്ത
പെന്‍ഷന്‍ വരട്ടെ മൂപ്പിലാന്നേ.. ഇങ്ങള്‍ക്ക് ഞാന്‍ വരുന്നതിനേക്കാള്‍ വേഗം പൈസ
വീട്ടിലെത്തിച്ചു തരാം ട്ടോ..".. പിറുപിറുത്തോണ്ട് നായരോടുള്ള ദേഷ്യം അങ്ങേരുടെ മുറ്റത്ത്
രണ്ട് ചവിട്ടിന്റെ രൂപത്തില്‍ തീര്‍ത്ത് ഗേറ്റും വലിച്ചടച്ച് അബ്ദു പിന്നേം നടന്നു...
"സുരേഷേ..!!.. എടാ...!!."... അബ്ദൂന്‍റെ വിളികേട്ടു ഇറങ്ങിവന്നത് അവന്‍റെ അമ്മയാണ്...
"രമണിയേ.. മോനില്ലേ ഇവിടെ... ??.. ഓനൊരു രെജിസ്റ്റേര്‍ഡ് കത്തുണ്ടല്ലോ.."...
"ചെക്കന്‍ അപ്പറത്തെ പെരേലാ.. ഇങ്ങളിരിക്കീ.. ഞാന്‍ പോയി വിളിക്കട്ടെ.. ".. രമണി മോനെ
വിളിക്കാന്‍ പോയി.. കോലായില്‍ കേറി കസേരയിലിരുന്നോണ്ട് അബ്ദു വീടിന്റെ ചുമരിലേക്കു
നോക്കി.. നിറയെ ദൈവങ്ങള്‍.... ശിവനും കൃഷ്ണും, ലക്ഷ്മിയും യേശുവും.. സകലരും ഉണ്ട്....
ഫോട്ടോ നോക്കി ഭംഗി ആസ്വദിച്ചോണ്ടിരികെ അബ്ദുന്റെ മൊട്ടത്തല ചെറുതായൊന്നു നനഞ്ഞു..
അതൊന്നു തുടയ്ക്കുംമ്പോഴേക്കും വീണ്ടും... പുറത്ത് പിന്നേം മഴ തുടങ്ങിയിരിക്കുന്നു;
അകത്തും..... ഒരു തുള്ളിപോലും പുറത്തുപോകാതെ മഴ വീടിനകത്തും ഉഷാറായി
പെയ്യുന്നുണ്ട്... "പാവങ്ങള്‍.... ഈ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ എങ്ങനെയാണാവോ ഇവര്
കഴിച്ചുകൂട്ടുന്നേ??".. അബ്ദു ഓര്‍ത്തു... " അല്ല പടച്ചോന്മാരേ, ഇങ്ങള് ഇത്രേം പേരുണ്ടായിട്ടും
ആരും ഇതൊന്നും കാണുന്നില്ലേ??... നാഥനില്ലാത്ത കുടുംബല്ലേ ഇത്.. ഇങ്ങക്കൊന്നു
കണ്ണുതുറന്നൂടെ??.. എല്ലാ പടച്ചോന്മാരോടുമായി അബ്ദു ചോദിച്ചു... ഇതിനിടയില്‍ സുരേഷിന്‍റെ
"അബ്ദുക്കാ" വിളി അബ്ദൂനെ പടച്ചോന്മാരുടെ അടുത്തൂന്നും ചര്‍ച്ച മതിയാക്കി പോരാന്‍
നിര്‍ബന്ധിതനാക്കി... "ഹാ.. നീ വന്നോ??.. ദാ ഇവിടൊരു ഒപ്പിട്ടു ഈ കത്തങ്ങോട്ടു
വാങ്ങിച്ചേ....".. അവന്റെ ഒപ്പും വാങ്ങി ആ വീടിന്‍റെ പടി ഇറങ്ങുന്നേരം സുരേഷിന്‍റെ
"അബ്ദൂക്കാ" വിളി പിന്നേം അബ്ദൂനെ തടഞ്ഞുനിര്‍ത്തി... "ഇക്കാ. പോകല്ലേ.. ഇങ്ങോട്ട് വാ..".
അബ്ദൂനെ സുരേഷ് തിരിച്ചുവിളിച്ചു..... എന്താണപ്പാ കാര്യം??? ഇനി ഇവിടേം പെട്ട് പോവ്വ്വോ
എന്നൊക്കെ ചിന്തിച്ചോണ്ട് മടങ്ങിച്ചെന്ന അബ്ദൂനെ കെട്ടിപ്പിടിച്ചു അയാള്‍ടെ മൊട്ടത്തലയില്‍ ഒരു
മുത്തം കൊടുത്തോണ്ട് സുരേഷ് പറഞ്ഞു.. " എനിക്ക് ജോലി കിട്ടി അബ്ദൂക്കാ."... ഒന്നും
മനസ്സിലാവാതെ തെല്ലൊന്നു തരിച്ചുനിന്ന അബ്ദൂടെ മുഖം പെട്ടെന്നു സന്തോഷം കൊണ്ട് വിടര്‍ന്നു.
ഒപ്പം രമണിയുടെയും.. "ഏഹ്.... ഞാനൊന്ന് പറഞ്ഞു നാക്ക് വായിലിടുംമ്പോഴേക്കും ഇങ്ങള്
കണ്ണുതുറന്നോ പടച്ചോന്മാരേ??".. അബ്ദു മനസ്സില്‍ ദൈവങ്ങളോടായ് ചോദിച്ചു... "ഞാന്‍
പറയാറില്ലേ മോനെ ഇങ്ങക്കൊരു നല്ലകാലം വരുംന്ന്.. ഇപ്പൊ എന്തായി.??.. ആട്ടെ, എന്താ
മൊനെ ജോലി??. "....
"ഡയറി ഡിപ്പാര്‍ട്ട്മെന്‍റില്‍ UD ക്ലാര്‍ക്ക് ആയിട്ടാണ്.. ഈ വരുന്ന 24ആം തീയതിക്കകം ജോയിന്‍
ചെയ്യണം... അതിന്റെ പോസ്റ്റിങ്ങ് ഓര്‍ഡര്‍ ആണ് ഇക്കാ ഇത്..".. അമ്മയെ കെട്ടിപ്പിടിച്ചു
സുരേഷ് പറഞ്ഞു..
ഇതൊക്കെ കേട്ടപ്പോഴേക്കും രമണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു...
"അല്ലാ.. ദാ ഇപ്പൊ നന്നായേ.. മോന് ഒരു പണി കിട്ടി സന്തോഷിക്കേണ്ട സമയത്ത്
ഇഞ്ഞിങ്ങനെ കരഞ്ഞ് ഒനേം കൂടെ സങ്കടപ്പെടുത്താതെ രമണിയേ.. പോയി ഈ സന്തോഷ
വര്‍ത്താനം എല്ലാരേം അറിയിച്ചേ...".. അമിത സന്തോഷത്താല്‍ സങ്കടമയമായിത്തീര്‍ന്ന
അന്തരീക്ഷത്തെ ഒന്ന് തണുപ്പിക്കനെന്നോണം അബ്ദു രമണിയെ അകത്തേക്ക് പറഞ്ഞു വിട്ടു...
"സുരേഷേ, ഞാന്‍ പോട്ടെ മോനേ.. ഇഞ്ഞ് കണ്ടില്ലേ കെട്ടുകണക്കിന് ബാക്കിയാ കൊടുക്കാന്‍..
ഇനിക്ക് പൈസേന്റെ വല്ല്യ ആവശ്യോം ഉണ്ടോ??... മുന്‍പേ കുറെ തരാനുണ്ടല്ലോ വിചാരിച്ചു
ചോദിക്കാന്‍ മടിക്കണ്ട... ജോയിന്‍ ചെയ്യാന്‍ പോവുമ്പൊക്കെ അത്യാവശ്യം പൈസ കയ്യില്‍
കരുതണം ട്ടോ.. ഇഞ്ഞ് നാളെ ഓഫീസിലേക്ക് വാ..."..ശമ്പളം എന്ന രൂപത്തില്‍ കിട്ടിയ ചില്ലറ
പൈസ കയ്യിലുള്ള ധൈര്യത്തിലാണ് സുരേഷിനോട് അബ്ദു ഈ ഡയലോഗ് അടിച്ചത്....
വീടിന്‍റെ പൊട്ടിയ ഓട് മാറിവയ്ക്കാന്‍ കരുതിവച്ചതായിരുന്നു ഈ മാസത്തെ ശമ്പളം..
"ഓടിനേക്കാള്‍ വലുതാണല്ലോ ഒരു ചെക്കന്‍റെ ഭാവി.. അതോണ്ട് അതാദ്യം നടക്കട്ടെ"... അവരുടെ
സന്തോഷത്തിന് താന്‍ കൂടെ കാരണക്കാരനായത്തിന്‍റെ കൃതക്ഞതയോടെ ആ വീടിന്റെ
പടിയിറങ്ങുമ്പോള്‍ അബ്ദു മനസ്സില്‍ ചിന്തിച്ചത് ഇതായിരുന്നു...
കറങ്ങിത്തിരിഞ്ഞ് തന്നാല്‍ കഴിയുംവിധം കത്തുകളും ബുക്കുകളും കൊടുത്ത്
ഓഫീസിലെത്തിയപ്പോഴേക്കും സമയം 3 മണി.. തന്റെ പ്രിയ പത്നി രാവിലെ
വച്ചുണ്ടാക്കിത്തന്ന ഒരുപിടി വറ്റ് ആര്‍ത്തിയോടെ വാരിത്തിന്നുമ്പോള്‍ അബ്ദൂടെ മനസ്സുനിറയെ
ഇന്ന് തന്‍റെ വഴികളിലൂടെ കടന്നുപോയ കാഴ്ച്ചകളും അനുഭവങ്ങളും ആയിരുന്നു... ഒരു
പോസ്റ്റ്മാന്‍ അദ്ദേഹത്തിന്റെ ബീറ്റിലെ ഓരോ കുടുംബത്തിലെയും അംഗമാണ്.. അവരുടെ
ദു:ഖങ്ങളിലും അവരുടെ സന്തോഷങ്ങളിലും അറിയാതെയെങ്കിലും അയാളും പങ്കാളിയാവുന്നു..
പെന്‍ഷന്‍ പൈസയ്ക്ക് വന്ന പാത്തുമ്മയുടെ ദയനീയ മുഖം, വഴിമുട്ടിയ ജീവിതത്തെ നേരിടാന്‍
ഒരു ജോലി കിട്ടിയതിന്‍റെ സന്തോഷത്തില്‍ തിളങ്ങിനില്‍ക്കുന്ന അമ്മയുടെയും മകന്‍റെയും
മുഖങ്ങള്‍, അഹങ്കാരത്തിന്‍റെയും ഗര്‍വ്വിന്‍റെയും അന്ന് കണ്ട മറ്റനേകം മുഖങ്ങള്‍; അങ്ങനെ
ഒന്നൊന്നായി അബ്ദൂന്‍റെ മനസ്സിലൂടെ കടന്നുപോയി... എന്നത്തേയും പോലെ അബ്ദു ഇന്നും
സംതൃപ്തനാണ്...എന്തൊക്കെയോ ചെയ്യാന്‍ കഴിഞ്ഞതിന്‍റെ കൃതക്ഞത... നാളെ തനിക്കു
ഇനിയും ഏറെ ചെയ്യാനുണ്ട്.. ഒത്തിരിപ്പേരുടെ പ്രതീക്ഷകളും കാത്തിരിപ്പുമാണ് താന്‍...
നല്ലൊരു നാളെയെ പ്രതീക്ഷിച്ചുകൊണ്ട് അബ്ദു തന്‍റെ തോള്‍സഞ്ചിയുമെടുത്ത് ഓഫീസില്‍
നിന്നിറങ്ങി... മഴ അപ്പോഴും ചിനുങ്ങി പെയ്യുന്നുണ്ടായിരുന്നു...